അടൂർ: മഴപെയ്താൽ കുടയെടുക്കേണ്ടത് പുറത്തേക്ക് പോകാൻ മാത്രമല്ല, ഓഫീസിനുള്ളിൽ വെള്ളം വീഴാതിരിക്കാൻ കൂടിയായിരുന്നു. ചോർന്നൊലിക്കുന്ന മേൽക്കൂരയും വെള്ളക്കെട്ടും കാരണം ദുരിതത്തിലായിരുന്ന അടൂർ നഗരഹൃദയത്തിലെ റവന്യൂ ടവറിന് ഒടുവിൽ ആശ്വാസം. ടവറിന്റെ മുകൾനിലയിലെ ഷീറ്റ് പാകിയ മേൽക്കൂര അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചതോടെ വർഷങ്ങളായുള്ള ചോർച്ചയ്ക്ക് പരിഹാരമായി.

To advertise here,

കുറച്ചുവർഷങ്ങളായി മഴക്കാലമായാൽ റവന്യൂ ടവറിന്റെ മുകൾനിലയിലെ മേൽക്കൂരയിലൂടെ വെള്ളം അകത്തേക്ക് ഒഴുകിയിറങ്ങുന്നത് പതിവായിരുന്നു. ഭിത്തികളിലൂടെ താഴത്തെ നിലകളിലേക്ക് വെള്ളം ഒലിച്ചിറങ്ങുകയും പല നിലകളിലെയും വരാന്തകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും താഴത്തെ നിലയിലായിരുന്നു ദുരിതം രൂക്ഷം. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് ഒഴുകി മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തുമായിരുന്നു. വെള്ളം കയറിയതോടെ ചിലർക്ക് ഓഫീസ് അടച്ചുപൂട്ടി പോകേണ്ട സാഹചര്യവുമുണ്ടായി.

മഴ പെയ്യുമ്പോൾ ഓഫീസുകളിലേക്ക് വെള്ളം കയറാതിരിക്കാൻ ടാർപ്പോളിൻ ഉപയോഗിച്ച് താത്കാലിക പ്രതിരോധം തീർക്കേണ്ട ഗതികേടിലായിരുന്നു ചിലർ. മേൽക്കൂരയുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ ഇത്തരം ദുരിതങ്ങൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഓഫീസ് ജീവനക്കാരും.

റവന്യൂ ടവറിൽ ഹൗസിങ് ബോർഡിന്റെ നേതൃത്വത്തിൽ 85 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണപ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ശൗചാലയങ്ങളുടെ നവീകരണം, ഗേറ്റ് സ്ഥാപിക്കൽ, വൈദ്യുതീകരണ ജോലികൾ, മാലിന്യം നിക്ഷേപിക്കുന്ന ടെന്റുകളുടെ അറ്റകുറ്റപ്പണി, മേൽക്കൂരയുടെ നവീകരണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ടവറിലെ ഡിവൈ.എസ്.പി. ഓഫീസിന്റെ ഭാഗത്ത് ഫെൻസിങ് സ്ഥാപിക്കുന്ന ജോലികളും അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

മേൽക്കൂരയിലെ ചോർച്ചയ്ക്ക് പരിഹാരമായതോടെ മഴക്കാലത്ത് വെള്ളക്കെട്ടും വെള്ളമൊലിപ്പും ഭയന്ന് കഴിയേണ്ട അവസ്ഥയ്ക്ക് മാറ്റമാകുമെന്ന പ്രതീക്ഷയിലാണ് റവന്യൂ ടവറിലെ സ്ഥാപനങ്ങളും ജീവനക്കാരും.