വാണിയംകുളം: മനിശ്ശീരി-വെള്ളിയാട് റോഡിൽ വരിക്കാശ്ശേരിമനക്ക്‌ മുൻപിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. അഞ്ചടിയോളം താഴ്ചയുള്ള ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് തോട്ടിലേക്ക് തകർന്നുവീണത്. കരിങ്കല്ല് കൊണ്ടുള്ള പടവും തകർന്ന് തോട്ടിലേക്ക് വീണു.

To advertise here,

സ്വകാര്യ ബസുകൾ ഉൾപ്പെടെ വരിക്കാശ്ശേരിമന കാണുന്നതിന് ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. വരിക്കാശ്ശേരിമനയുടെ മുൻവശംമുതൽ 200 മീറ്ററോളം റോഡിന്റെ ഒരുവശം പാടവും മറ്റൊരു വശത്ത് തോടുമാണ്. തോടിന്റെ ഭാഗത്തെ ഭിത്തി തകർന്നതോടെ റോഡും ഇടിഞ്ഞ നിലയിലായി. ഇതോടെ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് വശം നൽകുമ്പോൾ അപകട സാധ്യതയും കൂടുന്നു. ഒരു വർഷം മുൻപ് ഇതുവഴി കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് ചാലുകീറിയിരുന്നു. ചാല് മൂടിയിരുന്നെങ്കിലും പിന്നീട് മറ്റൊരു വാഹനത്തിന് വശം നൽകുന്നതിനിടെ ടൂറിസ്റ്റ് ബസ് ഈ ഭാഗത്ത് കുടുങ്ങിയിരുന്നു. ബസ് കുടുങ്ങിയ ഭാഗത്ത് മഴക്കാലത്ത് വെള്ളം ഇറങ്ങി വശത്തെ പടവിന് ബലക്ഷയം സംഭവിക്കുകയായിരുന്നു. കരിങ്കൽ കൊണ്ട് നിർമിച്ച ഭിത്തിക്ക് പുറത്ത് കോൺക്രീറ്റ് ബെൽറ്റ് ചെയ്താണ് സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റ് ബെൽറ്റ് തകർച്ചയില്ലാത്തതിനാൽ റോഡിൽ കൂടി വരുന്ന വാഹനങ്ങൾക്ക് അപകട സാധ്യത കാണാനാകില്ല.

കാലപ്പഴക്കമാണ് തകർച്ചയ്ക്ക്‌ കാരണമെന്ന് വാർഡംഗം സി.സി. അനിൽകുമാർ പറഞ്ഞു.