ഊട്ടി : കനത്ത മഴയെത്തുടർന്ന് മേട്ടുപ്പാളയം-കുനൂർ റോഡ്‌ അടച്ചതോടെ ഊട്ടി വിനോദസഞ്ചാര മേഖല പ്രതിസന്ധിയിൽ. കഴിഞ്ഞ 23 മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഊട്ടിയിൽ രണ്ടാംസീസൺ തുടങ്ങിയ വേളയിലാണ് അപ്രതീക്ഷിതമായുള്ള അടച്ചിടൽ. ഊട്ടിയിലേക്ക് ഇപ്പോഴുള്ള യാത്ര സാഹസികമാണെന്ന വിലയിരുത്തലിൽ പലരും യാത്ര ഒഴിവാക്കി.

To advertise here,

ഇത് ഊട്ടിയിലെ വിനോദസഞ്ചാര മേഖലയിൽ ഉപജീവനം നടത്തുന്നവരെ സാരമായി ബാധിച്ചിരിക്കയാണ്.

സഞ്ചാരികളെമാത്രം ആശ്രയിച്ച്‌ പ്രവർത്തിച്ചിരുന്ന പല ഹോട്ടലുകളും റസ്റ്ററന്റുകളും പൂട്ടി.

മുൻകൂട്ടി മുറികൾ ബുക്കുചെയ്ത പലരും അവ റദ്ദാക്കിയതായി ഹോട്ടൽ നടത്തുന്ന കെ.ഇ. അരുൺ പറഞ്ഞു.

ഊട്ടി ചുറ്റിക്കാണാൻ വാഹനങ്ങൾ ബുക്കുചെയ്തവരിൽ ഭൂരിഭാഗവും യാത്ര റദ്ദുചെയ്തതായി ട്രാവൽസ് നടത്തുന്ന ഭവാനി രമേശ്‌ പറയുന്നു.

ഊട്ടിയിലെ സസ്യോദ്യാനം, ബോട്ട്ഹൗസ്, ദോഡബെട്ട തുടങ്ങിയ കേന്ദ്രങ്ങളിലെ വഴിയോരങ്ങളിൽ കച്ചവടം നടത്തിയ കടകളും അടച്ചിട്ടിരിക്കയാണ്.

അതിനിടെ മണ്ണിടിച്ചലുണ്ടായ സ്ഥലത്ത് പുനർനിർമാണം പുരോഗമിക്കയാണ്. പക്ഷേ, കഴിഞ്ഞദിവസമുണ്ടായ മഴയിൽ ബർലിയാറിനടുത്ത രണ്ടുസ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. അടുത്ത പത്തുദിവസത്തിനുള്ളിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് നീലഗിരി കളക്ടർ ലക്ഷ്മി ഭവ്യ തനീരു അറിയിച്ചു. പൂർണമായും

ഗതാഗതയോഗ്യമാകണമെങ്കിൽ രണ്ടുമൂന്നുമാസം വേണ്ടിവരുമെന്നാണ് പറയുന്നത്.