ഇത്തവണ ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂലക്കല്ലുകളിലൊന്ന് 'വോക്ക്' വിരുദ്ധതയായിരുന്നു. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഈ പ്രത്യയശാസ്ത്രത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ എല്ലാവിധ സന്നാഹങ്ങളും സോഷ്യല്‍ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും ഹോളിവുഡ് പ്രമുഖരും പിന്നിലുണ്ടായിരുന്നിട്ടും കമല തോറ്റുപോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വോക്ക് പ്രത്യയശാസ്ത്രം അമേരിക്കാവിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കുന്നതില്‍ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നേടിയ വിജയമാണ്. പക്ഷേ, വോക്ക് പ്രത്യയശാസ്ത്രത്തെ അത്രവേഗം പരാജയപ്പെടുത്താന്‍ ട്രംപിനാവില്ല. ഇതിനകം അത് അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കിക്കഴിഞ്ഞു.
വോക്കിന്റെ വഴി
രാഷ്ട്രിയവും സാംസ്കാരികവുമായ തലത്തില്‍ ശരിക്കും ബോധവാന്മാരായിരിക്കുക എന്നതാണ് ആധുനിക കാലത്തെ അര്‍ത്ഥമെന്ന് ഓക്സ്ഫഡ് നിഘണ്ടു പറയുന്നത്. Awake എന്ന ഇംഗ്ലീഷ് പദത്തിന്റെ ആഫ്രിക്കന്‍-അമേരിക്കന്‍ ഇംഗ്ലീഷിലെ പര്യായമായിട്ടാണ് വോക്ക് (Woke) എന്ന വാക്ക് പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രത്യക്ഷപ്പെടുന്നത്. 1940-കളോടെ അത് കറുത്ത വര്‍ഗ്ഗക്കാരെ ബാധിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചു തുടങ്ങി. 2010-നു ശേഷം കുറച്ചുകൂടി വിശാലമായ ഒരു അര്‍ത്ഥത്തില്‍ അതുപയോഗിക്കപ്പെട്ടു- വംശീയ അനീതികള്‍, സെക്സിസം, എല്‍.ജി.ബി.ടി.ക്യൂ അവകാശലംഘനം, ഫെമിനിസം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, പ്രാന്തവല്‍ക്കൃത സമൂഹങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന നിരവധി സാമൂഹിക പ്രസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ അത് വളര്‍ന്നു. 2018-ല്‍ ഈ വാക്ക് ഓക്സ്ഫഡ് നിഘണ്ടുവിന്റെ ഭാഗമായി.
2014- ല്‍ കറുത്ത വര്‍ഗക്കാരനായ മൈക്കേല്‍ ബ്രൗണിനെ പോലീസ് വെടിവെച്ചു കൊന്നതിന് തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ കാലത്ത് വോക്ക് കൂടുതല്‍ പ്രചാരത്തിലായി. ഇന്ന് അമേരിക്കയിലെ ഇടതുപക്ഷവുമായി ബന്ധപ്പെടുത്തിയാണ് വോക്ക് കൂടുതലും ഉപയോഗിക്കപ്പെടുന്നത്. സ്വത്വരാഷ്ട്രീയം, സാമൂഹിക നീതി, വെള്ളക്കാര്‍ക്ക് ജന്മനാല് കിട്ടുന്ന അവര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത മെച്ചങ്ങള്‍, അമേരിക്കയില്‍ പണ്ടു നടന്ന അടിമക്കച്ചവടത്തിനുള്ള നഷ്ടപരിഹാരം, ചരിത്രപരമായ അനീതികള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഈ പ്രയോഗത്തിന്റെ കീഴില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര് പരിഹസിക്കാനാണ് വോക്ക് എന്ന പ്രയോഗം ഉപയോഗിക്കുന്നത്. ഡെമോക്രാറ്റുകളും പുരോഗമനവാദികളും നയിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളെ അവര്‍ വോക്ക് എന്നു വിളിച്ച് കളിയാക്കുന്നു. സാംസ്കാരിക മാര്‍ക്സിസത്തിന്റെ രൂപങ്ങളിലൊന്നാണ് വോക്കിസമെന്നും സമൂഹത്തെ വിഭജിക്കുകയാണ് അത് ലക്ഷ്യം വെക്കുന്നതെന്നും വലതുപക്ഷം ആരോപിക്കുന്നു. പ്രകടനാത്മകമായ ആക്ടിവിസത്തെ പരിഹസിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. പാശ്ചാത്യലോകത്തെ വരേണ്യ വര്‍ഗത്തിന്റെ ആധുനിക മതേതര മതമായി വോക്കിസത്തെ കാണുന്നവരുമുണ്ട്. സമത്വത്തിന്റെയും നീതിയുടെയും പുതിയൊരു ലോകത്തിനായി പ്രവര്‍ത്തിച്ചിരുന്ന വോക്ക് പ്രസ്ഥാനം- ബ്ലാക്ക് ലൈവ്സ് മാറ്റര്‍, മീ ടൂ പ്രക്ഷോഭങ്ങള്‍ പോലെ- പരിഹാസപാത്രമായത് വളരെ പെട്ടെന്നാണ്. പ്രസ്ഥാനത്തിന്റെ മഹത്തായ ലക്ഷ്യങ്ങളൊക്കെ വിസ്മരിക്കപ്പെട്ടു, അതിന്റെ പിഴവുകള്‍ പര്‍വതീകരിക്കപ്പെട്ടു.
കടുത്ത നിലപാടുകളും അസഹിഷ്ണുതയും എതിരഭിപ്രായമുള്ളവരെ യാഥാസ്ഥിതികരെന്ന് മുദ്ര കുത്തുകയും റദ്ദാക്കുകയും ചെയ്യുന്ന രീതികളും ലിംഗനീതി പ്രശ്നങ്ങളിലെ മുട്ടാപ്പോക്കുമാണ് വോക്കിസത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ വെറുക്കുന്നതിനു വഴിവെച്ചതെന്ന് നിരീക്ഷകര്‍ പറയുന്നു. ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തിയാലും ജോലിയില്‍നിന്ന് പുറത്താക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. ലോകത്തെ വോക്കുകള്‍ അടിച്ചമര്‍ത്തുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരും എന്നീ രണ്ടു വിഭാഗങ്ങളായി തിരിക്കുന്നു. അടിസ്ഥാനപരമായി, കാരുണ്യത്തോടെ സമൂഹത്തിലെ അനീതികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതാണ് വോക്കിസം. പക്ഷേ, പലപ്പോഴും അത് തീവ്ര നിലപാടുകളിലേക്ക് പോവുന്നതായി ആരോപിക്കപ്പെടുന്നു. പൊളിറ്റിക്കല്‍ കറക്ട്നെസിനെ അസംബന്ധമാം വിധം ഉയര്‍ത്തിപ്പിടിക്കുന്നു, വോക്കുകള്‍. 2021-ലെ അമേരിക്കന്‍ ബജറ്റില്‍ സ്ത്രീകളെ വിളിച്ചത് പ്രസവിക്കുന്ന ആള്ക്കാര് (Birthing People) എന്നാണ്. ജോര്‍ജ് സോറോസിന്റെ എന്‍.ജി.ഒ ഗര്‍ഭിണികളെ അഭിസംബോധന ചെയ്തത് ഗര്‍ഭമുള്ള ആള്ക്കാര് (Pregnant people) എന്നും.
ട്രംപിന്റെ 'പ്രതിജ്ഞ'
'യുവാക്കളുടെ ശാരീരികവും വൈകാരികവും രാസികവുമായ വികൃതമാക്കല്‍ തടയാനുള്ള' ട്രംപിന്റെ പദ്ധതി ഇങ്ങനെ പോവുന്നു: അധികാരമേറ്റെടുക്കുന്ന ദിവസം തന്നെ ജോ ബൈഡന്റെ ലിംഗമാറ്റ നടപടികളെ അനുകൂലിക്കുന്ന നയങ്ങളെ റദ്ദാക്കും. രൂപവ്യതിയാനം വരുത്തലും പ്രായപൂര്‍ത്തിയാകാത്തവരിലെ ശസ്ത്രക്രിയയും പ്രായപൂര്‍ത്തിയാവുന്നത് തടയുന്നതിനുള്ള മരുന്നു ചികിത്സയുമൊക്കെ അടക്കം. ലിംഗമാറ്റത്തിനുള്ള ശസ്ത്രക്രിയകളില്‍ പങ്കെടുക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ക്ക് ഫെഡറല്‍ അനുമതികള്‍ നിഷേധിക്കും, മൈനര്‍മാരില്‍ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രത്യേകവിഭാഗം രൂപീകരിക്കും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ലാഭേച്ഛ കാരണം വന്കിടഫാര്മ കമ്പനികള്‍ മറച്ചുവോ എന്നും ലൈസന്‍സില്ലാത്ത ഹോര്‍മോണുകളും പ്യൂബെര്‍ട്ടി ബ്ലോക്ക് ചെയ്യുന്ന മരുന്നുകളും വിറ്റോ എന്നും അന്വേഷിക്കും, തെറ്റായ ശരീരത്തില്‍ സ്വത്വം കുടുങ്ങിക്കിടക്കുകയാണെന്ന് വിദ്യാര്‍ത്ഥിയോടു പറയുന്ന അധ്യാപകരെ ശിക്ഷിക്കും എന്നിങ്ങനെ പോവുന്നു ട്രംപിന്റെ വാഗ്ദാനങ്ങള്‍.
അണുകുടുംബത്തിന്റെയും മാതാപിതാക്കളുടെയും നന്മകളെക്കുറിച്ചും സ്ത്രീ, പുരുഷന്മാരെ വ്യത്യസ്തവും സവിശേഷവുമാക്കുന്ന കാര്യങ്ങളെക്കുറിച്ചും പഠിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് പറയുന്നു. രണ്ടു ലിംഗങ്ങളേയുള്ളൂ എന്ന് ട്രംപ് വ്യക്തമാക്കുന്നു- ആണും പെണ്ണും; ജനിക്കുമ്പോളാണ് അത് തിരിച്ചറിയുന്നത്. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ പുരുഷന്മാരെ അനുവദിക്കില്ല എന്നും മാതാപിതാക്കളുടെ സമ്മതമില്ലാതെ ലിംഗമാറ്റം അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു.
പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ ബോക്സിംഗില്‍ സ്വര്‍ണം നേടിയ അള്‍ജീരിയയിലെ ഇമാനെ ഖെലീഫ് സ്ത്രീയല്ല, പുരുഷനാണ് എന്ന ആരോപണം ഓര്‍മിക്കുക. ഈയിടെ ഇമാനെ പുരുഷനാണെന്നു കണ്ടെത്തിയതായി ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തു, ആ വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ ഇമാനെ കേസിനു പോവുകയാണ്. വിവാദമെന്തായാലും അമേരിക്കയില്‍ ഇത് വലിയൊരു പ്രശ്നമാണ്. സ്ത്രീകളുടെ വാഷ് റൂമില്‍ സ്ത്രീയെന്നവകാശപ്പെടുന്ന പുരുഷശരീരമുള്ളവര് കടക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് വിവേക് രാമസ്വാമിയെപ്പോലുള്ള വലതുപക്ഷക്കാര്‍ പറയുന്നത്.
ട്രംപും കൂട്ടരും വോക്കുകളെ ഇടതുപക്ഷ തീവ്രവാദികളെന്നാണ് വിശേഷിപ്പിക്കുക. അധികാരഘടനകളെയും സാമൂഹിക അസമത്വങ്ങളെയും വെല്ലുവിളിക്കുന്ന സാംസ്കാരിക മാര്‍ക്സിസത്തിലെ ക്രിട്ടിക്കല്‍ തിയറിയും സ്വത്വ രാഷ്ട്രീയവും ഇന്റര്സെക്ഷണാലിറ്റിയും വോക്കുകള്‍ ഏറെക്കുറെ പിന്‍പറ്റുന്നുണ്ട്. പക്ഷേ, ഒരേ തോണിയിലെ യാത്രക്കാരാണ് വോക്കുകളും ഇടതുപക്ഷക്കാരും എന്നു കരുതിയാല്‍ തെറ്റി. വോക്കിസം വളരെ 'ഓവറാ'ണെന്ന് കരുതുന്നു ഇടതുപക്ഷത്തിലെ ഒരു വിഭാഗം. നിയോലിബറലിസത്തിന്റെ ഉല്‍പ്പന്നമാണ് അതെന്നും സ്വത്വത്തില്‍ അമിതമായി ശ്രദ്ധിക്കുന്നതിനാല്‍ വര്‍ഗ പോരാട്ടങ്ങളില്‍ നിന്നും വോക്കുകളുടെ ശ്രദ്ധ തെറ്റുന്നുവെന്നും അവര്‍ പറയുന്നു. 'ലെഫ്റ്റ് ഈസ് നോട്ട് വോക്ക്' എന്ന പുസ്തകത്തില്‍ അമേരിക്കന്‍ തത്വചിന്തക സൂസന് നെയ്മന്, വോക്ക് ന്യൂനപക്ഷങ്ങളെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരുതരം ഗോത്രീയതയാണ് എന്ന് ആരോപിക്കുന്നു.
