പാലിയേക്കര റോഡിൽ പാർക്കിങ് തോന്നുംപടി

To advertise here,

തിരുവല്ല : പാലിയേക്കര പാലസ് റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് യാത്രാദുരിതം തീർക്കുന്നു. വീതികുറഞ്ഞ റോഡിൽ അനധികൃത പാർക്കിങ്മൂലം മറ്റിടങ്ങളിലേക്ക് പോകേണ്ട വാഹനയാത്രികർ കുടുങ്ങും.

പാലസ് റോഡിന്റെ തുടക്കത്തിൽ, തിരുവല്ല-കായംകുളം റോഡുമായി ചേരുന്ന ഭാഗത്താണ് വാഹനങ്ങൾ അനധികൃതമായി പാർക്കുചെയ്യുന്നത്. രണ്ട്‌ ചെറിയ വാഹനങ്ങൾ കഷ്ടിച്ച് പോകാൻമാത്രം വീതിയുള്ള റോഡാണിവിടം.

ഒരുവശത്ത് കാറുകളും മറുവശത്ത് ഇരുചക്രവാഹനങ്ങളും എന്ന നിലയിലാണ് പലപ്പോഴും പാർക്കിങ്. ട്രാഫിക് ബ്ലോക്ക് കാരണം പ്രദേശവാസികളുടെ വാഹനം പലപ്പോഴും തിരക്കേറിയ കായംകുളം റോഡിലേക്ക് റിവേഴ്‌സ് എടുക്കേണ്ടിവരുന്നു. ഇത് അപകടങ്ങൾക്കും കാരണമാകും. ശ്രീവല്ലഭക്ഷേത്രം, മതിൽഭാഗം ഗോവിന്ദൻകുളങ്ങര ക്ഷേത്രം, വെൺപാല, തുകലശ്ശേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയാണിത്. പാലസ് റോഡിലെ വീടുകളിൽനിന്ന് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വരുന്ന ആംബുലൻസ് പലപ്പോഴും ശ്രീവല്ലഭക്ഷേത്രം വഴി ചുറ്റിപ്പോകേണ്ടിവരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് വരുന്ന വലിയ വാഹനങ്ങളം ശ്രീവല്ലഭക്ഷേത്രം വഴി പോകണം. ഓൺലൈൻ ഡെലിവറിക്കാർ ബ്ലോക്ക് കാരണം പലപ്പോഴും ഇതുവഴിവരില്ല.

പരാതിക്കും പരിഹാരമില്ല

ട്രാഫിക് ബ്ലോക്കിന് പരിഹാരം കാണണമെന്ന് ആവശ്യവുമായി പ്രദേശവാസികൾ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പലതവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. വർഗീസ് മാമ്മൻ എം.എൽ.എ.യ്ക്കും നിവേദനം നൽകിയിട്ടുണ്ട്. നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ

- പി.കെ. രാജീവ് (പ്രസിഡന്റ്), ഡിജിത്ത് മേനോൻ (സെക്രട്ടറി), പാലിയേക്കര റെസിഡെൻസ് അസോസിയേഷൻ