കടമ്പനാട് : ‘ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്’. പൊതുമരാമത്ത് റോഡരികിൽ എഴുതിവയ്ക്കുന്ന ഈ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ് ഏഴംകുളം-ഏനാത്ത്–കടമ്പനാട് മിനി ഹൈവേയിലെ വേമ്പനാട്ടഴികത്തെ കാഴ്ച. റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴികൾക്കരികിൽ നാട്ടുകാർ കാവലിരിക്കേണ്ട അവസ്ഥയാണ്.
വേമ്പനാട്ടഴികത്ത് വലിയ അപകടത്തിന് വഴിയൊരുക്കുന്ന രണ്ട് കുഴികളാണുള്ളത്. ഒന്ന് റോഡിന്റെ നടുവിലും മറ്റൊന്ന് റോഡരികിലുമാണ്. മണ്ണടിയിൽനിന്ന് കടമ്പനാട്ടേക്ക് വരുമ്പോൾ വളവ് പിന്നിട്ട ഉടൻ തന്നെയാണ് റോഡരികിലെ കുഴി. മഴയിൽ വെള്ളം നിറയുന്നതോടെ കുഴി വാഹനയാത്രികരുടെ ശ്രദ്ധയിൽപ്പെടാനും സാധ്യത കുറവാണ്. എതിരേവരുന്ന വാഹനത്തിന് സൈഡ് നൽകുമ്പോൾ ചക്രം കുഴിയിൽ വീഴാനും വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടാനും സാധ്യതയേറെയാണ്.
റോഡിന്റെ നടുവിലെ കുഴിയും സമാനമായ ഭീഷണിയാണ്. വാഹനങ്ങൾ കുഴിയിൽ ചാടുമ്പോഴുണ്ടാകുന്ന വലിയ ശബ്ദംകേട്ട് സമീപവാസികൾ പലപ്പോഴും അപകടം സംഭവിച്ചോയെന്ന് ഭയന്ന് ഓടിയെത്താറുണ്ട്. ഭാഗ്യംകൊണ്ടുമാത്രമാണ് ഇതുവരെ വലിയ അപകടമോ രക്തച്ചൊരിച്ചിലോ ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു. ചോര പൊടിഞ്ഞശേഷം കുഴിയടയ്ക്കുന്ന പതിവ് വേണ്ടെന്നും അപകടം ഉണ്ടാകുന്നതിന് മുമ്പുതന്നെ കുഴികൾ അടയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മാവണ്ണിലെ കുഴിയടച്ചു
മണ്ണടി മാവണ്ണിൽമുക്കിലെ വളവിലെ കുഴി അധികൃതർ അടച്ചു. കടമ്പനാട് ഗ്രാമപ്പഞ്ചായത്തംഗം സോമൻ മണ്ണടിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ മൂന്നിന് ‘മാതൃഭൂമി’ ഈ കുഴിയെ സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. മാവണ്ണിൽമുക്കിലെ കുഴിയടയ്ക്കുന്ന സമയത്ത് വേമ്പനാട്ടഴികത്തെ കുഴിയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സാധനസാമഗ്രികൾ ഇല്ലെന്ന മറുപടിയാണ് അധികൃതരിൽനിന്നു ലഭിച്ചതെന്ന് സോമൻ പറഞ്ഞു.നൂറുകണക്കിന് വാഹനങ്ങൾ ദിവസേന പോകുന്ന ഏനാത്ത്–കടമ്പനാട് റോഡിലെ കുഴികൾ സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റികളിൽ പലതവണ പരാതിയും പ്രമേയവും നൽകിയിട്ടും നടപടി വൈകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Published: 12 Sept 2026, 03:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented