കോയമ്പത്തൂർ : ദീപാവലിസുരക്ഷയ്ക്ക് കോയമ്പത്തൂർ നഗരപരിധിയിൽ വിന്യസിച്ചിരിക്കുന്നത് 900 പോലീസുകാരെ. നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങൾവരുന്ന റോഡുകളിൽ നിരീക്ഷണത്തിന് പത്ത് വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്.

To advertise here,

ഏറ്റവുംകൂടുതൽ തിരക്കനുഭവപ്പെടുന്ന ഗാന്ധിപുരം, ക്രോസ്‌കട്ട് റോഡ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ തെരുവ്, ടൗൺഹാൾ, ഒപ്പനക്കാരവീഥി എന്നിവിടങ്ങളിൽ മാത്രമായി 180 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഗതാഗതനിയന്ത്രണത്തിനുമാത്രം 120 ട്രാഫിക് പോലീസുകാരുണ്ട്.

ഇരുചക്രവാഹനങ്ങളിൽ പട്രോളിങ് നടത്തുന്ന 50 സംഘങ്ങലും നാലുചക്രവാഹനങ്ങളിൽ പട്രോളിങ് നടത്തുന്ന 28 സംഘങ്ങളുമുണ്ട്. സിറ്റി പോലീസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന ഐ.ജി. ആർ.വി. രമ്യഭാരതിയുടെ നേതൃത്വത്തിൽ ഏഴ് അസിസ്റ്റന്റ് കമ്മിഷണർമാർ, 20 ഇൻസ്പെക്ടർമാർ തുടങ്ങിയവരും പോലീസുകാരും പങ്കെടുത്ത റൂട്ട് മാർച്ച് കഴിഞ്ഞദിവസം നടത്തിയിരുന്നു.

ബോംബ് നിർവീര്യമാക്കൽ സംഘം, ഡോഗ് സ്ക്വാഡ് എന്നിവ ഉൾപ്പെട്ട പ്രത്യേക പോലീസ് സംഘം റെയിൽവേസ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലുമെല്ലാം തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്.

ദീപാവലിയാഘോഷഭാഗമായി പടക്കംപൊട്ടിക്കുന്നതിന് സുപ്രീംകോടതി മാർഗനിർദേശപ്രകാരം മാത്രമേ അനുമതിനൽകൂവെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

രാവിലെ ആറുമുതൽ ഏഴുവരെയും വൈകീട്ട് ഏഴുമതുൽ എട്ടുവരെയുമാണ് പടക്കംപൊട്ടിക്കാൻ അനുമതിയുള്ളത്. കുറഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്ന പടക്കങ്ങൾമാത്രമേ പൊട്ടിക്കാവൂ. ആശുപത്രികൾ, ക്ഷേത്രങ്ങൾ എന്നിവയ്ക്കുസമീപം പടക്കങ്ങൾ പൊട്ടിക്കാൻ അനുമതിയില്ല.