വാഷിംഗ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ അയ്യായിരത്തിലധികം വരുന്ന നാവികർ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ടുകൾ. ആധുനിക കാലഘട്ടത്തിൽ ഒരു യുഎസ് കപ്പൽ കരയിലടുക്കാതെ തുടർച്ചയായി കടലിൽ ചെലവഴിക്കുന്ന റെക്കോർഡ് സമയമാണിത്. കഴിഞ്ഞ 250 ദിവസത്തിലധികമായി ഇവർ കടലിൽ തുടരുകയാണ്. ഇറാനുമായി തുടരുന്ന സൈനിക സംഘർഷങ്ങളെ തുടർന്നാണ് ഈ വിമാനവാഹിനി കപ്പൽ പശ്ചിമേഷ്യയിൽ തുടരുന്നത്. ഇത് സൈനികരിൽ സമ്മർദ്ദം ശക്തമാകുന്നതിന് കാരണമായി.

To advertise here,

കടുത്ത സമ്മർദ്ദവും തകർന്ന മനോവീര്യവും കാരണം പല നാവികരും കപ്പലിൽ നിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ചാടിയ ഒരാളെ ഓഗസ്റ്റ് 3-ന് കടലിൽ നിന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു. തന്റെ ഭർത്താവും കപ്പലിൽ നിന്ന് ചാടാൻ ശ്രമിച്ചതായി ഒരു നാവികന്റെ ഭാര്യ അമേരിക്കൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

2025 നവംബറിൽ സാൻ ഡീഗോയിൽ നിന്ന് പുറപ്പെട്ട ഈ കപ്പൽ യഥാർത്ഥത്തിൽ പസഫിക് മേഖലയിലേക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇറാനുമായുള്ള യുദ്ധസാഹചര്യത്തിൽ ഇതിനെ പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മെയ് മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന ഇവരുടെ സേവന കാലാവധി പലതവണയായി നീട്ടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ എട്ടു മാസത്തിനിടെ വെറും രണ്ട് ദിവസം മാത്രമാണ് ഇവർക്ക് കരയിലിറങ്ങാൻ അനുവാദം ലഭിച്ചത്.

കപ്പലിലെ ജീവിതം ദുസ്സഹമാണെന്ന് നാവികരുടെ കുടുംബാംഗങ്ങൾ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. കുടിവെള്ള മലിനീകരണം, ഭക്ഷണത്തിന്റെ കുറവ്, ചൂടുവെള്ളത്തിന്റെ അഭാവം, തകരാറിലായ ശുചിമുറികൾ, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമം എന്നിവ നാവികരെ തളർത്തുന്നതായി യുഎസ് ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിഷയത്തിൽ അമേരിക്കയിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾ നടക്കുന്നുണ്ട്. നാവികരുടെ മനോവീര്യം തകർന്നിട്ടില്ലെന്നും കപ്പൽ വിന്യാസത്തിന്റെ കാലാവധി ഒട്ടും കൂടുതലല്ലെന്നുമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപണങ്ങളോട് പ്രതികരിച്ചത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

എന്നാൽ നാവികർക്ക് മെഡിക്കൽ, മാനസികാരോഗ്യ പിന്തുണ നൽകുന്നുണ്ടെന്നാണ് യുഎസ് നാവിക സേന ഔദ്യോഗികമായി അറിയിക്കുന്നത്. അതിനർഥം ഭരണകൂടം പറയുന്നതനേക്കാൾ മറ്റുപലതും സംഭവിക്കുന്നുണ്ട് എന്നാണ്. ദീർഘകാലം കരയിൽ നിന്ന് മാറി കടലിൽ കഴിയുന്നത് മനുഷ്യശരീരത്തിലും മനസ്സിനും എങ്ങനെയൊക്കെ മാറ്റങ്ങൾ വരുത്തുമെന്ന് ഹോമറിന്റെ 'ഒഡീസി' പോലുള്ള പുരാതന കൃതികളിലും ആധുനിക ശാസ്ത്രീയ പഠനങ്ങളിലും വിവരിക്കുന്നുണ്ട്. ഉറക്കമില്ലായ്മയും ഏകാന്തതയും ഇവരുടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെപ്പോലും ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

യുഎസ്എസ് എബ്രഹാം ലിങ്കൺ തുടർച്ചയായി മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്നത് കണക്കിലെടുത്ത് പസഫിക് മേഖലയിൽ വിന്യസിച്ചിരുന്ന യുഎസ്എസ് ജോർജ് വാഷിങ്ടൺ എന്ന വിമാനവാഹിനി കപ്പലിനെ പശ്ചിമേഷ്യയിലേക്ക് മാറ്റാൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പസഫിക് മേഖലയിൽ യുഎസ് നിരീക്ഷണം ഇല്ലാതാക്കാനും അത് ചൈനയ്ക്ക് മേൽക്കൈ ലഭിക്കാനും ഇടയാക്കുമെന്ന് ജപ്പാൻ അടക്കമുള്ള സഖ്യകക്ഷികൾ ആശങ്കപ്പെടുന്നുണ്ട്.