സാന്‍ ഫ്രാന്‍സിസ്‌കോ: പ്രൊബേഷണറി ഫെഡറല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജ്. വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഫെഡറല്‍ ജഡ്ജാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം താത്കാലികമായി തടഞ്ഞത്.

To advertise here,

കൂട്ട പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി വില്യം അല്‍സുപ്പ്, ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റിനോട് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.

ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്മെന്റ് പരിധിവിട്ട് പ്രവര്‍ത്തിച്ചുവെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. സാധാരണയായി ഒരു വര്‍ഷത്തില്‍ താഴെ പരിചയമുള്ള പ്രൊബേഷണറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ പുറത്താക്കാന്‍ ഫെഡറല്‍ ഏജന്‍സികളോട് ഉത്തരവിടാന്‍ യുഎസ് ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിന് അധികാരമില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ ജഡ്ജി വ്യക്തമാക്കുകയുണ്ടായി.

പുതിയ പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാന്‍ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യുഎസ് ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അടുത്തിടെ പ്രതിരോധ വകുപ്പിനും മറ്റ് ഫെഡറല്‍ ഏജന്‍സികള്‍ക്കും മെമ്മോ നല്‍കിയിരുന്നു.

എന്നാല്‍ ഈ മെമ്മോ ഉത്തരവല്ലെന്നും ജീവനക്കാരെ വിലയിരുത്തനാനുള്ള നിര്‍ദേശം ആണെന്നും സര്‍ക്കാര്‍ അറ്റോണി കോടതിയില്‍ അറിയിച്ചു. 

ചെലവ് കുറക്കലിന്റെ ഭാഗമായി ജീവനക്കാരെ വിവിധ വകുപ്പുകളില്‍നിന്ന് ജീനക്കാരെ പിരിച്ചുവിടുമെന്ന  ഡൊണാള്‍ഡ് ട്രംപിന്റെ സംരഭക സുഹൃത്തും കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) തലവനുമായ ഇലോണ്‍ മസ്‌കിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇത്തരത്തിലൊരു കോടതി നടപടി.