ടെൽ അവീവ്/ ടെഹ്റാൻ: ഇറാനെതിരെയുള്ള സൈനികനീക്കത്തിന് ശനിയാഴ്ച തന്നെ തിരഞ്ഞെടുത്തതിന് പിന്നിൽ പ്രത്യേക കാരണമുണ്ടെന്ന് യുഎസ് വൃത്തങ്ങൾ. യുഎസിന്റെ നടപടികൾക്കെതിരെ പ്രതിരോധ മിസൈൽ ആക്രമണങ്ങൾക്ക് ഇറാൻ പദ്ധതിയിടുന്നതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് ഇറാനെതിരെ നടപടിയെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർബന്ധിതനായത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഇസ്രയേൽ-യുഎസ് വ്യോമ-നാവിക നീക്കത്തിനെതിരായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉന്നത ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിടുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നതായും ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ചയ്ക്കായി ഖമനേയി തിരഞ്ഞടുത്തതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

To advertise here,

ശനിയാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്താനാണ് ഖമനേയി പ്രതീക്ഷിച്ചിരുന്നതെന്ന് യുഎസ് വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. കൂടിക്കാഴ്ചയുടെ സ്ഥലം അപ്പോൾ വ്യക്തമായിരുന്നില്ല. "ഞങ്ങൾ ആദ്യം ആക്രമിക്കപ്പെടുന്നത് വരെ കാത്തിരുന്നാൽ, സാധാരണയായി സംഭവിക്കുന്നതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും പ്രതിരോധനടപടികൾ കൂടുതൽ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തി.  ഞങ്ങൾ ആദ്യം ആക്രമിക്കപ്പെടാൻ അനുവദിക്കില്ല, കാരണം അത് ഞങ്ങളുടെ സൈനികർക്കും സഖ്യകക്ഷികൾക്കും ഗണ്യമായ അപകടമുണ്ടാക്കും," ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഖമനേയിയുടെ നേതൃത്വത്തിലുള്ള ഇറാൻ ഉന്നതഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയും ഇറാന്റെ ഭാഗത്തുനിന്നുള്ള പതിവ് മിസൈൽ ആക്രമണവും അനുവദിക്കില്ലെന്ന് ട്രംപ് തീരുമാനിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇറാൻ അവരുടെ യുറേനിയം ശേഖരം സൂക്ഷിക്കുന്ന സ്ഥലം യുഎസിന് അറിയാമെന്നും എന്നാൽ അത് കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അവർ അവകാശപ്പെട്ടു. ഇറാൻ വീണ്ടും യൂറേനിയം സമ്പുഷ്ടീകരണവും പരിവർത്തന പ്ലാന്റുകളും പുനർനിർമ്മിക്കുകയും നിശ്ചിത നിരക്കിനേക്കാൾ അഞ്ചിരട്ടി വേഗതയിൽ സെൻട്രിഫ്യൂജ് നിർമ്മാണ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇറാൻ വികസിപ്പിച്ചെടുത്ത ആറ് സെൻട്രിഫ്യൂജുകൾ ഏറ്റവും വേഗതയേറിയവയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഞായറാഴ്ച പുലർച്ചെ തന്നെ ഖമനേയിയുടെ മരണവാർത്ത സ്ഥിരീകരിച്ചു, കറുത്ത ബാനറിനൊപ്പം പഴയ ചിത്രങ്ങൾ സംപ്രേഷണം ചെയ്തു. ഖമനേയിയുടെ അന്ത്യം ഒരു പരാജയമായിട്ടല്ല മറിച്ച് രാജ്യത്തിന്റെ പരമാധികാരത്തിനായുള്ള അന്തിമത്യാഗമായിട്ടാണ് ചിത്രീകരിക്കുന്നത്. ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ ഖമനേയിയുടെയുടെ മരണവാർത്ത സ്ഥിരീകരിച്ച ഉടൻതന്നെ, പരമോന്നതനേതാവിന്റെ വധത്തിന് പ്രതികാരം ചെയ്യാൻ യുഎസിനും ഇസ്രയേലിനുമെതിരെ ഏറ്റവും വിനാശകരമാ ഓപ്പറേഷൻ നടത്തുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ചെയ്തു.