വാഷിങ്‌ടൺ: ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന് ഗംഭീര സ്വീകരണം. വൈറ്റ് ഹൗസിൽവെച്ച് സ്വീകരിക്കുന്ന പതിവിന് പകരം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ജോയിന്റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിൽ എത്തിയാണ് ഷീ ജിൻപിങ്ങിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചത്.

To advertise here,

100 അടി നീളമുള്ള ചുവന്ന പരവതാനി, 21 അംഗ ഗാർഡ് ഓഫ് ഓണർ, സൈനിക മാർച്ചുകൾ, ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ, രണ്ട് ബി-1 ബോംബർ വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം എന്നിവ ഉൾപ്പെടുന്ന വിപുലമായ സ്വീകരണച്ചടങ്ങാണ് ഒരുക്കിയിരുന്നത്. മാത്രമല്ല, വിമാനത്താവളത്തിൽവെച്ച് അമേരിക്കൻ പ്രസിഡന്റ് നേരിട്ട് അതിഥികളെ സ്വീകരിക്കുന്നതും അപൂർവമായ ഒരു കാഴ്ചയാണ്.

വിമാനത്തിന്റെ ഗോവണിക്ക് താഴെ വിരിച്ച 100 അടി നീളമുള്ള ചുവന്ന പരവതാനിയായിരുന്നു സ്വീകരണച്ചടങ്ങിലെ പ്രധാന ആകർഷണം. പരവതാനിയുടെ ഇരുവശങ്ങളിലുമായി 21 അംഗ ഗാർഡ് ഓഫ് ഓണർ സംഘം നിലയുറപ്പിച്ചിരുന്നു. ഷീയെയും ഭാര്യയെയും സ്വീകരിക്കാനായി ട്രംപും മെലാനിയ ട്രംപും വിമാനത്തിന്റെ ഗോവണിപ്പടിക്ക് സമീപം കാത്തുനിന്നു. ഷീ വിമാനത്തിൽ നിന്നിറങ്ങിയ ഉടൻ കൈകൊടുത്ത് സ്വീകരിക്കുകയും ചെയ്തു.

ചടങ്ങിൽ ഗൺ സല്യൂട്ട്, അമേരിക്കൻ, ചൈനീസ് പതാകകൾ കൈയേന്തിയ സംഘങ്ങൾ, അമേരിക്കൻ എയർഫോഴ്സ് ബാൻഡ് എന്നിവയും ഉണ്ടായിരുന്നു. ബാൻഡ് സംഘം അമേരിക്കയുടെയും ചൈനയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. അമേരിക്കയുടെ വിവിധ സൈനിക വിഭാഗങ്ങളിൽനിന്നുള്ള പ്ലാറ്റൂണുകളും സ്വീകരണച്ചടങ്ങിന്റെ ഭാഗമായി അണിനിരന്നിരുന്നു.

നീളമുള്ള കോട്ടും കയ്യുറയും ധരിച്ചാണ് ട്രംപ് ചടങ്ങിൽ പങ്കെടുത്തത്. ഷീ ജിൻപിങ്ങിന് ഹസ്തദാനം ചെയ്യുന്നതിനായി ട്രംപ് ഒരു കയ്യിലെ ഗ്ലൗസ് അഴിച്ചുമാറ്റുകയും ഒരു ഘട്ടത്തിൽ ചൈനീസ് പ്രസിഡന്റിന്റെ മുതുകിൽ തട്ടി എന്തോ പറയുകയും ചെയ്തു. എന്നാൽ, ട്രംപ് എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല.

ചടങ്ങിനിടെ രണ്ട് ബി-1 ബോംബർ വിമാനങ്ങൾ പറന്നുയർന്ന് വ്യോമാഭ്യാസ പ്രകടനം നടത്തി. ബി-1 വിമാനങ്ങളുടെ വലിയ ശബ്ദം കേട്ട് ട്രംപ് മുഖം ചുളിച്ചെങ്കിലും ഷീ യാതൊരു ഭാവമാറ്റവുമില്ലാതെ ശാന്തനായി നിന്നതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

അവർക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നുവെന്നും വളരെ മികച്ച മനുഷ്യരാണ് അവരെന്നും സ്വീകരണത്തെക്കുറിച്ച് സംസാരിച്ച ട്രംപ് പറഞ്ഞു. ഈ വർഷം ആദ്യം തനിക്ക് ചൈനയിൽ ലഭിച്ച ഗംഭീര സ്വീകരണത്തിന് തുല്യമായ രീതിയിൽ ഷീ ജിൻപിങ്ങിന് സ്വീകരണം നൽകാൻ താൻ ആഗ്രഹിച്ചിരുന്നതായി ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷീ ജിൻപിങ് അമേരിക്കയിലെത്തിയത്. വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇറാൻ തുടങ്ങിയ വിഷയങ്ങളും യു.എസ്.-ചൈന ബന്ധത്തെ ബാധിക്കുന്ന മറ്റ് കാര്യങ്ങളും സന്ദർശനത്തിനിടയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.