മസ്കിനെ വേദനിപ്പിച്ച ലിംഗമാറ്റ ശസ്ത്രക്രിയ
ഡെമോക്രാറ്റ് അനുയായി ആയിരുന്ന ലോകത്തെ ഏറ്റവും സമ്പന്നന് ഇലോണ്‍ മസ്ക് ഈയിടെയാണ് ട്രംപിന്റെ ഏറ്റവും പ്രമുഖരായ പിന്തുണക്കാരില്‍ ഒരാളായത്. അതിനു കാരണം മകന് സേവ്യറിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയായിരുന്നു. 2004-ല്‍ ജനിച്ച സേവ്യര്‍ 2022-ലാണ് വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന പേരില്‍ പെണ്‍കുട്ടിയായി മാറിയത്. പിതാവിനോട് യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ വിവിയന്‍ അച്ഛന്റെ കുടുംബപ്പേര് സ്വന്തം പേരില്‍ നിന്നും ഒഴിവാക്കിയിരുന്നു. ട്രംപ് ജയിച്ചതോടെ അമേരിക്കയിലെ ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും രാജ്യം വിടാന്‍ ഉദ്ദേശിക്കുകയാണെന്നും വിവിയന്‍ വ്യക്തമാക്കിയിരുന്നു.
ആദ്യജാതനായ മകന് നെവാദയുടെ മരണത്തെക്കാള്‍ വേദനാജനകമായിരുന്നു മകന് സേവ്യര്‍ മകളായി മാറിയത് എന്ന് അഭിമുഖങ്ങളില്‍ മസ്ക് പറഞ്ഞിട്ടുണ്ട്. 'തീവ്രവാദപരമായ പ്രത്യയശാസ്ത്രങ്ങളാണ് അവള് സ്വീകരിച്ചിട്ടുള്ളത്.. അവന് പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് ആയിരിക്കുന്നു. എല്ലാ പണക്കാരും തിന്മ നിറഞ്ഞവരാണെന്ന് അവര്‍ കരുതുന്നു... സത്യത്തില്‍ എനിക്ക് മകന് നഷ്ടമായി. എന്റെ മകന് സേവ്യര്‍ മരിച്ചു, കൊന്നത് വോക്ക് മൈന്‍ഡ് വൈറസ് ആണ്. ഞാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണ്, ഈ വൈറസിനെ നശിപ്പിക്കും.'
സ്കൂളിലാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും രക്ഷിതാക്കള്‍ അറിയാതെ ലിംഗമാറ്റത്തെ കുറിച്ചുള്ള ആശയങ്ങള്‍ അവരില്‍ കുത്തിവെക്കുകയും ലിംഗമാറ്റത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 'എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കോവിഡ് കാലത്തായിരുന്നു അത്. മകന് ആത്മഹത്യ ചെയ്തേക്കുമെന്ന് അവര്‍ പറഞ്ഞു.' അങ്ങനെ കബളിപ്പിച്ചാണ് തന്നെക്കൊണ്ട് ശസ്ത്രക്രിയക്കുള്ള അനുമതിപത്രത്തില്‍ ഒപ്പിടുവിച്ചതെന്നും അദ്ദേഹം പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി തടയുന്നതിനുള്ള മരുന്നുകള്‍ കൊടുക്കുന്നതിനെതിരെയും ശക്തമായ വിമര്‍ശനമുണ്ട്. പക്ഷേ, ഈ ആരോപണങ്ങളൊക്കെ പെരുപ്പിച്ചവയാണ് എന്ന് വോക്കുകള്‍ ന്യായീകരിക്കുന്നു.
ഈ കണക്കുകള്‍ നോക്കുക. അമേരിക്കയില്‍ 2019-നും 2023-നും ഇടയ്ക്ക് 5,700 കുട്ടികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നിട്ടുണ്ടെന്ന് ഡൂ നോ ഹാം (Do No Harm) സംഘടടന പറയുന്നു. സ്വത്വ രാഷ്ട്രീയം, ലിംഗനീതി പ്രത്യയശാസ്ത്രം, വൈദ്യരംഗത്തെ നടപടികള്‍ എന്നിവയില്‍ ഉല്‍ക്കണ്ഠയുള്ള മെഡിക്കല്‍ പ്രൊഫഷനുകളുടെ അഡ്വക്കസി ഗ്രൂപ്പാണ് ഡൂ നോ ഹാം. ഏതാണ്ട് പതിനാലായിരം കുട്ടികളിലാണ് ജെന്‍ഡര്‍ ഡിസ്ഫോറിയക്ക് (ലൈംഗികസ്വത്വവും ശാരീരികാവസ്ഥയും വ്യത്യസ്തമാവുമ്പോള്‍ അനുഭവപ്പെടുന്ന മാനസിക അസ്വസ്ഥത) ചികിത്സ തേടിയത്, ഈ നാലു വര്‍ഷത്തിനുള്ളില്‍. ഇതില്‍ 5,747 പേര്‍ക്ക് ലൈംഗിക സ്വത്വവും ശരീരവും സമാനമാക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തി. കൂടാതെ 8,579 രോഗികള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നത് തടയാനുള്ള മരുന്നുകള്‍ നല്‍കുകയോ, അല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റിവെക്കല്‍ ചികിത്സയോ നടത്തി. ഇവയ്ക്കുള്ള ഇന്‍ഷുറന്‍സ് ക്ലെയിം ഏതാണ്ട് 119 മില്യന്‍ ഡോളറാണ്! ശരിക്കുള്ള കണക്കുകള്‍ ഇതിലും കൂടുതല്‍ ആയിരിക്കാം എന്നും പറയുന്നു ഡൂ നോ ഹാം.
അമേരിക്കന്‍ വിദ്യാഭ്യാസവും ഡി.ഇ.ഐയും
അമേരിക്കയിലെ വിദ്യാലയങ്ങളിലും കോളജുകളിലും തൊഴിലിടങ്ങളിലും നിരവധി ഡൈവേഴ്സിറ്റി, ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി (വൈവിധ്യത, തുല്യത, ചേര്‍ത്തുനിര്‍ത്തല്‍, DEI) പരിപാടികള്‍ നടന്നു വരികയാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ ഒപ്പം ചേര്‍ക്കുന്നതിനും ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കുന്നതിനും ഉദ്ദേശിച്ചാണ് ഈ പരിപാടികള്‍. അടിമക്കച്ചവടം അടക്കമുള്ള ചരിത്രപരമായ അനീതികള്‍, വര്‍ണവെറി, ലൈംഗികന്യൂനപക്ഷങ്ങള്‍, ലിംഗവിവേചനം, സ്വത്വരാഷ്ട്രീയം എന്നിവയെക്കുറിച്ച് അവബോധമുണ്ടാക്കുകയും ഈ പദ്ധതികളുടെ ലക്ഷ്യമാണ്.
പ്രാന്തവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് തൊഴിലവസരങ്ങളില്‍ തുല്യ അവസരം ലഭ്യമാക്കുക, വെള്ളക്കാര്‍ ഭൂരിപക്ഷമായ കോര്‍പ്പറേറ്റ് തൊഴിലിടങ്ങളില്‍ ഒറ്റപ്പെടല്‍ തോന്നാതിരിക്കുക എന്നിവയൊക്കെ ലക്ഷ്യം വെച്ചാണ് ഡി.ഇ.ഐ ആരംഭിച്ചത്. 1964-ല്‍ പ്രസിഡന്റ് ലിണ്ടന്‍ ജോണ്സണ് ഒപ്പുവച്ച സിവില്‍ റൈറ്റ് ആക്ട് ലിംഗം, നിറം ദേശീയത എന്നിവയുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിവേചനത്തെ നിരോധിച്ചതാണ് പില്ക്കാലത്ത് ഡി.ഇ.ഐ ഉണ്ടാവുന്നതിനു വഴിവെച്ചത്. 1979-ല്‍ ജിമ്മി കാര്‍ട്ടര്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥാപിച്ചതും സഹായകമായി. ഇന്ന്, കോളേജുകളാണ് ഡി.ഇ.ഐ ചര്‍ച്ചകളുടെ പ്രധാനവേദി.
സമീപകാലത്ത് അമേരിക്കയിലെ ഹാര്‍വാഡ് പോലുള്ള മുന്‍നിര സര്‍വകലാശാലകള്‍ വലതുപക്ഷക്കാരുടെ ആക്രമണത്തിനിരയായിരുന്നു, തീവ്ര ഇടത്, വോക്ക് നിലപാടുകളുടെ പേരില്‍. പലസ്തീന് പ്രശ്നത്തില്‍ പ്രതിഷേധത്തിനിറങ്ങിയ ചില ഹാര്‍വാഡ് വിദ്യാര്‍ത്ഥികള്‍ ജൂതരുടെ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തത് ആഗോളശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യയില്‍ ജെ.എന്‍.യു പോലുള്ള മേല്‍ത്തട്ട് സര്‍വകലാശാലകളില്‍ വോക്ക് ആശയങ്ങള്‍ക്ക് നല്ല വേരോട്ടമുണ്ട്. പൊതുവെ, മാനവിക വിഷയങ്ങള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് ഇതിന്റെ മുന്‍നിരയില്‍. വര്‍ഗ്ഗ, ജാതി, ലിംഗ, സ്വത്വ, സ്ത്രീപക്ഷ, ലൈംഗിക ന്യൂനപക്ഷ വൈജാത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ തത്വ ചിന്തയ്ക്ക് യൂറോപ്പിലും നല്ല പ്രചാരമുണ്ട്.്
ജനസംഖ്യാപരമായ വൈവിധ്യത്തെ കണക്കിലെടുത്തുള്ള നിഷ്പക്ഷ പരിപാടികള്‍ അല്ല ഡി.ഇ.ഐ സംഘടിപ്പിക്കുന്നത്, മറിച്ച് പൗരന്മാര് കരമടയ്ക്കുന്ന പണം എടുത്ത് ഒരു പ്രത്യേക വിഭാഗത്തിലുള്ള യാഥാസ്ഥിതികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പരിപാടി ആണെന്ന് എതിരാളികള്‍ ആക്ഷേപിക്കുന്നു. ട്രംപിനെപ്പോലുള്ളവര്‍ ഈ പരിപാടി അടിസ്ഥാനപരമായി അമേരിക്കാവിരുദ്ധമാണെന്ന് കരുതുന്നു. ഡി.ഇ.ഐ വര്ണ്ണവെറിക്കുള്ള പര്യായമാണെന്നും വിവേചനപരമാണെന്നും വര്‍ണ്ണവിവേചനം പരിഹരിക്കാന്‍ മറ്റു ചില ഗ്രൂപ്പുകളെ, പ്രത്യേകിച്ച് വെള്ളക്കാരായ അമേരിക്കക്കാരെ, തഴയുന്നു എന്നും ആരോപണമുണ്ട്.
എന്തായാലും വിദ്യാലയങ്ങളില്‍ ഡി.ഇ.ഐ പരിപാടികള്‍ നിര്‍ത്തിവയ്ക്കാനോ പരിമിതപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ പല സംസ്ഥാനങ്ങളിലും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2023 ശേഷം ഡി.ഇ.ഐക്കെതിരായ 81 ബില്ലുകളാണ് 28 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിലുമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം നിയമമായി. ടെക്സസിലും ഫ്ലോറിഡയിലും അടക്കം. 2023-ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ തൊഴിലെടുക്കുന്ന മുതിര്‍ന്ന അമേരിക്കന്‍ പൗരന്മാരില് 52 ശതമാനം പേരും ഡി.ഇ.ഐ പരിശീലനം നേടുകയോ, ജോലിക്കിടെ ഇതു സംബന്ധിച്ച യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ട്.
പിന്‍തൊഴി: ട്രംപ് തിരഞ്ഞടുക്കപ്പെട്ടതില്‍ ദു:ഖം സഹിക്കാനാകാത്തവര്ക്കായി ഒരു അമേരിക്കന്‍ കമ്പനി ഗംഭീരപാക്കേജ് അവതരിപ്പിച്ചിരിക്കുന്നു- ഒന്നു മുതല്‍ നാലു വര്‍ഷം വരെ സമുദ്ര സഞ്ചാരം. ഒരു വര്‍ഷത്തെ യാത്രയ്ക്ക് പേരിട്ടിരിക്കുന്നത് രസകരമാണ്- എസ്കെയ്പ് ഫ്രം റിയാലിറ്റി!
Content Highlights: Woke Culture: Trump`s Anti-Woke Campaign & Its Impact
Published: 12 Nov 2024, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented