അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുന്നതിനു മുൻപ് തടയാൻ ബാങ്കുകൾക്ക് സംവിധാനമുണ്ടകണം

രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പ്രശ്നം അവസാനിച്ചെന്നു പറയാറായിട്ടില്ല. വയോധികരടക്കമുള്ളവർ ഇതിനിരയായി ജീവിതകാലസമ്പാദ്യംതന്നെ നഷ്ടപ്പെടുത്തുകയാണ്. ചതിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ വിദ്യാസമ്പന്നരും പ്രൊഫഷണലുകളുമൊക്കെയുണ്ട്. ഉന്നമിടുന്നവരുടെ വ്യക്തിവിവരങ്ങൾ മുൻകൂട്ടി ശേഖരിച്ച്, വിശ്വാസംജനിപ്പിക്കുന്ന രീതിയിലാണ് തട്ടിപ്പുസംഘങ്ങൾ കരുനീക്കുന്നത്. പത്രപാരായണശീലമില്ലാത്തതും സാമൂഹികമാധ്യമങ്ങളിൽ ഏറെനേരം ചെലവിടുന്നതുമൊക്കെ ഓൺലൈൻ ചതിവലകളിൽപെടുന്നതിനു കാരണങ്ങളാണ്. പത്രങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളെപ്പറ്റി വാർത്തകളും ജാഗ്രതാ കാംപെയിനുകളുമൊക്കെ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകൾ മുറപോലെ നടക്കുന്നു.
കഴിഞ്ഞദിവസം സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെട്ടു. ഡിജിറ്റൽ തട്ടിപ്പിനിരയായവരുടെ സാമ്പത്തികനഷ്ടം നികത്തുന്നതിൽ ബാങ്കുകളെ ഉത്തരവാദികളാക്കണമെന്നു വാക്കാൽ നിരീക്ഷിച്ചു. സാമ്പത്തികസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവുമൂലമാണ് തട്ടിപ്പുനടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ നഷ്ടമായ തുകയെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരമായി ലഭിക്കണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. സൈബർ തട്ടിപ്പുകൾ പകുതിയോളം കുറഞ്ഞിട്ടുണ്ടെങ്കിലും ഈവർഷം ഇതുവരെ 800 കോടി രൂപയാണ് ഇരകൾക്ക് നഷ്ടമായതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് കൊണ്ടുവരാൻപോകുന്ന നിയന്ത്രണചട്ടക്കൂടിൽ നഷ്ടപരിഹാരം, തട്ടിപ്പ് തടയൽ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം എന്നിവസംബന്ധിച്ച വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾക്കുമേൽ ബാധ്യതചുമത്തുന്ന വ്യവസ്ഥ നിർദിഷ്ട ചട്ടക്കൂടിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവിലൂടെ തങ്ങൾക്കത് ചെയ്യേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ് വിഷയത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഒരു വ്യക്തിയുടെ അക്കൗണ്ടിൽനിന്ന് അയാൾ സാധാരണയായി ചെയ്യാത്തവിധം വലിയൊരു തുകയുടെ കൈമാറ്റം കണ്ടാൽ എന്തുകൊണ്ടാണ് ബാങ്കുകൾ ഇടപെടാത്തതെന്ന പ്രസക്തമായ ചോദ്യം ചീഫ് ജസ്റ്റിസ് ഉന്നയിച്ചു. അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുന്നതിനുമുൻപ് തടയാൻ എന്തെങ്കിലും സംവിധാനം ബാങ്കുകൾക്കുണ്ടാകണമെന്നും നിരീക്ഷിച്ചു. വിദ്യാഭ്യാസമുള്ളവർപോലും ‘മൊബൈൽ ഫോണിലൂടെ അറസ്റ്റ്’ ചെയ്യപ്പെടുന്നതിൽ സുപ്രീംകോടതി അദ്ഭുതംപ്രകടിപ്പിക്കുകയുംചെയ്തു.
ഡിജിറ്റൽ അറസ്റ്റ് എന്നൊരു അറസ്റ്റ് ഇല്ല എന്ന് ഇനിയെങ്കിലും നാമോരോരുത്തരും മനസ്സിലാക്കണം. പോലീസടക്കമുള്ള അന്വേഷണ ഏജൻസികൾ നമ്മുടെ പണം ഏതെങ്കിലും അക്കൗണ്ടിലേക്കു മാറ്റാൻ ആവശ്യപ്പെടില്ല. കോടതിയും പണം അയക്കാൻ ആവശ്യപ്പെടില്ല. അപരിചിത നമ്പരുകളിൽനിന്നുള്ള കോളുകൾ സ്വീകരിക്കുമ്പോൾ വളരെ ജാഗ്രതപുലർത്തേണ്ടതുണ്ട്. അപരിചിത നമ്പരുകളിൽനിന്നുള്ള വീഡിയോ കോളുകൾ എടുക്കാതിരിക്കുന്നതാണു നല്ലത്. വാട്സാപ്പിൽ ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകൾ തുറക്കരുത്. അത്തരം ലിങ്കുകളിൽ നമ്മുടെ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തുകയുമരുത്. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽത്തന്നെ വലിയൊരു പരിധിവരെ, ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാം. റിസർവ് ബാങ്കിന്റെ നിയന്ത്രണ ചട്ടക്കൂട് പ്രാബല്യത്തിലാകുന്നതോടെ വാണിജ്യബാങ്കുകൾ ഇക്കാര്യത്തിൽ കുറെക്കൂടി ഉത്തരവാദിത്വം പുലർത്തുമെന്നും പ്രതീക്ഷിക്കാം.
Published: 30 Oct 2026, 11:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented