
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷമായി. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽനിന്നുള്ള ജലവും ഇല്ലാതായതോടെ കൃഷി നടത്താനാവാതെ വലയുകയാണ് ജനം.
തദ്ദേശ നദികളിൽ വെള്ളം കുറഞ്ഞതു മാത്രമല്ല കൃഷിയെ പ്രതിസന്ധിയിലാക്കിയത്. സിന്ധൂ നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽനിന്ന് ഒഴുകിയിരുന്ന നദികളിൽനിന്നുമുള്ള ജലത്തിന്റെ ലഭ്യതയും ഇല്ലാതായി. സിന്ധുനദിയിലെ ടർബെല ഡാമിലും ഝലം നദിയിലെ മംഗ്ല ഡാമിലും ജലത്തിന്റെ അളവിൽ വലിയ കുറവുണ്ടായതായി പാകിസ്താൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.
2024 ജൂൺ രണ്ടിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോൾ 2025 ജൂണിൽ പഞ്ചാബ് പ്രവിശ്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ അളവിൽ 10.3 ശതമാനം കുറവു വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഈ പ്രവിശ്യയിലെ കാർഷികവൃത്തിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
തെക്കു-പടിഞ്ഞാറൻ മൺസൂൺ എത്താൻ ഇനിയും നാലാഴ്ച കൂടി വേണമെന്നിരിക്കെ വരുംദിവസങ്ങളിൽ വലിയ ജലദൗർലഭ്യം ഉണ്ടാകാനാണു സാധ്യത. ഇസ്ലാമാബാദിലെ ഇൻഡസ് റിവർ സിസ്റ്റം അതോറിറ്റിയുടേതാണ് (ഐആർഎസ്എ) ഈ കണക്കുകൾ.
Content Highlights: pakistan water crisis worsens after indus waters treaty suspension
Published: 02 Jun 2025, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented