തിരുവല്ല : നഗരസഭാ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികളെ പിൻവലിച്ചതിനെത്തുടർന്നുള്ള തർക്കം മൂന്നാം കൗൺസിൽ യോഗത്തിലും വിവാദമായി തുടർന്നു. കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കാനെത്തിയ ചെയർപേഴ്‌സണെ ഹാളിലെ ഡയസിലേക്ക് കടക്കുന്നതിന് മുമ്പ് എൽ.ഡി.എഫ്. അംഗങ്ങൾ തടഞ്ഞുവെച്ചു. രാവിലെ 11 മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. ചെയർപേഴ്‌സൺ എസ്. ലേഖ യോഗത്തിലേക്ക് എത്തിയതോടെ എൽ.ഡി.എഫ്. കൗൺസിലർമാർ തടയുകയായിരുന്നു. തുടർന്ന് നടുത്തളത്തിൽ കസേരയിട്ടിരുന്ന് യോഗം ചേരാൻ ചെയർപേഴ്‌സൺ ശ്രമിച്ചെങ്കിലും നടന്നില്ല.

To advertise here,

രണ്ടരമണിക്കൂറോളം തർക്കം തുടർന്നു.

യോഗം ചേരാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട ചെയർപേഴ്‌സൺ പോലീസിൽ കത്തുനൽകി. ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ചെയർപേഴ്‌സന്റെ ചേംബറിൽ പാർലമെന്ററി പാർട്ടി നേതാക്കളുമായി ചർച്ച നടത്തി. എച്ച്.എം.സി. പ്രതിനിധികളെ അടുത്ത കൗൺസിൽ യോഗത്തിൽ അജൻഡവെച്ച് തീരുമാനിക്കുമെന്ന ധാരണയിലെത്തി. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ച് ഒന്നേമുക്കാലോടെ കൗൺസിൽ നടന്നു.

താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി.യിൽ കൗൺസിൽ പ്രതിനിധികളായി മൂന്നുപേരെ നിശ്ചയിച്ചിരുന്നു. യു.ഡി.എഫ്., എൽ.ഡി.എഫ്., എൻ.ഡി.എ. കക്ഷികളിൽനിന്ന് ഓരോരുത്തരെയാണ് ചെയർപേഴ്‌സൺ തന്നെ നിശ്ചയിച്ചത്. ഇവർ മൂവരും രണ്ട് മാസം മുമ്പ് നടന്ന എച്ച്.എം.സി.യിൽ ഹാജർ രേഖപ്പെടുത്തി പങ്കെടുക്കുകയും ചെയ്തു. എന്നാൽ, പിന്നീട് നടന്ന എച്ച്.എം.സി. യോഗങ്ങളിൽ എൻ.ഡി.എ., എൽ.ഡി.എഫ്. അംഗങ്ങളെ പങ്കെടുപ്പിച്ചില്ല. ആശുപത്രിയിലെ ബോർഡിൽനിന്ന് രണ്ട് അംഗങ്ങളുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതോടെയാണ് കൗൺസിൽ യോഗം വിവാദത്തിലേക്ക് പോയത്. തർക്കംമൂലം കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങൾ നടന്നിരുന്നില്ല. കൗൺസിൽ പ്രതിനിധികളെ നിശ്ചയിക്കുംവരെ എച്ച്.എം.സി. യോഗങ്ങൾ കൂടുകയില്ലെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.