വാഷിങ്ടൺ: ഇന്ത്യൻ യാ​ത്രയിലെ ഹൃദ്യമായ അനുഭവങ്ങൾ അമേരിക്കൻ സമൂഹത്തോട് വിവരിച്ച് ഉഷ വാൻസ്. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച കേവലം നയതന്ത്രപരമായിരുന്നില്ല, അത് വളരെ വ്യക്തിപരമായിരുന്നു. മക്കൾ ആദ്യമായാണ് ഇന്ത്യ സന്ദർശിച്ചത്. അവർക്ക് ഈ യാത്ര വളരെ അർത്ഥവത്തതായിരുന്നു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ സംസാരിക്കവേ അവർ പറഞ്ഞു.

To advertise here,

വെളുത്ത താടിയും മുടിയുമുള്ള മോദിയെ കണ്ടപ്പോൾ കുട്ടികൾ അദ്ദേഹത്തെ മുത്തച്ഛൻ്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അവർ അദ്ദേഹത്തെ കെട്ടിപിടിച്ചു. മകന് ജന്മദിന സമ്മാനം നൽകിയതിലൂടെ അദ്ദേഹം മുത്തച്ഛൻ്റെ സ്ഥാനം ഉറപ്പിച്ചു. അദ്ദേഹം വളരെ വാത്സല്യത്തോടെയും സ്നേഹത്തോടെയുമാണ് കുട്ടികളോട് ഇടപ്പെട്ടത്- അവർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കിയിരുന്ന ഓരോ കാര്യങ്ങളും തന്റെ മകനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിടെ പ്രത്യേകം ക്രമീകരിച്ചിരുന്ന മാമ്പഴങ്ങൾ അവനെ അതിയായി ആകർഷിച്ചു. തനിക്ക് ഇവിടെ താമസിക്കാൻ സാധിക്കുമോയെന്ന് മകൻ മോദിയോട് ആരാഞ്ഞു. തങ്ങൾക്കായി പ്രത്യേകം ഒരുക്കിയിരുന്ന പരമ്പരാഗത പാവകളി കുട്ടികൾക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് പ്രധാനം ചെയ്തത്. കുട്ടികൾ ഇപ്പോൾ വീട്ടിൽ പേപ്പറുകൾ ഉപയോ​ഗിച്ച് പാവകളി അനുകരിക്കാൻ ശ്രമിക്കാറുണ്ട്. ഉഷ വാൻസ് പറയുന്നു.

കുട്ടികൾ ഇപ്പോഴും ഇന്ത്യൻ യാത്രയിലെ ഓർമ്മകളെ കുറിച്ച് വാചാലരാകാറുണ്ട്. നിരവധി സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് ലോകം ചുറ്റിക്കാണാൻ നിരവധി അവസരങ്ങൾ മക്കൾക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അവർക്ക് ഇന്ത്യൻ യാത്ര ഒരു പ്രത്യേക അനുഭവമായിരുന്നു. വാൻസിനും മോദിക്കുമിടയിൽ ഫലപ്രദമായ ഒരു സംഭാഷണം നടന്നുവെന്നാണ് താൻ കരുതുന്നത്. അതിലുപരി അവർ തമ്മിലുള്ള വ്യക്തിപരമായ ബന്ധം കൂടുതൽ ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു.