പാലക്കാട്: പൈതൃകോത്സവം 2026 ഡിസംബർ 18മുതൽ 25വരെ കാഞ്ഞിരപ്പുഴ പുളിക്കൽ ജി.യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടത്താൻ തീരുമാനമായി. മന്ത്രി കെ.എ. തുളസിയുടെ അധ്യക്ഷതയിൽച്ചേർന്ന സ്വാഗതസംഘരൂപീകരണ യോഗത്തിലാണ് തീരുമാനം. പട്ടികജാതി വികസനവകുപ്പ്, പട്ടികവർഗ വികസനവകുപ്പ്, കിർത്താഡ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി.

To advertise here,

വി.കെ. ശ്രീകണ്ഠൻ എം.പി. ചെയർമാനും ജില്ലാ കളക്ടർ കെ. സുധീർ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി എന്നിവരാണ് രക്ഷാധികാരികൾ. ജോയിന്റ് കൺവീനർമാരായി ജില്ലാ പട്ടികജാതി വികസന ഓഫീസർ ജി. ശ്രീകുമാർ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എം. ഷമീന, പിന്നാക്കവിഭാഗ വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിദ്ധാർഥൻ, കിർത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടർ സന്ധ്യ ശേഖർ എന്നിവരെ തിരഞ്ഞെടുത്തു. വിവിധ ഉപസമിതികളും രൂപീകരിച്ചു.

പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിച്ച് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ. സെമിനാറുകൾ, കിർത്താഡ്സിന്റെ കലാപരിപാടികൾ, 100-ഓളം സ്റ്റാളുകൾ എന്നിവ സജ്ജമാക്കും. നാടൻകലാമേള, ഗോത്രവിഭാഗങ്ങളുടെ തനത് ഭക്ഷണരീതികൾ, പരമ്പരാഗത ചികിത്സാരീതികൾ, ആവിക്കുളി, പ്രത്യേക പവലിയനുകൾ, മെഗാ ഷോകൾ എന്നിവയുണ്ടാകും.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി, എ. പ്രഭാകരൻ എം.എൽ.എ., പി. മമ്മിക്കുട്ടി എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എൻ. സരിത, ജില്ലാ കളക്ടർ കെ. സുധീർ, പട്ടികവർഗ വികസന ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.