വടക്കഞ്ചേരി : ദേശീയപാതയിൽ വടക്കഞ്ചേരി തങ്കം ജങ്‌ഷനു സമീപം സർവീസ് റോഡിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. വടക്കഞ്ചേരി-പുതുക്കോട് റോഡിലോടുന്ന എസ്.കെ. ബസും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് വടക്കഞ്ചേരി ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനായി സർവീസ് റോഡ് വഴി വരികയായിരുന്നു. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെ മറികടന്ന് വരുന്നതിനിടെ എതിരെ വന്ന ബസുമായി ഇടിക്കുകയായിരുന്നു. ദൃശ്യങ്ങൾ സമീപത്തെ കടയിലുള്ള സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
ഇടിച്ചശേഷം മുന്നോട്ട് പോയ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും രണ്ടു ബൈക്കിലും ഇടിച്ചു. മറിഞ്ഞുവീണ ബൈക്ക് ലോറിയുടെ മുൻവശത്തെ ചക്രത്തിനുമുന്നിൽ കുടുങ്ങി. ഇതോടെ ലോറി നിന്നതോടെ റോഡിന്റെ താഴ്ഭാഗത്ത് കടകളുള്ള സ്ഥലത്തേക്ക് മറിയുന്നത് ഒഴിവായി.
ലോറി വരുന്നതുകണ്ട് ബൈക്ക് തള്ളി മാറ്റാൻ ഉടമ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലോറി അടുത്തെത്തിയതോടെ ഇദ്ദേഹം ഓടിമാറുകയായിരുന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ കാബിനിൽ കുരുങ്ങി. നാട്ടുകാർ ചേർന്നാണ് ഇവരെ പുറത്തെടുത്തത്.
ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പരിക്കേറ്റവരെ ആംബുലൻസുകളിലും വടക്കഞ്ചേരി അഗ്നിരക്ഷാസേനയുടെ വാഹനത്തിലുമായി ഇരട്ടക്കുളത്തെയും വടക്കഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പോലീസും മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സ്ഥലത്തെത്തി.
സൂചനാ ബോർഡുകൾ വഴി തെറ്റിക്കുന്നു
ദേശീയപാതയിൽ സൂചനാ ബോർഡുകൾ കൃത്യമല്ലാത്തതിനാൽ പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വടക്കഞ്ചേരിയിൽനിന്ന് സർവീസ് റോഡ് വഴിയാണ് പോകുന്നത്. ഇത്തരത്തിൽ ദിശ മനസ്സിലാക്കാനാകാതെ തെറ്റിവന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്. വടക്കഞ്ചേരിയിൽ പാലക്കാട് ദിശയിലേക്കുള്ള മേൽപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നതിനാൽ തൃശ്ശൂർ ദിശയിലേക്കുള്ള മേൽപ്പാലം വഴിയാണ് ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. വാഹനം തിരിഞ്ഞ് പോകേണ്ട സ്ഥലത്തിനുമുൻപ് സൂചനാ ബോർഡുകൾ ഇല്ല. തിരിയുന്ന ഭാഗത്താണ് സൂചനാ ബോർഡുള്ളത്. ഇത് പെെട്ടന്ന് മനസ്സിലാക്കാൻ സാധിക്കാത്തിനാൽ വാഹനങ്ങൾ തിരിയാതെ കടന്നുപോകും.
വടക്കഞ്ചേരി പോലീസ് ദേശീയപാതയുടെ പരിപാലന ചുമതലയുള്ള ടോൾ കമ്പനി അധികൃതരെ വിളിച്ചു വരുത്തി. ദേശീയപാതയിൽ വാഹനങ്ങൾ തിരിയേണ്ട സ്ഥലത്തിനു 100 മീറ്റർ മുൻപ് മുതൽ ബാരിക്കേഡുകൾ വെച്ച് ഗതാഗതം ക്രമീകരിക്കണമെന്നും ഇടയ്ക്കിടെ സുചനാബോർഡുകളും സ്ഥാപിക്കണമെന്നും സർക്കിൾ ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ കർശന നിർദേശം നൽകി.
പരിക്കേറ്റവർ
ലോറി ഡ്രൈവർ സേലം സ്വദേശി ശ്രീനിവാസൻ (53), ബസ് ഡ്രൈവർ പുതുക്കോട് സ്വദേശി റിയാസ് (25), കണ്ണമ്പ്ര തെക്കേക്കാട് ജയന്തി (43), ചാവക്കാട് തള്ളിപറമ്പ് സി.എ. കൃഷ്ണൻ (75), കണ്ണമ്പ്ര കാട്ടുകുന്ന് കുളം സലീന (37), പുതുക്കോട് ഉമ്മുകുൽസു (40), പുതുക്കോട് കമ്മാന്തറ രാമചന്ദ്രൻ (68), മണപ്പാടം പാട്ടോല മേലേ വീട്ടിൽ പ്രേമാവതി (62), തച്ചനടി ഫാത്തിമ (26), കാരെപ്പാറ്റ വലിയകുളം ഷനിക (27), തച്ചനടി ജസീന (32), കല്ലേപ്പുള്ളി കഴനി പൂക്കോട് വീട്ടിൽ അതുൽദേവ് (19), പുതുക്കോട് സ്വദേശികളായ ഹന്ന ഫാത്തിമ (15), താഹിറ (33), ആയക്കാട് കൊന്നഞ്ചേരി നൗഷിഫ (25), കാരപ്പൊറ്റ അഞ്ജന (20), തച്ചനടി കമലം (38), കണ്ണമ്പ്ര കാട്ടുകുന്ന്കുളം സ്വദേശികളായ സബൂറ (31), ഹസീന (43), ചല്ലിപറമ്പ് ദീപിക (24), മണപ്പാടം ഷംന (25), കണ്ണമ്പ്ര സ്വദേശികളായ നിമ (38), ജമീല (45), സഫിയ (55), സജിന (30), നെഹ്‌ല(19), നൗഫിയ (27), ഷാഹിന (17), സന്ധ്യമോൾ (40), കൊട്ടേക്കാട് പ്രിയങ്ക (33).
Published: 21 Nov 2026, 03:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented