ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലത്ത് വീഴ്ത്തി ഇന്ത്യൻ യുവാവിനെ വിലങ്ങണിയിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് വലിയ വിവാദങ്ങൾക്കാണ് തുടക്കംകുറിച്ചത്. ഇയാളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. യുവാവ് ഇന്ത്യക്കാരനാണെന്നും ഹരിയാണ സ്വദേശിയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ അമേരിക്കയിലെത്തിയത് അനധികൃതമായാണ്. 

To advertise here,

അതേസമയം, യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ യുഎസില്‍നിന്ന് നാടുകടത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. നെവാര്‍ക്കിലെ ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാകും ഇയാളെ തിരിച്ചയക്കുക. സാധുതയുള്ള വിസയില്ലാതെയാണ് ഇയാള്‍ യുഎസില്‍ എത്തിയത്. തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്. യാത്രചെയ്യാനുള്ള ആരോഗ്യമുണ്ടെന്ന് സ്ഥിരീകരിച്ചാൽ ഇയാളെ തിരിച്ചയക്കുമെന്നാണ് വിവരം. 

ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് കുണാല്‍ ജെയിന്‍ എന്ന ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകന്‍ ജൂണ്‍ എട്ടാം തീയതി പങ്കുവെച്ച വീഡിയോ വലിയതോതില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.