
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണമാണ് ഇപ്പോൾ ഓരോ ദിവസവും വാർത്തകളിൽ നിറയുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും നടത്തുന്ന വാശിയേറിയ പ്രചാരണവും ട്രംപിനെതിരെ ഉയരുന്ന ലൈംഗിക പീഡനാരോപണങ്ങളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടേറ്റുന്നത്. കഴിഞ്ഞദിവസം കമലാ ഹാരിസിനേയും ജോ ബൈഡനേയും കളിയാക്കിക്കൊണ്ട് ട്രംപ് ഒരു മാലിന്യ ട്രക്ക് ഓടിച്ചതാണ് ഇതിൽ ഏറ്റവും പുതിയ സംഭവവികാസം.
ഗ്രീൻ ബേയിലാണ് സംഭവം നടന്നത്. തന്റെ പേരെഴുതിയ ബോയിങ് 757 വിമാനത്തിൽ നിന്നിറങ്ങിയ അദ്ദേഹം നേരെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിനടുത്തേക്കാണ് ചെന്നത്. ട്രംപിന്റെ പേര് ഇതിലുമുണ്ടായിരുന്നു. ഡ്രൈവറുടെ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും രണ്ടുതവണ പരാജയപ്പെട്ടു. തുടർന്ന് അല്പം പണിപ്പെട്ടാണെങ്കിലും ഡ്രൈവിങ് സീറ്റിലെത്തി. "കമലയുടെയും ജോ ബൈഡൻ്റെയും ബഹുമാനാർത്ഥമാണിത്" എന്നായിരുന്നു സമീപിച്ച മാധ്യമ പ്രവർത്തകരോടുള്ള ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ അനുയായികളെ ജോ ബൈഡൻ മാലിന്യങ്ങൾ എന്ന് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം മാഡിസൺ സ്ക്വയറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ട്രംപ് മാലിന്യ ട്രക്ക് ഓടിച്ചത്. എന്നാൽ ബൈഡന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചത്. ആളുകൾ ആർക്ക് വോട്ട് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള ഏതൊരു വിമർശനത്തോടും ഞാൻ ശക്തമായി വിയോജിക്കുന്നുവെന്നാണ് കമലാ ഹാരിസ് പ്രതികരിച്ചത്.
അതേസമയം പുതിയൊരു ആരോപണത്തിന്റെ നിഴലിലാണ് ട്രംപ്. ട്രംപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ശരീര ഭാഗങ്ങളിൽ സ്പർശിച്ചെന്നും ആരോപിച്ച് മുൻ മോഡൽ രംഗത്തെത്തിയിരിക്കുകയാണ്. 1993-ലാണ് സംഭവം. സ്വകാര്യ സംഭാഷണത്തിനെന്ന വ്യാജേനയാണ് ട്രംപിന്റെ പേരിലുള്ള ഹോട്ടൽ മുറിയിലേക്ക് മോഡലിനെ വിളിച്ചുവരുത്തിയത്. മുറിയിൽവെച്ച് ട്രംപ് തന്റെ മേലേക്ക് ചാടിവീഴുകയായിരുന്നെന്നും കടന്നുപിടിക്കുകയുമായിരുന്നെന്നും അവർ പറഞ്ഞു. ഡെയ്ലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം യു.എസ്. പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ പിന്തുണയേറെയുള്ളത് ഡെമോക്രാറ്റിക് പാർട്ടിസ്ഥാനാർഥി കമലാ ഹാരിസിനാണെന്നാണ് ഗവേഷണസ്ഥാപനമായ എ.എ.പി.ഐ.യുടെ സർവേ ഫലം വ്യക്തമാക്കുന്നത്. വോട്ടവകാശമുള്ള 23 ലക്ഷം ഇന്ത്യൻവംശജരിൽ 55 ശതമാനംപേർ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുമ്പോൾ 26 ശതമാനംപേരാണ് റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്നും ഈ റിപ്പോർട്ട് പറയുന്നു
ഇന്ത്യൻവംശജരിൽ 61 ശതമാനം പേർ കമലാ ഹാരിസിന് വോട്ടുചെയ്യാനാണുദ്ദേശിക്കുന്നതെന്ന് കാർണഗി എൻഡോവ്മെന്റിന്റെ സർവേ പറയുന്നു. 32 ശതമാനം പേരുടെ പിന്തുണ ട്രംപിനാണ്. സ്ത്രീകളിൽ 67 ശതമാനവും പുരുഷന്മാരിൽ 53 ശതമാനവും കമലയെ പിന്തുണയ്ക്കുന്നു. 22 ശതമാനം സ്ത്രീകളും 39 ശതമാനം പുരുഷന്മാരും മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നത്. അതിനിടെ, സി.എൻ.എൻ. രാജ്യവ്യാപകമായി നടത്തിയ സർവേയിൽ 47 ശതമാനം വീതം പിന്തുണയോടെ ഒപ്പത്തിനൊപ്പമാണ് ട്രംപും കമലയും.
Content Highlights: Donald Trump Garbage Truck Stunt, US President Election 2024 Latest Update
Published: 31 Oct 2024, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented