കുളനട : എതിരേവരുന്ന വാഹനങ്ങളും, അപകടം ഉണ്ടാകാതിരിക്കാനായി കെട്ടിയിട്ടുള്ള ബാരിക്കേഡും കാണാൻ കഴിയാത്തവിധം കാടുവളർന്നുനിന്ന ശബരിമലപാത വൃത്തിയാക്കിത്തുടങ്ങി. കുളനട-ആറന്മുള റോഡിന്റെ പൈവഴി, ഉള്ളന്നൂർ കിടങ്ങന്നൂർ ഭാഗമാണ് കാടും മാലിന്യവും റോഡിലെ തടസ്സങ്ങളും മാറ്റി വൃത്തിയാക്കിത്തുടങ്ങിയത്.

To advertise here,

എന്നാൽ, റോഡരികിൽ ഇട്ടിരിക്കുന്ന പൈപ്പുകളും വൈദ്യുതത്തൂണും നീക്കംചെയ്തിട്ടില്ല. റോഡ് പണി പൂർത്തിയായി തുറന്നുകൊടുത്തിട്ട് ഏഴുവർഷം കഴിഞ്ഞെങ്കിലും പണികൾ പലയിടത്തും പൂർത്തിയാക്കാനുണ്ട്.

ശബരിമല തീർഥാടകർ കൂടുതലായി ഉപയോഗിക്കുന്ന പാതയാണ് ഇത്. പന്തളത്തെത്തി വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി കുളനട, ആറന്മുളക്ഷേത്രംവഴി പമ്പയിലേക്കും എരുമേലിയിലേക്കും എത്തിച്ചേരാനുള്ള എളുപ്പ വഴിയായതിനാൽ ധാരാളം ശബരിമല തീർത്ഥാടകർ ഈവഴിയെ ആശ്രയിക്കുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് ധാരാളം വാഹനങ്ങളും കാൽനടയായിപ്പോകുന്ന തീർഥാടകരും ആറന്മുളയിലേക്ക് പോകുന്നതും ഈ വഴിയിലൂടെയാണ്.

പൈവഴിയിലും മണ്ണാടിപ്പടി ഭാഗത്തും വലിയ വളവുകളിൽ വാഹനങ്ങളുടെ അമിതവേഗം അപകടം വരുത്തുന്നുണ്ട്.

പൈവഴി കവലയിൽ അപകടം പതിവാണ്. ഉള്ളന്നൂർ ശ്രീഭദ്രാദേവീ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും നെടിയകാലാ ഭാഗത്തുനിന്നുംവരുന്ന വാഹനങ്ങൾ പൈവഴിയിലെത്തിയാണ് കുളനട, ആറന്മുള ഭാഗത്തേക്ക് പോകുന്നത്.

ഇവിടെയൊന്നും വേഗ നിയന്ത്രണ മാർഗങ്ങളോ സിഗ്നലുകളോ സ്ഥാപിച്ചിട്ടില്ല.