ഹിന്ദുത്വരാഷ്ട്രീയത്തിന് മഹാത്മാഗാന്ധിയോടുള്ള അതേ പകയാണ് ജവാഹർലാൽ നെഹ്റുവിനോടുമുള്ളത്

നിലവിലെ കേന്ദ്രസർക്കാരിനും അതിനെ നയിക്കുന്ന ബി.ജെ.പി.ക്കും ആദ്യപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനോടുള്ള അരിശം തീരുന്നില്ല. വർത്തമാനകാലത്ത് ഇന്ത്യനേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ നെഹ്റുവാണെന്നമട്ടിലാണ് ബി.ജെ.പി.യുടെ പ്രചാരണയന്ത്രങ്ങൾ കഴിഞ്ഞ കുറെവർഷങ്ങളായി കഥ മെനയുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ നെഹ്റുവിനെ പഴിക്കുന്നതും പരിഹസിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടശീലമാണ്. തന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായ രാഹുൽഗാന്ധി ആദ്യപ്രധാനമന്ത്രിയുടെ പ്രപൗത്രനാണെന്നതുകൊണ്ട് മോദിയെസംബന്ധിച്ച് അതൊരു പ്രായോഗിക അടവായിരിക്കാം. പക്ഷേ, നെഹ്റുവിനോടുള്ള ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും വിദ്വേഷത്തിന് അതിനെക്കാളൊക്കെ എത്രയോ ആഴത്തിലുള്ള പ്രത്യയശാസ്ത്രകാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ, നെഹ്റുവിന്റെ സ്മരണയെയും പൈതൃകത്തെയും അപഹസിക്കാനും ആവുന്നത്ര അദൃശ്യമാക്കാനുമുള്ള പരിശ്രമത്തിലാണ് അവർ. കേന്ദ്രഭരണം അവർക്ക് അതിന് അവസരങ്ങൾ തുറന്നുനൽകുകയുംചെയ്യുന്നു.
ഇപ്പോഴിതാ, നെഹ്റുവിന്റെ സ്മരണയിൽ പതിറ്റാണ്ടുകളായി നടത്തിവരുന്ന സഹകരണവാരാഘോഷം നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സമീപകാലത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കുകയും ആ പദ്ധതിതന്നെ ഉടച്ചുവാർക്കുകയുംചെയ്ത കേന്ദ്രനടപടിയെ ഇത് ഓർമ്മിപ്പിക്കുന്നുണ്ട്. സഹകരണപ്രസ്ഥാനം പ്രാദേശിക-ഗ്രാമീണ വികസനത്തിന് വഴിതുറക്കുമെന്നുവാദിച്ച നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14-ന് തുടങ്ങി 20 വരെയാണ് വാരാഘോഷം നടത്താറുള്ളത്. പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇത്തവണമുതൽ വാരാഘോഷം വേണ്ടെന്നാണ് തീരുമാനം.
2021 ജൂലായ് ആറിനാണ് കേന്ദ്രത്തിൽ ആദ്യമായി സഹകരണമന്ത്രാലയം രൂപവത്കരിച്ചത്. ഈ വർഷംമുതൽ, മന്ത്രാലയം രൂപവത്കരിച്ചത് അടിസ്ഥാനമാക്കി വാരാഘോഷം നടത്തിയാൽമതിയെന്നാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ദേശീയ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ജൂലായിൽ ഒരാഴ്ചത്തെ സഹകരണ ആഘോഷം പരിമിതമായി സംഘടിപ്പിച്ചിരുന്നു. ജൂലായിൽ വാരാചരണം നടന്നതിനാൽ ഇനി വേണ്ടെന്ന അനൗദ്യോഗിക നിർദേശമാണ് ദേശീയ യൂണിയൻ നേതൃത്വത്തിൽനിന്നുള്ളത്. എന്നാൽ, കേരളത്തിൽ ഇത്തവണയും നവംബറിൽ വാരാഘോഷം നടത്താനാണ് സംസ്ഥാന സഹകരണ യൂണിയന്റെ തീരുമാനം.
ഹിന്ദുത്വരാഷ്ട്രീയത്തിന് മഹാത്മാഗാന്ധിയോടുള്ള അതേ പകയാണ് ജവാഹർലാൽ നെഹ്റുവിനോടുമുള്ളത്. 1915-ലെ ഗാന്ധിജിയുടെ ഇന്ത്യൻ ആഗമനം തങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങളെ തകിടംമറിച്ചെന്ന കുണ്ഠിതമാണ് ഹിന്ദുത്വപ്രസ്ഥാനങ്ങൾക്ക് എക്കാലവുമുള്ളത്. മതനിരപേക്ഷതയോടുള്ള ഒടുങ്ങാത്ത പ്രതിജ്ഞാബദ്ധതയാണ് നെഹ്റുവിനെ അവർക്ക് അനഭിമതനാക്കുന്നത്. ‘വിദ്യാഭ്യാസംകൊണ്ട് ഇംഗ്ലീഷുകാരനും സംസ്കാരംകൊണ്ട് മുസ്ലിമും ജന്മംകൊണ്ട് ആകസ്മികമായിമാത്രം ഹിന്ദുവും’ എന്ന് നെഹ്റുവിനെ ഹിന്ദുമഹാസഭാനേതാവ് എൻ.ബി. ഖരെ ശകാരിച്ചത് ഈ അരിശംകാരണമാണ്. ഗാന്ധിജിയെയും നെഹ്റുവിനെയും മൗലാനാ ആസാദിനെയുംപോലുള്ള നേതാക്കൾ ഉണ്ടായിരുന്നതുകൊണ്ടാണ് 1947-ലെ രാഷ്ട്രവിഭജനത്തിന്റെ മുറിവുകൾ ഇന്ത്യക്ക് അതിജീവിക്കാനായത്. 1951-ലെ എ.ഐ.സി.സി. സമ്മേളനത്തിൽ നെഹ്റു പറഞ്ഞു: “ഒറ്റ കോൺഗ്രസുകാരന്റെയും മനസ്സിൽ സംശയം അവശേഷിക്കാത്തവിധത്തിൽ ഞാൻ തെളിച്ചുപറയട്ടെ, മരണംവരെയും നാമൊരു മതനിരപേക്ഷരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളും.” ഇതാണ് ബി.ജെ.പി. മറയ്ക്കാനും മായ്ക്കാനും ആഗ്രഹിക്കുന്ന നെഹ്റുപൈതൃകം.
Published: 29 Oct 2026, 11:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented