തിരുവല്ല : അറ്റകുറ്റപ്പണി ആവർത്തിച്ചിട്ടും അപകടം ഒഴിയാതെ രാമൻചിറ ബൈപ്പാസ് കവല. കുഴിയടയ്ക്കാനിട്ട മെറ്റൽ റോഡിലാകെ നിരന്നതാണ് പുതിയ പ്രശ്നം.

To advertise here,

ഇത്തവണ മഴക്കാലം തുടങ്ങിയതിനൊപ്പം, ബൈപ്പാസ് ചേരുന്ന ഭാഗത്ത് കുഴിയും രൂപപ്പെട്ടു. ജൂലായ് ആയതോടെ വലിയ കുഴിയായി. തുടർന്ന് പ്രതിഷേധമുയർന്നതോടെ, ഈ ഭാഗത്ത് കുഴിയടച്ചു. ഓഗസ്റ്റിൽ വീണ്ടും ഇളകി. വാർത്തകൾ വന്നതോടെ ടാർമിക്സ് ഇട്ട് അടച്ചു. വീണ്ടും കുഴിയായി. ടാറില്ലാത്ത മെറ്റലും പൊടിയും ചേർന്ന മിശ്രിതം കുഴിയിൽ നിരത്തി. അതാണിപ്പോൾ റോഡിലാകെ നിറഞ്ഞിരിക്കുന്നത്. കുഴിക്കുപുറത്ത് ടാറിങ് ഉള്ള ഭാഗത്തേക്ക് മെറ്റൽ നിരന്നതോടെ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടുമറിയുന്ന അവസ്ഥയായി. തിരുവല്ല റെയിൽവേ സ്റ്റേഷൻ ദിശയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് തിരിയുന്ന സിഗ്നലിന് സമീപമാണ് മെറ്റൽ ചിതറിക്കിടക്കുന്നത്.വലിയ വാഹനങ്ങൾ പോകുമ്പോൾ ടയറുകൾ കയറി മെറ്റൽ തെറിച്ച് കാൽനടക്കാരുടെയും മറ്റു വാഹനങ്ങളുടെയും മുകളിലേക്ക് പതിക്കുന്നത് പതിവാണ്. എം.സി. റോഡുഭാഗത്ത് ടൗണിലേക്കുള്ള കയറ്റം തുടങ്ങുന്നയിടത്ത് കൊരുപ്പുകട്ടകൾ ഇളകിക്കിടക്കുന്നതും പരിഹരിച്ചിട്ടില്ല. ദേശീയപാത അതോറിറ്റിയുടെ ചുമതലയിലുള്ള ഭാഗമായതിനാൽ പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണി ചെയ്യുന്നുമില്ല.