പത്തനംതിട്ട : തീർഥാടകർക്ക് ആശ്രയമാകാൻ വിപുലമായ സൗകര്യങ്ങളോടെ പത്തനംതിട്ട ശബരിമല ഇടത്താവളം സജ്ജമാകുന്നു. പണികൾ അവസാനഘട്ടത്തിലാണ്. എല്ലാദിവസവും അന്നദാനമുണ്ടാകും. തീർഥാടകർക്ക് വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനും ഒട്ടേറെ വാഹനം പാർക്ക് ചെയ്യാനുമുള്ള സൗകര്യം ഇടത്താവളത്തിലുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ച് ഇടത്താവളത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ആദ്യഘട്ടമെന്നനിലയിൽ മൈലപ്രയിൽ നിന്നും ഇടത്താവളത്തിലേക്ക് കയറുന്ന റോഡുകൾ കൊരുപ്പ് കട്ടകൾ പാകി വൃത്തിയാക്കി. ജലലഭ്യതക്കുറവ് പരിഹരിക്കാൻ ഇടത്താവളത്തിലേക്ക് പുതിയ പൈപ്പ് ലൈൻ ക്രമീകരിച്ചു. 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകളും പുതിയതായി സ്ഥാപിച്ചിട്ടുണ്ട്. ഇടത്താവളത്തിലെ കെട്ടിടങ്ങളിലെല്ലാം പെയിന്റിങ് ചെയ്ത് മനോഹരമാക്കി. വാഹനങ്ങൾ കയറി ചെളിനിറഞ്ഞഭാഗം മണ്ണിട്ടുയർത്തി ഉറപ്പിച്ചു.
അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള 100 പായകൾ സജ്ജീകരിച്ചു. 20 മേശയും 100 കസേരയും പുതിയതായി വാങ്ങി. അടുക്കളയിൽ ഉണ്ടായിരുന്ന ചോർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുകയും പുതിയ ചിമ്മിനി നിർമിക്കുകയും ചെയ്തു. വിറകുപുരയും കൈകഴുകുന്ന സ്ഥലവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പഴയവയറിങ് മാറ്റി പുതിയ ലൈറ്റുകൾ സ്ഥാപിച്ചു. അന്നദാനമണ്ഡപത്തിലും പുറത്ത് തയ്യാറാക്കുന്ന പന്തലിലും വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. വിവിധസംഘടനകളാണ് ഉച്ചയ്ക്ക് അന്നദാനം ഒരുക്കുന്നുണ്ട്. നഗരസഭാധ്യക്ഷയുടെയും കൗൺസിലർമാരുടെയും മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്.
ഇത്തവണ ആയുർവേദ, ഹോമിയോ, അലോപ്പതി ഡിസ്പെൻസറികൾ ഇടത്താവളത്തിൽ ഉണ്ടാകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തനം. ഡോക്ടറുടെ സേവനവും ലഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും.
മുൻവർഷത്തേക്കാൾ മികച്ചരീതിയിൽ, കൂടുതൽ സൗകര്യങ്ങളോടെ ഇടത്താവളം സജ്ജമാക്കുന്നതിന് നഗരസഭ ഭരണസമിതി ശ്രദ്ധചെലുത്തിയെന്നും തീർഥാടകർക്ക് യാതൊരുകുറവും ഉണ്ടാകില്ലെന്നും ചെയർപേഴ്സൺ സിന്ധു അനിൽ അറിയിച്ചു.
Published: 14 Nov 2026, 02:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented