വാഷിങ്ടൺ: വെനസ്വേലയുമായി തന്റെ ഭരണകൂടം വമ്പൻ എണ്ണക്കരാറിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ യാഥാർഥ്യമാകുന്നതോടെ വെനസ്വേലയിലുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട പെട്രോളിയം ശേഖരത്തിലെ 65 ബില്യൺ ബാരലിന് മേൽ അമേരിക്കയ്ക്ക് നിയന്ത്രണം ലഭിക്കും.
സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാറിൽ ധാരണയായത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ എന്നാണ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്. കരാർ യാഥാർഥ്യമാകുന്നതോടെ വെനസ്വേലയിലേക്ക് 100 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം എത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
65 ബില്യൺ ബാരൽ ശേഷിയുള്ള 17 എണ്ണപ്പാടങ്ങളുടെ വികസനം ഉൾപ്പെട്ടതാണ് കരാർ എന്ന് വെനസ്വേലയിലെ സർക്കാർ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഇത് നൂറ് ബില്യൺ ഡോളർ നിക്ഷേപം വെനസ്വേലയിലെ എണ്ണ വ്യവസായ മേഖലയിലേക്ക് എത്തിക്കുമെന്നും നികുതിയിനത്തിൽ 209 ബില്യൺ ഡോളർ നേട്ടമുണ്ടാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
വെനസ്വേലയിലെ, പേര് പുറത്തുവന്നിട്ടില്ലാത്ത ഒരു സ്വകാര്യ സ്ഥാപനവുമായി ചേർന്ന് യുഎസിന് ഒരു പുതിയ സ്വകാര്യ കമ്പനി രൂപവത്കരിക്കാനുള്ള വ്യവസ്ഥ കരാറിലുണ്ടെന്നാണ് വിവരം. ഈ കമ്പനിക്കാകും പെട്രോൾ കരുതൽ ശേഖരത്തിനുമേൽ നിയന്ത്രണമുണ്ടായിരിക്കുകയെന്ന് യുഎസ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിന് 100 കൊല്ലത്തെ അവകാശമാണ് ഈ കമ്പനിക്ക് ഡെൽസി റോഡ്രിഗസ് ഭരണകൂടം നൽകിയിരിക്കുന്നെന്നാണ് സൂചന.
ലോകത്തിലെ, ഏറ്റവും അധികം സ്ഥിരീകരിക്കപ്പെട്ട എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. ജനുവരി മാസത്തിൽ അന്ന് വെനസ്വേലയുടെ പ്രസിഡന്റായിരുന്ന നിക്കൊളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും സൈനികനടപടിയിലൂടെ രായ്ക്കുരാമാനം പിടികൂടി അമേരിക്കയിൽ എത്തിച്ചത്. നിലവിൽ ന്യൂയോർക്കിലെ ജയിലിലാണ് ഇരുവരുമുള്ളത്.
മഡൂറോയെ അറസ്റ്റ് ചെയ്ത് അമേരിക്ക തടവിലാക്കിയതോടെ വൈസ് പ്രസിഡന്റ് ആയിരുന്ന ഡെൽസി റോഡ്രിഗസ് ആണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്. അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിന്റെയും കർശനമേൽനോട്ടത്തിന്റെയും കീഴിലാണ് ഡെൽസിയുടെ ഭരണം. ട്രംപിന് വെനസ്വേലയിലെ പെട്രോളിയം ശേഖരത്തിനോടുള്ള താൽപര്യം നേരത്തെ തന്നെ പുറത്തുവന്ന സംഗതിയാണ്.
Content Highlights: US President Donald Trump announces a massive oil deal with Venezuela., The agreement grants the US control over 65 billion barrels of petroleum reserves., Deal facilitated by US officials and Venezuelan Acting President Delcy Rodriguez., Expected to bring $100 billion in private investment to Venezuela's oil sector.
Published: 29 Aug 2026, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented