റാന്നി : ശബരിമല തീർഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ റെയ്ഡിൽ വ്യാജചാരായ നിർമാണത്തിനായി ഒരുക്കിയിരുന്ന 2800 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. എരുമേലി-പമ്പ ശബരിമലപാതയ്ക്ക് സമീപം പമ്പാവാലി വട്ടപ്പാറയിലാണ് റാന്നിയിലെ എക്‌സൈസ് സംഘം വാറ്റുകേന്ദ്രം കണ്ടെത്തിയത്.

To advertise here,

ശനിയാഴ്ച പുലർച്ചെയാണ് വട്ടപ്പാറ മാണിപടിക്ക് സമീപം ആളൊഴിഞ്ഞ പാറക്കെട്ടും നീരൊഴുക്കുമുള്ള കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കോട കണ്ടെത്തി നശിപ്പിച്ചത്. തീർഥാടന കാലത്ത് വിൽപ്പന നടത്തുന്നതിനായി ചാരായം ഉണ്ടാക്കുന്നതായി എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തീർഥാടന കാലത്ത് വാഹനങ്ങളുടെ ഡ്രൈവർമാർ, കടകളിലെ ജീവനക്കാർ എന്നിവർക്കുൾപ്പെടെ ചാരായം വിൽക്കുന്നത് പതിവാണ്.

എക്‌സൈസ് റാന്നിസർക്കിൾ ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരിഹരൻ ഉണ്ണി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം. അഫ്‌സൽ, അനുപ് കുമാർ, എസ്. സുരേഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.