കോയമ്പത്തൂർ : ധാരാപുരം ഉപതിരഞ്ഞെടുപ്പ്, ഭരണകക്ഷിയായ തമിഴക വെട്രിക്കഴകത്തെ സംബന്ധിച്ച് അഗ്നിപരീക്ഷയാണ്. ദ്രാവിഡ പാർട്ടികളുടെ കോട്ടയാണെങ്കിലും ഉപതരിഞ്ഞെടുപ്പിൽ വിജയത്തിൽക്കുറഞ്ഞതൊന്നും ടി.വി.കെ. ആഗ്രഹിക്കുന്നില്ല. പരാജയപ്പെട്ടാൽ അത് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നതിനാൽ ജയിക്കാൻ സർവവിധ തന്ത്രങ്ങളും ടി.വി.കെ. പ്രയോഗിക്കുന്നുണ്ട്.

To advertise here,

നാലുമാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥി പി. സത്യഭാമ 16,727 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. പിന്നീട് അവർ പാർട്ടിയിൽ നിന്ന് രാജിവെക്കുകുയും തമിഴക വെട്രിക്കഴകത്തിൽ ചേരുകയും ചെയ്തതോടെയാണ് ഉപതരിഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്ന് രണ്ടിലചിഹ്നത്തിലാണ് വൻവിജയം നേടിയതെങ്കിൽ ഇത്തവണ വിസിൽ ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. അണ്ണാ ഡി.എം.കെ. നേതാവായിരുന്ന പി. സത്യഭാമ ആദ്യമായാണ് 2026-ൽ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഡി.എം.കെ.യുടെ സിറ്റിങ് മണ്ഡലത്തിൽ അവരുടെ സ്ഥാനാർഥി ടി. ഇന്ദിരാണിയെയാണ് തോല്പിച്ചത്. ആകെ പോൾചെയ്ത 2,00,101 വോട്ടിൽ സത്യഭാമ 81,100 വോട്ട് നേടിയപ്പോൾ ഡി.എം.കെ.യുടെ ഇന്ദിരാണി 64,373 വോട്ടും ടി.വി.കെ.യുടെ ഗൗരിചിത്ര 46,438 വോട്ടും നേടി. സംസ്ഥാനത്തൊട്ടാകെ ടി.വി.കെ. അട്ടിമറിവിജയം നേടിയപ്പോൾ ധാരാപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പോയി. ആദ്യമായി മത്സരരംഗത്തേക്ക് വന്ന സത്യഭാമയെ ധാരാപുരത്തെ വോട്ടർമാർ ഇരുകൈയുംനീട്ടി സ്വീകരിക്കയായിരുന്നു.

2021-ൽ ഇവിടെ അണ്ണാ ഡി.എം.കെ. സഖ്യഭാഗമായി ബി.ജെ.പി. നേതാവ് എൽ. മുരുകനാണ് മത്സരിച്ചിരുന്നത്. ഡി.എം.കെ. സ്ഥാനാർഥി എൻ. കയൽവിഴിയോട് അന്ന് 1,393 വോട്ടിന് പരാജയപ്പെടുകയായിരുന്നു. 2026-ൽ സീറ്റ് അണ്ണാ ഡി.എം.കെ. തിരിച്ചെടുത്താണ് സത്യഭാമയെ മത്സരിപ്പിച്ചത്.

ജയിച്ച് നാലുമാസത്തിനിടെ സത്യഭാമ അണ്ണാ ഡി.എം.കെ.യിൽനിന്ന് രാജിവെച്ചതിൽ അണികളിൽ വൻതോതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇപ്പോൾ സത്യഭാമതന്നെ ടി.വി.കെ. സ്ഥാനാർഥിയായി രംഗത്തുവന്നതോടെ മത്സരം കടുത്തിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി.വി.കെ. നേടിയ 46,438 വോട്ടിനൊപ്പം ഡി.എം.കെ. മുന്നണയിൽനിന്ന് വേർപിരിഞ്ഞ കോൺഗ്രസ്, എം.ഡി.എം.കെ,, മുസ്‌ലിം ലീഗ് എന്നിവയുടെ വോട്ടുകൂടി കിട്ടിയാൽ സത്യഭാമ വിജയിക്കുമെന്നാണ് ടി.വി.കെ.യുടെ കണക്കുകൂട്ടൽ.

കോൺഗ്രസിന് അത്യാവശ്യം വോട്ടുബാങ്കുള്ള മണ്ഡലം കൂടിയാണ് ധാരാപുരം. മുഖ്യമന്ത്രി ജോസഫ് വിജയും മന്ത്രിമാരും സഖ്യകക്ഷിനേതാക്കളും മണ്ഡലത്തിൽ പ്രചാരണത്തിനെത്തുമെന്നാണ് പറയുന്നത്.

റവന്യൂ മന്ത്രിയും ഗോപിചെട്ടിപാളയം എം.എൽ.എ.യുമായ കെ.എ. സെങ്കോട്ടയ്യൻ ഉൾപ്പെടെയുള്ളവരാണ് പ്രചാരണത്തിന് ചുക്കാൻപിടിക്കുന്നത്.