മല്ലപ്പള്ളി: വെള്ളപ്പൊക്കം പലതവണ ആവർത്തിച്ചതോടെ മണിമലയാറിന്റെ മുഖച്ഛായ മാറി. മരങ്ങൾ കടപുഴകിയ തീരങ്ങൾ പലയിടത്തും ഇടിഞ്ഞുതാഴ്‌ന്നു. ബാക്കി നിൽക്കുന്നവയിൽ മാലിന്യം തോരണം ചാർത്തിയിരിക്കുന്നു. കുളിക്കടവുകളും വെള്ളം കയറിയ പുരയിടങ്ങളും ചെളി മൂടിയിരിക്കുകയാണ്. നദിയിലേക്ക് ഇറങ്ങാനാവാത്ത സ്ഥിതിയാണ് പലയിടത്തും.
മണ്ണ് മൂടിയ പൊതു കുളിക്കടവുകൾ നന്നാക്കാൻ നീക്കമില്ല. മണിമലയാറിന്റെ തീരത്തെ നിരവധി കടവുകളാണ് ഇത്തരത്തിൽ അനാഥമായി കിടക്കുന്നത്. ബുദ്ധിമുട്ട് സഹിച്ച് ഇവിടെ ഇറങ്ങുന്നവർ അപകടം കൂടാതെ മടങ്ങിയാൽ ഭാഗ്യമെന്ന് പറയാം. ത്രിതല പഞ്ചായത്തുകളുടെ ചെലവിൽ കല്ല് കെട്ടി സംരക്ഷിച്ചിരുന്ന കുളിസ്ഥലങ്ങളിൽ പലതും എക്കൽമണ്ണിനടിയിലായിക്കഴിഞ്ഞു. ചെളികെട്ടിക്കിടക്കുന്ന ഇവ വൃത്തിയാക്കിയാൽ മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ. വെള്ളപ്പൊക്കത്തിൽ തീരം തകർന്ന് ഒഴുകിയെത്തിയ അവശിഷ്ടങ്ങൾ തങ്ങിനിൽക്കുന്ന ഭാഗങ്ങളുമുണ്ട്.
പഞ്ചായത്ത് അംഗീകരിച്ച കടവുകൾപോലും ഇത്തരത്തിൽ അവഗണിക്കപ്പെട്ട് കിടക്കുന്നു. അധികൃതർ ശ്രദ്ധിക്കാത്തതിൽ പ്രതിഷേധിച്ച് കീഴ്വായ്പൂര് കൊച്ചില്ലത്ത് കടവ് ഗുണഭോക്താക്കൾ ചേർന്ന് ഏതാനും വർഷം മുൻപ് വൃത്തിയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടം വീണ്ടും പഴയപടി ആയിക്കഴിഞ്ഞു. മണിമലയാർ തീര സംരക്ഷണത്തിനായി 2016-ൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കിയിരുന്നു.
എന്നാൽ ജില്ലാ ആസൂത്രണസമിതിയുടെ അനുമതി ലഭിക്കാത്തതിനാൽ നടപ്പാക്കാനായില്ലെന്ന് അന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന കുഞ്ഞുകോശി പോൾ പറയുന്നു.
പമ്പാനദിയിലെ പൊതുകടവുകൾ നന്നാക്കാൻ രാജു എബ്രഹാം എം.എൽ.എ. ആയിരുന്നപ്പോൾ മുൻകൈ എടുത്ത് സംസ്ഥാന സർക്കാർ പദ്ധതിയിൽ തുക അനുവദിച്ചിരുന്നു. എന്നാൽ മണിമലയാറ്റിലെ കടവുകൾക്ക് അന്ന് ഈ ആനുകൂല്യം ലഭിച്ചിട്ടില്ല.
അയ്യപ്പഭക്തരുൾപ്പെടെ ആശ്രയിക്കുന്ന മല്ലപ്പള്ളി പൂവനക്കടവ് സംരക്ഷണമില്ലാതെ നശിക്കുന്നു.
ചെങ്ങന്നൂർ ക്ഷേത്രക്കടവിലെ പോലെ സ്റ്റീൽവേലികൾ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഇതുവരെ തുടർ നടപടിയില്ല.
സ്റ്റീൽവേലി നിർമിക്കണം
:അയ്യപ്പഭക്തരുൾപ്പെടെ ആശ്രയിക്കുന്ന മല്ലപ്പള്ളി പൂവനക്കടവ് സംരക്ഷിക്കണം. സ്റ്റീൽ വേലികൾ സ്ഥാപിക്കണം.
- രാജേഷ് ജി. നായർകിഴവറ, മല്ലപ്പള്ളി
Published: 12 Sept 2026, 03:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented