ബെയ്ജിങ്: അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്കി ചൈന. അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികൾ വാങ്ങുന്നതും നിർത്തിവെക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീരുവ ഉയർത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം താറുമാറായ സാഹചര്യത്തിലാണ് ചൈനയുടെ നടപടി. ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 145 ശതമാനമാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. പിന്നാലെ യു.എസ്. ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന തിരിച്ച് 125 ശതമാനം പകരച്ചുങ്കം ചുമത്തുകയും ചെയ്തിരുന്നു.
ഉയര്‍ന്ന തീരുവ കാരണമുള്ള വര്‍ധിച്ച ചെലവുകള്‍ നികത്താന്‍ ബോയിങ് വിമാനങ്ങള്‍ വാടകയ്ക്കെടുത്ത ചൈനീസ് എയര്‍ലൈന്‍ കമ്പനികളെ സാമ്പത്തികമായി സഹായിക്കാനും ചൈനയ്ക്ക് പദ്ധതിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ താരിഫുകള്‍ പ്രകാരം യുഎസ് നിര്‍മിത വിമാനങ്ങളുടെയും പാര്‍ട്ട്സുകളുടെയും വില ഇരട്ടിയോളം വര്‍ധിക്കും. ഇത് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കണ്ടാണ് സഹായനടപടി.
അമേരിക്കയുടെ ഉയർന്ന തീരുവ ബോയിങ് വിമാനക്കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ്. ബോയിങ്ങിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ബോയിങ് വിമാനങ്ങളുടെ ഏകദേശം 25 ശതമാനത്തോളം ചൈനയാണ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്.
Content Highlights: usa china trade war china stops us made boeing jet deliveries
Published: 15 Apr 2025, 05:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented