വാഷിങ്‌ടൺ: യു.എസിനെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സമഗ്രാധിപത്യരാജ്യമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ (എച്ച്.ആർ.ഡബ്ല്യു) മുന്നറിയിപ്പ്. ആഗോളതലത്തിൽ ജനാധിപത്യം, കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും മോശം അവസ്ഥയിലാണെന്നും എച്ച്.ആർ.ഡബ്ല്യുവിൻ്റെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

To advertise here,

ചൈനയുടെയും റഷ്യയുടെയും സമ്മർദത്തിൽ ഞെരിയുകയായിരുന്നു മനുഷ്യാവകാശങ്ങൾ. വൈറ്റ് ഹൗസിലേക്കുള്ള ട്രംപിൻ്റെ മടങ്ങിവരവോടെ ഇത് കൂടുതൽ മോശമായി. നിയമങ്ങളിലധിഷ്ഠിതമായ ആഗോളക്രമം തച്ചുടയ്ക്കപ്പെട്ടു. ചൈനയിലും റഷ്യയിലും യു.എസിലും 20 വർഷം മുൻപുള്ളതിനേക്കാൾ കുറവാണ് ഇന്ന് സ്വാതന്ത്ര്യം. അമേരിക്കയിൽ ട്രംപ് മനുഷ്യാവകാശങ്ങളോട് തുറന്ന അവഗണനകാട്ടുകയാണ്. ഗുരുതരമായ ലംഘനവും നടത്തുന്നുവെന്ന് സംഘടന ആരോപിച്ചു.

വർണവും വംശവും അടിസ്ഥാനമാക്കിയുള്ള കുറ്റാരോപണം, അധികാരം പിടിച്ചെടുക്കുന്നതിനായി വ്യാജ അവകാശവാദമുന്നയിച്ച് നാഷണൽ ഗാർഡുകളെ വിന്യസിക്കൽ, രാഷ്ട്രീയ എതിരാളികൾക്കും വിമർശകരായ മുൻ ഉദ്യോഗസ്ഥർക്കുമെതിരേ ആവർത്തിക്കുന്ന പ്രതികാരനടപടികൾ, എക്സിക്യുട്ടീവ് അധികാരമുപയോഗിച്ചുള്ള ബലപ്രയോഗങ്ങൾ തുടങ്ങിയ ട്രംപ് ഭരണകൂടത്തിന്റെ ചെയ്തികൾ യു.എസ്. സ്വേച്ചാധിപത്യത്തിലേക്ക് വഴിമാറുകയാണെന്ന സൂചനയ്ക്ക് ബലം നൽകുന്നതാണെന്ന് എച്ച്.ആർ.ഡബ്ല്യു. വിലയിരുത്തി.

252 വെനസ്വേലൻ കുടിയേറ്റക്കാരെ എൽ സാൽവ ദോറിലെ അതിസുരക്ഷാജയിലിലേക്ക് അയച്ചുകൊണ്ട് അന്താരാഷ്ട്ര നിയമപ്രകാരം ക്രമിനൽക്കുറ്റമായ "നിർബന്ധിത അപ്രത്യക്ഷമാക്കൽ' യു.എസ്. ഭരണകൂടം നടത്തിയെന്നും പറഞ്ഞു. ഗാസയിലെ പലസ്തീൻകാർക്കുനേരേ ഇസ്രയേൽ നടത്തിയത് വംശീയ ഉന്മൂലനവും മനുഷ്യരാശിക്കെതിരേയുള്ള കുറ്റകൃത്യവുമാണെന്നു റിപ്പോർട്ടിൽ പറയുന്നു.