ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനങ്ങളുടെ അധിപരാണ് ഞെട്ടിവിറച്ചത്. മൊസാദ് അറിയാതെ ഒരിലപോലും അനങ്ങില്ലെന്ന ഇസ്രയേലിന്റെ അഭിമാനത്തിനാണു ക്ഷതമേറ്റത്‌. ഇസ്രയേലിന്റെ സകല നിരീക്ഷണ വേലികളെയും നിഷ്പ്രഭമാക്കിക്കൊണ്ട്‌ ഒക്ടോബര്‍ ഏഴിന് പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തി. നാലുദിവസങ്ങള്‍ക്കകം മൂവായിരത്തോളം ജീവനാണ്  ഇസ്രയേല്‍ - ഹമാസ് യുദ്ധം കവര്‍ന്നത്. ലോകത്തിലെ നാലാമത്തെ വലിയ സൈനികശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന ഇസ്രയേലിനുനേരെ ആഞ്ഞടിച്ച ഹമാസ് ആരാണ്? എന്താണ് ഇവരുടെ ലക്ഷ്യങ്ങള്‍?

To advertise here,

ഹമാസ്- 'ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം'

ഹർക്കത്തുൽ മുഖാവാമ അൽ ഇസ്ലാമിയ എന്നതിന്റെ ചുരുക്കമായ ഹമാസ് എന്ന വാക്കിന് ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നു പറയാം. പലസ്തീൻ പ്രദേശമായ, 365 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീർണ്ണമുള്ള ഗാസ മുനമ്പിന്റെ രാഷ്ട്രീയ അധികാരം കൈയാളുന്നത് ഹമാസാണ്. ഇസ്രയേല്‍ എന്ന രാജ്യത്തെ ഹമാസ് അംഗീകരിക്കുന്നില്ല. 1967-ലെ അതിര്‍ത്തിപ്രകാരമുള്ള പലസ്തീനെയാണ് ഇവര്‍ അംഗീകരിക്കുന്നത്. പലസ്തീന്റെ പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചെടുക്കുന്നതിനെതിരേ ആരംഭിച്ച ഒന്നാം ഇന്‍തിഫാദയ്ക്കു ശേഷമാണ് ഗാസയില്‍ ഹമാസ് രൂപം കൊള്ളുന്നത്. 1987-ല്‍ ഷെയ്ക് അഹമ്മദ് യാസിന്റെയും കൂട്ടാളി അബ്ദുള്‍ അസിസ് അല്‍-റാന്റിസിയുടെയും നേതൃത്വത്തിലാണ് ഹമാസ് സംഘടന സ്ഥാപിക്കപ്പെട്ടത്. 

ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയുടെ ശാഖയായാണ് ഹമാസിന്റെ തുടക്കം. പലസ്തീനെ സ്വതന്ത്രമാക്കുകയാണ് ഇവരുടെ ലക്ഷ്യം.  ഇതിനുവേണ്ടി സായുധ കലാപങ്ങള്‍ നയിക്കാനായി പിന്നീട് ഇസ്സത് ദീൻ അൽ അല്‍-ഖസം ബ്രിഗേഡ് എന്നൊരു പട്ടാളസംഘത്തെയും ഹമാസ് ഉണ്ടാക്കി. ഇസ്രയേല്‍ അധിനിവേശം ബാധിച്ച പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സേവനങ്ങളും ഹമാസ് ഉറപ്പാക്കിയിരുന്നു. 

നിരവധി പ്രാദേശിക സഖ്യസംഘടനകളുടെ ഭാ​ഗമാണ് ഹമാസ്. മിഡിൽ ഈസ്റ്റിനോടും ഇസ്രയേലിനോടുമുള്ള യു.എസ്. നയങ്ങളെ എതിര്‍ക്കുന്ന ലെബനനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുള്ള,  ഇറാന്‍, സിറിയ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഒരു പ്രാദേശിക സഖ്യത്തിന്റെ ഭാഗമാണിവർ.  പലസ്തീനിലെ രണ്ടാമത്തെ വലിയ സായുധ സംഘടമായ ഇസ്ലാമിസ്റ്റ് ജിഹാദും ഇസ്രയേലിനെതിരേ പ്രവര്‍ത്തിക്കാനായി ഹമാസുമായി കൈകോര്‍ക്കാറുണ്ട്.  ഗാസയിലെ വിവിധ സായുധ ഗ്രൂപ്പുകള്‍ക്കിടയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍ റൂമിലെ സജീവസാന്നിധ്യമാണിവര്‍. ഇസ്രയേലിനെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഹമാസുമായുള്ള ഇസ്ലാമിസ്റ്റ് ജിഹാദിന്റെ ബന്ധം വഷളായിരിക്കുകയാണ്. 

placeholder
ടൊറൊണ്ടോയിൽ നടന്ന മാർച്ചിൽ പലസ്തീൻ അനുകൂലികൾ പതാക വീശുന്നു | ഫോട്ടോ: പി.ടി.ഐ
ടൊറൊൻറോയിൽ നടന്ന മാർച്ചിൽ പലസ്തീൻ അനുകൂലികൾ പതാക വീശുന്നു | ഫോട്ടോ: പി.ടി.ഐ.

ലക്ഷ്യം സ്വതന്ത്ര പലസ്തീൻ

സമ്മര്‍ദ്ദം എത്രതന്നെ വര്‍ധിച്ചാലും ഇസ്രയേല്‍ അധിനിവേശം എത്രകാലം നീണ്ടുനിന്നാലും പലസ്തീന്റെ ഒരിഞ്ച് മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് 2017-ല്‍ പലസ്തീന്‍ നേതാവ് ഖാലിദ് മെഷാല്‍ പറഞ്ഞിട്ടുണ്ട്. 1990-കളുടെ പകുതിയോടെ ഇസ്രയേലും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മില്‍ ചര്‍ച്ചചെയ്ത ഒസ്ലോ സമാധാന ഉടമ്പടിയെ ഹമാസ് തീവ്രമായി എതിര്‍ക്കുന്നു. സ്വന്തം അതിര്‍ത്തിക്കകത്ത് പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രയേലിലും ഇസ്രയേല്‍ സൈനികര്‍ക്കും കുടിയേറ്റക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെയുള്ള  ആക്രമണങ്ങളിലൂടെയാണ് ഹമാസ് ഈ ലക്ഷ്യം നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഹമാസ് സംഘടനയെയും ഹമാസിന്റെ സായുധ സംഘത്തെയും ഇസ്രയേല്‍, യു.എസ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ. ഈജിപ്ത്, ജപ്പാന്‍ എന്നിവര്‍ ഭീകരസംഘടനായി പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീന്‍ അതോറിറ്റിയുടെയും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെയും (പി.എല്‍.ഒ) തലവനായ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വിശ്വസ്തരായ ഫതാ സേനയ്ക്കെതിരായ ഹ്രസ്വയുദ്ധത്തിനു ശേഷം, 2007 മുതലാണ് ഹമാസ് ഗാസ മുനമ്പിന്റെ അധികാരം കൈയാളുന്നത്.  എന്നാൽ, അന്താരാഷ്ട്ര സമൂഹം പാലസ്തീന്‍ ജനതയുടെ ഔദ്യോഗിക പ്രതിനിധികളായി അംഗീകരിച്ചിട്ടുള്ളത് പലസ്തീന്‍ നാഷണലിസ്റ്റ് സഖ്യമായ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെയാണ്. 

നിലവിലെ ആക്രമണത്തിനുപിന്നില്‍

ദശാബ്ദങ്ങളായി പലസ്തീന്‍കാര്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്ന അതിക്രമങ്ങള്‍ക്കുള്ള മറുപടി  എന്നാണ് ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുനേരേ നടത്തിയ ആക്രമണത്തെക്കുറിച്ച് ഹമാസ് വക്താവ് ഖാലിദ് ഘദോമി അല്‍ ജസീറയോട് വ്യക്തമാക്കിയത്. അല്‍-അഖ്സ പോലെയുള്ള  വിശുദ്ധസ്ഥലത്തിനെതിരേയും ഗാസയിലെ പലസ്തീന്‍ ജനതയ്ക്കെതിരേയും നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അതാണ്  യുദ്ധത്തിനുപിന്നിലെ കാരണം എന്നായിരുന്നു വിശദീകരണം

ഇക്കുറി ഇസ്രയേലിനു നേരെയുണ്ടായ ഹമാസ് ആക്രമണം അപ്രതീക്ഷിതമായിരുന്നു. അതേസമയം, തന്ത്രവും ആസൂത്രണവും പരിശീലനവും സന്നാഹങ്ങളും കൊണ്ട് സുസജ്ജമായിരുന്നു. ഇസ്രയേലിന്റെ സുരക്ഷാവേലികൾ തകർക്കാനുതകുന്ന നൂതന സൈനിക സന്നാഹങ്ങളും ആയുധബലവും ഹമാസിന് എവിടെനിന്ന് ലഭിച്ചു എന്നത് വലിയ ചോദ്യചിഹ്നമാണ്. 

കരവഴിയും കടൽവഴിയും ആകാശമാർ​ഗവും ഹമാസിന്റെ സായുധസംഘം ഇസ്രയേലിലേക്കെത്തി. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ഇസ്രയേൽ നിരീക്ഷണ പോസ്റ്റുകൾക്ക് നേരെ ആദ്യ ആക്രമണം. പിന്നീടായിരുന്നു  ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തെ മറികടന്നുകൊണ്ടുള്ള വൻ റോക്കറ്റ് ആക്രമണങ്ങൾ. 4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തുനിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകർക്കാനുള്ള ശേഷിയുള്ളതാണ് ഇസ്രയേലിന്റെ അയൺ ഡോം സംവിധാനത്തിന്. 

placeholder
ഹമാസിന് നേരെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രയേല്‍ സൈനികര്‍ | ഫോട്ടോ: എ.എഫ്.പി
ഹമാസിന് നേരെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രയേല്‍ സൈനികര്‍ | ഫോട്ടോ: എ.എഫ്.പി

മാസങ്ങളായി രാഷ്ട്രീയ അസ്ഥിരതയിലൂടെ ഇസ്രയേൽ കടന്നുപോകുന്ന സാഹചര്യത്തിലാണ് ആക്രമണത്തിന് ​ഹമാസിന്റെ ആസൂത്രണം എന്നതും ശ്രദ്ധേയമാണ്. 2008 മുതൽ ​ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ നാല് യുദ്ധങ്ങളിൽ പലസ്തീന് നഷ്ടമായത് ആയിരങ്ങളുടെ ജീവനുകളാണ്. ഈ യുദ്ധങ്ങളി‌ൽ നിന്നെല്ലാം ഇസ്രയേലിന്റെ ആക്രമണ തന്ത്രങ്ങൾ കൂടിയാവണം ഹമാസ് മനസ്സിലാക്കിയത്. ഇസ്രയേലിനേക്കാൾ അറുപതിൽ ഒന്ന് മാത്രം വിസ്തൃതിയുള്ള ​ഗാസ മുനമ്പെന്ന വളരെ ചെറിയ പ്രദേശത്താണ് ഹമാസ് സൈനിക പരിശീലനങ്ങളും ആസൂത്രണങ്ങളും സംഘടിപ്പിക്കുന്നത്.  

ഐ.ഇ.ഡി, റോക്കറ്റുകൾ, ലൈറ്റ് വെപ്പൺസ് എന്നിവയുപയോ​ഗിച്ചാണ് സർവ്വസൈനിക സന്നാഹങ്ങളുള്ള ഇസ്രയേലിനോടുള്ള ഹമാസിന്റെ ഏറ്റുമുട്ടൽ. അതുകൊണ്ടുതന്നെ ആയുധങ്ങളല്ല തന്ത്രങ്ങളാണ് ഹമാസ് ആയുധമാക്കുന്നത്. തങ്ങളുടെ ഭാ​ഗത്ത് മരണം കുറക്കാനായി ഹിറ്റ് ആൻഡ് റൺ മാതൃകയിലും സ്നൈപ്പർ ആക്രമണങ്ങളും ഒളിയാക്രമണങ്ങളുമാണ് ഹമാസ് നയിക്കുന്നത്.  

ഉത്തരവാദിത്ത്വം ആർക്ക്?

ഒരു പ്രദേശത്ത് ജനസംഖ്യപരമായി ഏറെ മുന്നിലായിരുന്ന ഒരു ജനതയെ അടിച്ചമർത്തിയും അവരുടെ ഭൂമിയിലേക്ക് അധിനിവേശം നടത്തിയും ഇസ്രയേൽ  വെട്ടിപ്പിടിച്ചപ്പോൾ സ്വന്തമായൊരു രാഷ്ട്രമോ ഭരണകൂടമോ ഇല്ലാതെ പോയത് പലസ്തീനാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിനാൽ പലസ്തീനിൽ ഹമാസിനെ പോലെ സായുധ കലാപങ്ങളെ പിന്തുണയ്ക്കുന്ന തീവ്ര സംഘടനകളുടെ ഉദയത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഇസ്രയേലിനും നും ബ്രിട്ടനും അമേരിക്കയ്ക്കും ഒരു ജനതയ്ക്ക് സമാധാനവും മനുഷ്യാവകാശവും ഉറപ്പാക്കാൻ സാധിക്കാത്ത അന്താരാഷ്ട്ര സമൂഹത്തിനും ഒഴിഞ്ഞുമാറാനാവില്ല.