ദേശീയപാത 66
കൊടുങ്ങല്ലൂർ : ദേശീയപാത 66 ആറുവരിപ്പാതയുടെ ഉദ്ഘാടനം ഈ മാസം 30-ന് നടക്കാനിരിക്കെ ജില്ലയിൽ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെയുള്ള 63 കിലോമീറ്റർ പാതയിൽ പൂർത്തിയാകാനുള്ളത് ഏകദേശം പത്തുകിലോമീറ്റർ ദൂരം. പലയിടത്തും അടിപ്പാതകളുടെയും മേൽപ്പാലങ്ങളുടെയും ഇതോടനുബന്ധിച്ചുള്ള അനുബന്ധറോഡുകളുടെയും നിർമാണമാണ് പൂർത്തിയാകാനുള്ളത്.
പെരിഞ്ഞനം കൊറ്റംകുളത്ത് മേൽപ്പാലത്തിന്റെ മണ്ണിട്ടുയർത്തിയ അനുബന്ധറോഡ് പൊളിച്ചുനീക്കി തൂണുകളിൽ നിർമിക്കുന്നതുമൂലം ഏകദേശം അരക്കിലോമീറ്റർ ദൂരം ചെറിയ തടസ്സങ്ങളുണ്ട്. ഏറെക്കാലത്തെ പ്രക്ഷോഭങ്ങൾക്കുശേഷം അനുവദിച്ച ചന്തപ്പുര ബൈപാസിലെ സി.ഐ. ജങ്ഷനിലെ അടിപ്പാതയുടെ നിർമാണം വേഗത്തിൽ നടക്കുന്നുണ്ട്.
ചന്തപ്പുര ഭാഗത്ത് സെയ്ന്റ് തോമസ് പള്ളിക്ക് മുൻഭാഗത്തെ മേൽപ്പാലത്തിലേക്കുള്ള അനുബന്ധറോഡിന്റെയും ഇവിടെനിന്ന് കോതപറമ്പ് അടിപ്പാതയിലേക്കുള്ള 200 മീറ്റർ വരുന്ന അനുബന്ധറോഡിന്റെയും നിർമാണം ഏതാനും മാസങ്ങളായി സ്തംഭിച്ചനിലയിലാണ്.
30 അടിയോളം ഉയരത്തിൽ കെട്ടിപ്പൊക്കിയിട്ടുള്ള അനുബന്ധറോഡിന് മണൽ കിട്ടാതായതോടെയാണ് നിർമാണം സ്തംഭിച്ചത്. പുല്ലൂറ്റ്, കോട്ടപ്പുറം പുഴകളിൽനിന്നെടുത്ത ആയിരക്കണക്കിന് ടൺ മണൽ ഉപയോഗിച്ചാണ് ഈ അനുബന്ധറോഡുകളുടെ അമ്പതുശതമാനത്തിലധികം പൂർത്തിയാക്കിയിട്ടുള്ളത്. ഇനി ചെമ്മണ്ണ് ഉപയോഗിച്ച് വേണം നിർമാണം പൂർത്തിയാക്കാൻ. ചെമ്മണ്ണ് എത്തിക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി.
സി.ഐ. ജങ്ഷനിലെ അടിപ്പാതയുടെയും ചന്തപ്പുര, ലോകമലേശ്വരം മേൽപ്പാലങ്ങളുടെ അനുബന്ധറോഡുകളുടെയും നിർമാണം പൂർത്തിയാക്കി 2027 പുതുവർഷാരംഭത്തിൽ ആല വാസുദേവവിലാസം മുതൽ കോട്ടപ്പുറം വരെയുള്ള റോഡ് പൂർണതോതിൽ ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് ദേശീയപാത അതോറിറ്റി.
നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ ഉദ്ഘാടനത്തിനുമുമ്പുള്ള അറ്റകുറ്റപ്പണികളും സിഗ്‌നൽ, ദിശാ ബോർഡുകളുമടക്കം തിരക്കിട്ട് സ്ഥാപിച്ചുവരുന്നുണ്ട്. അതേസമയം തെരുവുവിളക്കുകൾ ചിലയിടങ്ങളിൽ തെളിയിച്ചുതുടങ്ങിയെങ്കിലും നിരവധി സ്ഥലങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചിട്ടുപോലുമില്ല. മഴപെയ്താൽ പലഭാഗത്തും വെള്ളക്കെട്ടുണ്ടാകുന്നത് പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അതേസമയം, ആറുവരിപ്പാത ഔദ്യോഗികമായി ഉദ്ഘാടനംചെയ്തുകഴിഞ്ഞാൽ നാട്ടുകാരുടെ യാത്രാദുരിതം കൂടുമെന്നത് ഉറപ്പാണ്. ശ്രീനാരായണപുരം, പള്ളിനട തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നതിനും മറ്റും സംവിധാനങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണ്. മാത്രമല്ല, സർവീസ് റോഡുകളുടെ നിലവാരത്തകർച്ചയും വിഷയമാകും.
Published: 27 Oct 2026, 03:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented