
കരക്കാസ്: വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ഉണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ രാജ്യത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ 123 വർഷത്തിനിടെ വെനസ്വേല നേരിട്ട ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. ഭൂകമ്പത്തിൽ 3,238 പേർക്ക് പരിക്കേറ്റു. ഏകദേശം 3,142 കുടുംബങ്ങൾ നിലവിൽ അഭയകേന്ദ്രങ്ങളിലാണ് എന്നാണ് ഔദ്യോഗിക കണക്കുകൾ. തീരദേശ സംസ്ഥാനമായ ലാ ഗൈ്വറയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ ബഹുനില കെട്ടിടങ്ങൾ പൂർണമായും തകരുകയും റോഡുകൾ വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്.
ഭൂകമ്പം നടന്ന് 72 മണിക്കൂർ പിന്നിട്ടതോടെ അതിജീവനത്തിനുള്ള സാധ്യതകൾ കുറയുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. എങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി 2,200-ലധികം അന്താരാഷ്ട്ര രക്ഷാപ്രവർത്തകരും 14,000 സൈനികരും തിരച്ചിൽ തുടരുകയാണ്.
സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും ആവശ്യമായ യന്ത്രസാമഗ്രികൾ എത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും ജനങ്ങൾക്കിടയിൽ പരാതിയുണ്ട്. വെനസ്വേലയുടെ പക്കലുള്ള രക്ഷാപ്രവർത്തന ഉപകരണങ്ങൾ അന്താരാഷ്ട്ര നിലവാരത്തേക്കാൾ പതിറ്റാണ്ടുകൾ പിന്നിലാണെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാണാതായവർക്കായി ബന്ധുക്കൾ തകർന്ന കെട്ടിടങ്ങൾക്ക് മുന്നിലും ആശുപത്രി മതിലുകളിലും ഫോട്ടോകൾ പതിപ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും നിർത്തരുതെന്നാണ് ദുരന്തബാധിതർ അഭ്യർത്ഥിക്കുന്നത്.
അതിനിടെ ദിവസങ്ങളോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന രണ്ട് 11 വയസ്സുകാരെയും ഒരു നവജാത ശിശുവിനെയും ജീവനോടെ രക്ഷിക്കാൻ സാധിച്ചത് ദുരന്തത്തിന്റെ ആഘാതത്തിനിടയിലും പ്രതീക്ഷയുടെ വെളിച്ചമായി. മോയിസസ് എന്ന് പേരുള്ള കുട്ടിയെ മൂന്ന് മീറ്റർ താഴ്ചയിൽ നിന്നാണ് ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തത്.
Content Highlights: 1,430 confirmed deaths following 7.2 and 7.5 magnitude earthquakes., Over 3,200 injured and 3,142 families displaced in shelters., Critical infrastructure damage in La Guaira region., 14,000 military personnel and 2,200 international rescuers involved in search efforts., Concerns raised regarding outdated rescue equipment and slow response times.
Published: 28 Jun 2026, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented