
കോപ്പൻഹേഗൻ: ഡെൻമാർക്കിന്റെ അതിർത്തിയിലേക്ക് ആരെങ്കിലും അതിക്രമിച്ചു കടന്നാൽ അധികാരികളിൽനിന്ന് ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ സൈനികർ ഉടൻ വെടിവെപ്പ് ആരംഭിക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം. അമേരിക്ക ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും അതിനായുള്ള സൈനിക നടപടികളും ആലോചിക്കുന്നതിനിടെയാണ് ഡെൻമാർക്കിന്റെ പുതിയ അറിയിപ്പ്.
വിദേശശക്തി ഡാനിഷ് പ്രദേശത്തെ ഭീഷണിപ്പെടുത്തിയാൽ ആജ്ഞകൾക്ക് കാത്തുനിൽക്കാതെ പട്ടാളക്കാർ ആദ്യം വെടിവെക്കണമെന്ന് വ്യക്തമാക്കുന്ന 1952-ലെ ശീതയുദ്ധകാലത്തെ ഒരു നിർദ്ദേശമാണ് ഇതെന്ന് മന്ത്രാലയം അറിയിച്ചതായി ഡെൻമാർക്കിലെ പ്രാദേശിക പത്രമായ ബെർലിംഗ്സ്‌കെ റിപ്പോർട്ട് ചെയ്തു. 1940 ഏപ്രിലിൽ നാസി ജർമ്മനി ഡെൻമാർക്കിനെ ആക്രമിച്ചപ്പോൾ ഉണ്ടായ പ്രത്യാഘാതങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട നിർദേശമാണിത്.
അന്നത്തെ ആക്രമണം ഈ സ്‌കാൻഡിനേവിയൻ രാജ്യത്ത് ആശയവിനിമയത്തിൽ ഭാഗികമായ തകർച്ചയ്ക്ക് കാരണമായിരുന്നു. അതിനുപിന്നാലെയാണ് ഈ നിർദേശം നിലവിൽ വന്നത്. ഗ്രീൻലൻഡിലെ ഡെൻമാർക്കിന്റെ സൈനിക അധികാരിയായ ജോയിന്റ് ആർട്ടിക് കമാൻഡ് ആണ് ദ്വീപിന് നേരെ ഉണ്ടാകുന്ന എന്തെല്ലാം പ്രവർത്തികളാണ് ആക്രമണമായി കണക്കാക്കേണ്ടതെന്ന് അന്തിമമായി വിലയിരുത്തുക.
ഡെൻമാർക്കിന്റെ ഭരണത്തിന് കീഴിലുള്ള ഗ്രീൻലൻഡിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കണ്ണുവെച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന വരുന്നത്. ആവശ്യമെങ്കിൽ ഗ്രീൻലൻഡ് ബലമായി ഏറ്റെടുക്കുമെന്നാണ് ട്രംപ് ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്നത്. ഡെൻമാർക്കിന്റെ തീരങ്ങളിലെ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കാരണം ഈ ആർട്ടിക് പ്രദേശം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്നാണ് ട്രംപിന്റെ വാദം. അതുകൊണ്ടുതന്നെ ഗ്രീൻലൻഡിനുമേൽ അധികാരം സ്ഥാപിക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തുകയോ ഒരു ഉടമ്പടിയിൽ ഒപ്പുവെക്കുകയോ ചെയ്യുന്നതിന് പകരം, ഗ്രീൻലൻഡ് തനിക്കായിരിക്കണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. 'ഒരു പാട്ടത്തിനെടുക്കൽ അല്ലെങ്കിൽ ഉടമ്പടി എന്നിവ കൊണ്ട് നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഉടമസ്ഥാവകാശം നൽകുന്നു. ഒരു രേഖയിൽ ഒപ്പിടുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കാത്ത കാര്യങ്ങളും ഘടകങ്ങളും ഉടമസ്ഥാവകാശം നൽകുന്നു.' അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
1951-ലെ ഒരു ഉടമ്പടിയിലെ അംഗമാണ് അമേരിക്ക, ഇത് ഡെൻമാർക്കിന്റെ സമ്മതത്തോടെ ഗ്രീൻലൻഡിൽ സൈനിക താവളങ്ങൾ സ്ഥാപിക്കാൻ വിപുലമായ അവകാശങ്ങൾ നൽകുന്നു. എന്നിരുന്നാലും, ഡെൻമാർക്കും ഗ്രീൻലൻഡും ഈ പ്രദേശം 'വിൽപനയ്ക്കില്ല' എന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അതേസമയം, സുരക്ഷാഭീഷണി എന്നത് ട്രംപിന്റെ പൊള്ളയായ വാദമാണെന്നും പ്രദേശത്തെ ഊർജസമ്പത്തിലാണ് യുഎസ് പ്രസിഡന്റിന്റെ കണ്ണെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ പറഞ്ഞു. ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ഏതൊരു സൈനിക ശ്രമവും നാറ്റോയുടെ അവസാനമായിരിക്കും എന്നാണ് അവർ ഈ ആഴ്ച മുന്നറിയിപ്പ് നൽകിയത്.
'അമേരിക്ക മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, എല്ലാം അവസാനിക്കും.' മെറ്റെ ഫ്രെഡറിക്സൻ ഡാനിഷ് ബ്രോഡ്കാസ്റ്റർ ടിവി 2നോട് പറഞ്ഞു. അതിനിടെ, ഡെൻമാർക്ക്, ഗ്രീൻലൻഡ് പ്രതിനിധികൾ വ്യാഴാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഗ്രീൻലൻഡ് പദ്ധതിയിൽ നിന്ന് പിന്മാറാൻ യുഎസ് നിയമനിർമ്മാതാക്കളെയും പ്രമുഖ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെയും പ്രേരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
Content Highlights: Denmark issues a stern warning to the US over Greenland, activating a Cold War-era directive for troops to "shoot first." Learn more about the escalating dispute and potential conflict.
Published: 09 Jan 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented