ന്യൂയോര്‍ക്ക്‌: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗം തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമാനിയായ റിപ്പബ്ലിക്കനാണ് തുൾസിയെന്ന് ട്രംപ് പ്രസ്താവനയിറക്കി. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ട്രംപ് പരി​ഗണിച്ചവരിൽ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ​തുൾസി. 

To advertise here,

നിർഭയമായി തന്റെ കരിയറിലുടനീളം പ്രവർത്തിച്ച തുൾസി ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുമെന്നും രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്നും താൻ വിശ്വസിക്കുന്നു. അവർ നമുക്കെല്ലാം അഭിമാനമാകും. ദീർഘകാലം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനാണ് ആ​ഗ്രഹിക്കുന്നത്. തന്റെ ആദ്യകാല ഭരണത്തേയും പ്രചാരണങ്ങളെയും തകർക്കാൻ യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിച്ചതായും ട്രംപ് പ്രസ്താവനയിൽ പറയുന്നു. 

21-ാം വയസ്സിൽ ഹവായിയിൽ ജനപ്രതിനിധി അം​ഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ​തുൾസിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷം ആർമി നാഷണൽ ഗാർഡിൽ ചേർന്ന തുൾസി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി മുൻ നേതാവാണ്‌ തുൾസി. 

2020-ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ തുൾസിക്ക് പിന്നീട് പിന്മാറേണ്ടിവന്നു. ഇതോടെ, 2022-ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ടതിന് ശേഷം അടുത്തിടെയാണ് അവർ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് ബൈഡനുമായും കമലയുമായും ഇടഞ്ഞുനിൽക്കുന്ന സമയത്താണ് അവർ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചേക്കേറുന്നത്.  കമലാ ഹാരിസിനെതിരായ സംവാദത്തിന് തയ്യാറെടുക്കുന്നതിൽ ട്രംപിനെ സഹായിച്ച വ്യക്തികൂടിയായിരുന്നു തുൾസി. 

യു.എസിലെ സമോവയിലായിരുന്നു ​അവരുടെ ജനനം. യു.എസ് പാർലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസികൂടിയായ ​ഗബാർഡ് ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. തുൾസി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ​ഗബാർഡ് യഥാർഥത്തിൽ അമേരിക്കക്കാരിയാണ്. അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കൾക്കെല്ലാം ഹിന്ദു പേരുകൾ നൽകി എന്നതാണ് അവരുടെ പേരിന് പിന്നിലെ കാര്യം.