
വാഷിങ്ടൺ: റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണവാങ്ങുന്നതിന്റെപേരിൽ ഇന്ത്യയെ കടന്നാക്രമിച്ച് വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. യുക്രൈനെതിരേ റഷ്യനടത്തുന്ന യുദ്ധത്തെ ‘മോദിയുദ്ധം’ എന്നാണ് നവാരോ വിശേഷിപ്പിച്ചത്. ബുധനാഴ്ച ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് നിർത്തിയാൽ അതിന്റെപേരിൽ യുഎസ് ചുമത്തിയിരിക്കുന്ന 25 ശതമാനം പിഴച്ചുങ്കത്തിൽനിന്ന് ഇന്ത്യക്ക് രക്ഷപ്പെടാമെന്ന് നവാരോ പറഞ്ഞു. “റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈനെതിരേയുള്ള യുദ്ധത്തെ ഇന്ത്യ സഹായിക്കുകയാണ്. ഈ നടപടി റഷ്യയുടെ സൈനികനടപടിയെ ശക്തിപ്പെടുത്തും. അസംസ്‌കൃത എണ്ണ വിറ്റുകിട്ടുന്ന പണം മുഴുവൻ റഷ്യ യുദ്ധത്തിനാവശ്യമായ പടക്കോപ്പുകളും മറ്റും വാങ്ങാനാണ് ഉപയോഗിക്കുന്നത്.” -നവാരോ ആരോപിച്ചു.
യുക്രൈനിൽ സമാധാനം പുലരാനുള്ള വഴി ഭാഗികമായി ഇന്ത്യയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയും ചൈനയും റഷ്യൻ എണ്ണവാങ്ങുന്നത് നിർത്താനായാൽ അന്ന് യുക്രൈൻ യുദ്ധം തീരും, കാരണം പിന്നീട് യുദ്ധത്തിലൊഴുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന് എവിടെ പണം?” -നവാരോ ചോദിച്ചു.
“ഇന്ത്യയുടെ ചെയ്തികൾമൂലം അമേരിക്കയിൽ എല്ലാവർക്കും നഷ്ടമാണ്. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും നഷ്ടമേയുള്ളൂ. ഇന്ത്യയുടെ ഉയർന്ന തീരുവകൊണ്ട് യുഎസിൽ ജോലിയും വരുമാനവും ഉയർന്ന വേതനവും നഷ്ടപ്പെടുന്നു. നികുതിദായകരെ സംബന്ധിച്ചും നഷ്ടമാണ്. കാരണം അവർക്ക് മോദിയുടെ യുദ്ധത്തിന് ഫണ്ടുചെയ്യേണ്ടിവരുന്നു.” -നവാരോ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മഹാനായ നേതാവാണെന്നും പക്വതയുള്ള ആളുകളുള്ള പക്വതയാർന്ന ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും നവാരോ പറഞ്ഞു. പക്ഷേ, വ്യാപാരകാര്യത്തിലെ ഇന്ത്യയുടെ കടുംപിടിത്തമാണ് യുഎസിനെ അലട്ടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ തീരുവയുള്ള രാജ്യമാണ് തങ്ങളെന്ന് സമ്മതിക്കാൻ ഇന്ത്യ തയ്യാറല്ല. ഇഷ്ടമുള്ളയിടത്തുനിന്ന് തങ്ങൾക്ക് എണ്ണ വാങ്ങാമെന്നതാണ് അവരുടെ നിലപാട്.
“റഷ്യയിൽനിന്ന് ലാഭത്തിന് അസംസ്കൃത എണ്ണ വാങ്ങി, ഇന്ത്യൻ ശുദ്ധീകരണശാലകളിൽ റഷ്യൻ റിഫൈനറികളുടെ സഹായത്തോടെ സംസ്‌കരിച്ച് മുന്തിയ എണ്ണയായി ഇന്ത്യ അത് ലോകവിപണികളിൽ മറിച്ചുവിൽക്കുന്നു. അതിലൂടെ കൂടുതൽ യുക്രൈൻകാരെ കൊല്ലാൻ റഷ്യക്ക് പണം കിട്ടും. പിന്നീടെന്തുസംഭവിക്കും? റഷ്യയെ നേരിടാൻ കൂടുതൽ പണം വേണമെന്നുപറഞ്ഞ് യുക്രൈൻ യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും അടുത്ത് വീണ്ടുമെത്തും.” -നവാരോ പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നും സമാഗ്രാധിപത്യരാജ്യങ്ങളുടെയോ നേതാക്കളുടെയോ പക്ഷംപിടിച്ചല്ല ജനാധിപത്യപരമായാണ് അവർ പെരുമാറേണ്ടതെന്നും നവാരോ പറഞ്ഞു.
റഷ്യൻ എണ്ണയുടെ പേരിൽ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കമുൾപ്പെടെ ഇന്ത്യക്കുള്ള യുഎസിന്റെ 50 ശതമാനം ഇറക്കുമതിത്തീരുവ ബുധനാഴ്ചയോടെയാണ് പ്രാബല്യത്തിൽവന്നത്.
Content Highlights: White House Advisor Criticizes India's Russian Oil Imports, Links to Ukraine Conflict
Published: 29 Aug 2025, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented