നാൽപ്പതാംകുറ്റിയിൽ പുലി ആടിനെയും വളർത്തുനായയെയും കൊന്നു
തെന്മല : തെന്മലയിൽ വിവിധയിടങ്ങളിൽ പുലിശല്യം രൂക്ഷമാകുന്നു. മൂന്നുമാസത്തോളമായി തെന്മല നാൽപ്പതാംകുറ്റി, പത്തേക്കർ, പള്ളിമുക്ക് മേഖലകളിലാണ് പുലിയുടെ സാന്നിധ്യം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്.
സന്ധ്യകഴിഞ്ഞാൽ വീടിന്റെ പരിസരങ്ങളിലും ദേശീയപാതയിലും ഇടറോഡുകളിലും ഉൾപ്പെടെ പുലികൾ ചുറ്റിത്തിരിയുകയാണ്. കഴിഞ്ഞദിവസം നാൽപ്പതാംകുറ്റിയിൽ വളർത്തുമൃഗങ്ങളെ പുലി കടിച്ചുകൊന്നതാണ് അവസാനസംഭവം. നാൽപ്പതാംകുറ്റിയിൽ താന്നിവിളവീട്ടിൽ ആലീസിന്റെ ആടിനെയും ചാങ്ങയിൽവീട്ടിൽ മോഹനൻ ഉണ്ണിത്താന്റെ വളർത്തുനായയെയുമായണ് പുലി കൊന്നത്. പുലർച്ചെ 1.30-ന് വീടിനോടുചേർന്നുള്ള തൊഴുത്തിൽനിന്ന് ശബ്ദംകേട്ട് ആലീസും മകൻ ജീമോനും ജനാലയിലൂടെ നോക്കിയപ്പോഴാണ് പുലി ആടിനെ ആക്രമിക്കുന്നതുകണ്ടത്. തുടർന്ന് ഇരുവരും ബഹളംവെച്ചതോടെ പുലി ഓടിമറഞ്ഞു. തൊഴുത്തിലുണ്ടായിരുന്ന
മൂന്ന് ആടുകളിൽ ഒന്നിനെയാണ് പുലി കൊന്നത്. ആക്രമണത്തിൽ ഭയന്ന വീട്ടുകാർ അവശേഷിച്ച രണ്ട് ആടുകളെയും കഴിഞ്ഞദിവസംതന്നെ വിറ്റു.
ഇതിനുപുറമെയാണ് മോഹനൻ ഉണ്ണിത്താന്റെ വീട്ടിലെ വളർത്തുനായയെയും പുലി പിടികൂടിയത്.വിവരമറിഞ്ഞ് വാർഡ് അംഗം എസ്. ആരോമലും വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്‌പോൺസ് ടീമും (ആർ.ആർ.ടി.) സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രദേശത്ത് നിരീക്ഷണക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പത്തേക്കർ വാർഡിന്റെ വിവിധഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.
കാടുമൂടിയ റബ്ബർതോട്ടങ്ങളിൽ വന്യമൃഗങ്ങൾ തമ്പടിക്കുന്നു
പ്രദേശങ്ങളിൽ ഒട്ടേറെ റബ്ബർതോട്ടങ്ങൾ കാടുമൂടി കിടക്കുന്നതാണ് പുലി, കാട്ടുപന്നി ഉൾപ്പെടെയുള്ളവ തമ്പടിക്കുന്നതിന് ഇടയാകുന്നത്. റബ്ബർതോട്ടങ്ങളിലെ അടിക്കാടുകൾ നീക്കംചെയ്യാത്തതുമൂലം ഇവ രാത്രിയും പകലും ഈ പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്ന അവസ്ഥയുണ്ട്.
ആട്, നായ ഉൾപ്പെടെയുള്ള ചെറിയ വളർത്തുമൃഗങ്ങളെയാണ് കൂടുതലും ലക്ഷ്യംവയ്ക്കുന്നത്. മുൻപ് തൊഴിലുറപ്പ് പദ്ധതിവഴി റബ്ബർതോട്ടങ്ങളിലെ കാട് നീക്കംചെയ്തത് നിർത്തലാക്കിയതും തിരിച്ചടിയായിട്ടുണ്ട്.
Published: 12 Sept 2026, 02:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented