ബെയ്ജിങ്: ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. ബ്രിക്സ് അംഗരാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന് തടയിടുന്ന വിവേചനപരമായ ഉപരോധങ്ങള്‍ക്കെതിരേ റഷ്യയും ചൈനയും പൊതുനിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

ചൈനയിലെ ടിയാന്‍ജിനില്‍ ഷാങ്ഹായി സഹകരണ ഓര്‍ഗനൈസേഷന്റെ(എസ്.സി.ഒ.) ഉച്ചകോടിക്കായി എത്തിയ അദ്ദേഹം ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിക്സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധികതീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് പുതിന്റെ ഈ പരാമര്‍ശം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഇറാന്‍, എത്യോപ്യ, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. 

അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായുള്ള അധിക വിഭവസമാഹരണത്തില്‍ റഷ്യയും ചൈനയും പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ആഗോളവെല്ലുവിളികളെ നേരിടാനായി ബ്രിക്സിനെ ശക്തിപ്പെടുത്തുന്നതില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് നില്‍ക്കുകയാണെന്നും പുതിന്‍ പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും ഉപകാരപ്രദമാകുമന്ന പുരോഗതിയാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഈ മഹത്തായ ലക്ഷ്യത്തിലേക്ക് റഷ്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിയാന്‍ജിനിലെ ഉച്ചകോടി എസ്.സി.ഒ.യെ ശക്തിപ്പെടുത്തും. എസ്.സി.ഒ.യുടെ ആകര്‍ഷണം അതിന്റെ ലളിതമായതും പക്ഷേ, ശക്തമായതുമായ തത്ത്വങ്ങളാണ്. തുല്യമായ സഹകരണത്തിനുള്ള തുറന്നപ്രകൃതം, മൂന്നാംകക്ഷികളെ ലക്ഷ്യമിടാതിരിക്കല്‍, ഓരോ രാജ്യത്തിന്റെയും ദേശീയമായ സവിശേഷതകളോടുള്ള ബഹുമാനം തുടങ്ങിയവയാണ് എസ്.സി.ഒ.യുടെ ആകര്‍ഷണം. ഈ മൂല്യങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര നിയമങ്ങളിലൂന്നി നീതിയുക്തമായ ബഹുധ്രുവമായ ഒരു ലോകക്രമം രൂപപ്പെടുത്തുന്നതില്‍ എസ്.സി.ഒ. സംഭാവന നല്‍കുന്നുണ്ടെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു. 

അതിനിടെ, എസ്.സി.ഒ. ഉച്ചകോടിക്കായി ടിയാന്‍ജിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിനുമായി വൈകാതെ കൂടിക്കാഴ്ച നടത്തും. യുഎസിന്റെ തീരുവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന. നേരത്തേ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പരസ്പര വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണമെന്നാണ് കൂടിക്കാഴ്ചയ്ക്കിടെ ഷി ജിന്‍പിങ്ങ് മോദിയോട് പറഞ്ഞത്. നമ്മള്‍ എതിരാളികളല്ലെന്നും പങ്കാളികളാണെന്നും മോദിയും പറഞ്ഞു. ഷി ജിന്‍പിങ്ങിനെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിക്കുകയുംചെയ്തു. ട്രംപിന്റെ തീരുവ ഇന്ത്യന്‍ കയറ്റുമതിയെയും വിപണിയെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചൈനയുമായും റഷ്യയുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ ഏറെ നിര്‍ണായകമാണ്.