പാലക്കാട്: മാട്ടുമന്ത ചോളോട് നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീപ്പിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.34-നായിരുന്നു സംഭവം. ചോളോട് സ്വദേശി ശേഖരന്റെ ഓട്ടോയാണ് കത്തി നശിച്ചത്.

To advertise here,

ചോളോട് പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുൻപിലാണ് സ്ഥിരമായി ശേഖരൻ ഓട്ടോറിക്ഷ നിർത്തിയിടാറുള്ളത്. ഇതിനു സമീപത്താണ് ശേഖരൻ താമസിക്കുന്നത്. വെള്ളിയാഴ്ചയും പതിവുപോലെ ഇവിടെ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു. ഇതിനിടിയലാണ് തീപ്പിടിച്ചത്. രാത്രി അയൽപക്കത്തുള്ളവരാണ് തീപ്പിടിച്ചതായി ആദ്യം കാണുന്നത്. തുടർന്ന് ശേഖരനെ വിവരമറിയിച്ചു.

ഇതോടെ ശേഖരനും കുടുംബവും അയൽ വീട്ടുകാരുമെല്ലാം ചേർന്ന് തീ കെടുത്താൻ ശ്രമിച്ചു. രാത്രി പട്രോളിങ്ങിനിറങ്ങിയ മലമ്പുഴ പോലീസ് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ഇവരും ചേർന്നാണ് തീകെടുത്തിയത്. മലമ്പുഴ പോലീസ് പാലക്കാട് ടൗൺ നോർത്ത് പോലീസിന് വിവരം കൈമാറി. ഓട്ടോറിക്ഷയുടെ മുകൾഭാഗവും സീറ്റുകളുമെല്ലാം കത്തിനശിച്ചു. ഏകദേശം അൻപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി ശേഖരൻ പറയുന്നു.

സംഭവത്തിൽ ദുരൂഹതയാരോപിച്ച് ടൗൺ നോർത്ത് പോലീസിന് ശേഖരൻ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പുൾപ്പെടെ പരിശോധന നടത്തും. കൂടാതെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.