വാഷിങ്ടണ്‍:  പാകിസ്താനിലെ 'ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി'യെയും (ബിഎല്‍എ) ഇവരുടെ ഓപ്പറേഷന്‍ വിങ്ങായ 'മജീദ് ബ്രിഗേഡി'നെയും വിദേശഭീകരസംഘടനയായി യുഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ നേരത്തേ തന്നെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മജീദ് ബ്രിഗേഡിനെയും യുഎസ് ഉള്‍പ്പെടുത്തി. 

To advertise here,

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി യുഎസിന്റെ നിരീക്ഷണത്തിലാണ്. നിരന്തരമായി നടത്തിയ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2019-ലാണ് ബിഎല്‍എയെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ഇതിനുശേഷവും ബിഎല്‍എയും ഇവരുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡും നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 

അതിനിടെ പാക് സൈനിക മേധാവി അസിം മുനീറിന്റെ സന്ദര്‍ശനത്തിനിടെയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ ഭീകരസംഘടനയായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രണ്ടുമാസത്തിനിടെ അസീം മുനീര്‍ നടത്തുന്ന രണ്ടാമത്തെ യുഎസ് സന്ദര്‍ശനമാണിത്. ഇത്തരത്തില്‍ ബിഎല്‍എയ്‌ക്കെതിരായ യുഎസ് നീക്കം പാക് സൈനിക മേധാവിയുടെ നയതന്ത്ര നീക്കത്തിന്റെ ഭാഗമാണെന്നും വിലയിരുത്തത്തപ്പെടുന്നു.

പാകിസ്താനില്‍നിന്ന് ബലൂചിസ്ഥാന്റെ മോചനത്തിനായി സായുധകലാപം നടത്തുന്ന വിഘടനവാദികളാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലും മറ്റിടങ്ങളിലും ഇവര്‍ പാക് സൈന്യത്തിന് നേരേ നിരന്തരം ആക്രമണം നടത്താറുണ്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ചാവേര്‍ വിഭാഗമാണ് മജീദ് ബ്രിഗേഡ്. 2018-ല്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റ് ആക്രമണം, ബലൂചിസ്ഥാനിലെ ഗ്വാദാര്‍ ഹോട്ടല്‍ ആക്രമണം തുടങ്ങിയ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വം മജീദ് ബ്രിഗേഡ് ഏറ്റെടുത്തിരുന്നു.