
വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിൽ വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരിൽ ഒരാളെ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. ഇസ്രയേൽ മാധ്യമങ്ങളെയും സിബിഎസ് ന്യൂസിനെയും ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇറാന്റെ ആക്രമണത്തിൽ തകർന്ന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ പൈലറ്റുമാരാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകരുന്നതിന് മുൻപ് തന്നെ രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ ഒരാളെ ഇറാന്റെ ഭൂപ്രദേശത്ത് നിന്ന് യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള യുഎസ് സേനയുടെ തെരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനിൽ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ ഇസ്രയേൽ തത്കാലത്തേക്ക് മാറ്റാവെച്ചിരിക്കുകയാണ്. പൈലറ്റിനെ കണ്ടെത്താനായി സെൻട്രൽ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ അമേരിക്കൻ വിമാനങ്ങൾ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കറൂൺ നദിക്ക് മുകളിലുള്ള പാലത്തിന് സമീപം സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൂന്ന് യുഎസ് എഫ്-15 വിമാനങ്ങൾ തകർന്നതായാണ് യുഎസ് സെൻട്രൽ കമാൻഡ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധത്തിനിടയിൽ ഇറാന്റെ മണ്ണിൽ ഒരു അമേരിക്കൻ വിമാനം തകരുന്നത് ഇതാദ്യമായാണ്. വിമാനം വെടിവെച്ചിട്ടതാണെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ ആക്രമണത്തിലാണോ അതോ സാങ്കേതിക തകരാർ മൂലമാണോ വിമാനങ്ങൾ തകർന്നു വീണതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
ഇറാന്റെ അത്യാധുനിക എഫ്-35 യുദ്ധവിമാനമാണ് വെടിവെച്ചിട്ടതെന്നാണ് ഇറാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരാത്തതിനാൽ കാര്യങ്ങൾ വ്യക്തമല്ല. പൈലറ്റുമാരെ കണ്ടെത്താനായി അമേരിക്ക നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ ഭരണകൂടം പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ ജീവനോടെ പിടികൂടി പോലീസിന് കൈമാറുന്നവർക്ക് വിലപ്പെട്ട സമ്മാനം നൽകുമെന്ന് പ്രാദേശിക ടിവി ചാനലുകൾ വഴി ഇറാൻ അറിയിപ്പ് നൽകി. 'അമേരിക്കക്കാരെ കണ്ടാലുടൻ വെടിവെക്കുക' എന്ന് ആദ്യം നിർദേശം നൽകിയെങ്കിലും പിന്നീട് ഇത് തിരുത്തി പൈലറ്റിനെ ജീവനോടെ പിടികൂടാൻ ആവശ്യപ്പെടുകയായിരുന്നു.
Published: 04 Apr 2026, 06:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented