വാഷിങ്ട്ടണ്‍:കൊടും പട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന ഗാസയിലെ പലസ്തീന്‍കാര്‍ക്ക് സഹായമെത്തിക്കാനായി താത്കാലിക തുറമുഖം നിര്‍മിക്കാന്‍ 1000 സൈനികരെ വിന്യസിക്കുമെന്ന് യു എസ് പ്രതിരോധമന്ത്രാലയം പെന്റഗണ്‍ പ്രസ്സ് അറിയിച്ചു. ഗാസയിലെ മെഡിറ്ററേനിയന്‍ തീരത്താണ് തുറമുഖം സ്ഥാപിക്കുക.

To advertise here,

ഗസയില്‍ തുറമുഖം സ്ഥാപിക്കുന്നതിനായുള്ള അടിയന്തര ദൗത്യം ഏറ്റെടുക്കുന്നതിനായി യു.എസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്ന്     പ്രസിഡന്റ് ജോ ബൈഡന്‍ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതോടനുബന്ധിച്ചുള്ള ഫ്ളോട്ടിംങ് ബാര്‍ജ് പൂര്‍ത്തിയാകാന്‍ 60 ദിവസമെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു.

രണ്ട് ഭാഗങ്ങളായി തീരക്കടലിലാണ് തുറമുഖം ഒരുക്കുക. സഹായങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന ഫ്ളോട്ടിങ് ബാര്‍ജും കോസ്വേയുമാണ് നിര്‍മിക്കുക. എന്നാല്‍ അമേരിക്കന്‍ സൈന്യം ഗാസയില്‍ ഇറങ്ങില്ലെന്നും റൈഡര്‍ അറിയിച്ചു.

ഈജിപ്ത്തില്‍ നിന്ന് റഫാ അതിര്‍ത്തി വഴി ലോഡുകളായി ഗാസയിലെക്ക് ഭക്ഷണമെത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞതിനു പിന്നാലെയാണ് അമേരിക്കയുടെ ഈ തീരുമാനം. ഗാസയിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഏറ്റവും കാര്യക്ഷമമായി മാനുഷിക സഹായങ്ങള്‍ ഗാസയിലേക്കെത്തിക്കാന്‍ സാധിക്കുന്ന കര മാര്‍ഗം വിനിയോഗിക്കാന്‍ കഴിയാത്തതിനെ മറയ്ക്കാനാണ് അമേരിക്ക തുറമുഖം നിര്‍മിക്കുന്നതെന്ന വിമര്‍ശനവുമുയരുന്നുണ്ട്.