
വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമ്പോൾ ജനാധിപത്യ സമൂഹത്തിന് ആഹ്‌ളാദിക്കാൻ വകയുണ്ട്. ഏറ്റവും വലിയ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണെന്ന് പറഞ്ഞത് ജർമ്മൻ കമ്മ്യൂണിസ്റ്റ് നേതാവ് റോസ ലക്‌സംബർഗാണ്. റഷ്യൻ വിപ്ലവ നായകൻ ലെനിനുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി രേഖപ്പെടുത്തുന്നതിൽ റോസ കാണിച്ച ധീരത ചരിത്രമാണ്. വിയോജിപ്പുകളാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. പാർട്ടിക്ക് പുറത്തെന്നതിനേക്കാൾ പാർട്ടിക്ക് ഉള്ളിലുള്ള വിയോജിപ്പുകളാണ് തിരുത്തലുകൾക്കും മുന്നേറ്റങ്ങൾക്കും വഴിയൊരുക്കുന്നത്. ഈ വഴിയിലൂടെയുള്ള ഒരു യാത്രയുടെ പര്യവസാനമായിരുന്നു സതീശന്റെ മുഖ്യമന്ത്രിസ്ഥാനം.
2018-ൽ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനോട് ചെയ്തത് ഇക്കുറി കേരളത്തിൽ സതീശനോട് ചെയ്തില്ല എന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് ആശ്വസിക്കാം. ജനവിധിക്കൊത്ത് ഉയരുന്ന നേതൃത്വമാണ് പാർട്ടിയെ വളർത്തുക. അത് സംഭവിക്കാതെ പോയതാണ് ആന്ധ്രയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ കോൺഗ്രസിനെ തളർത്തിയത്. പിണറായി വിജയൻ സർക്കാരിനെതിരെ അലയടിച്ച ജനരോഷം യുഡിഎഫിന് അനുകൂലമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് സതീശന്റെയും മുസ്ലിം ലീഗിന്റെയും സമർത്ഥമായ ഇടപെടലുകളാണ്. ബംഗാളിലും തമിഴകത്തും സമാനമായ രീതിയിൽ ജനങ്ങൾ മാറ്റം കൊണ്ടുവന്നു. രണ്ടിടത്തും പക്ഷേ, കോൺഗ്രസിനല്ല ജനരോഷത്തിന്റെ ഗുണം ലഭിച്ചത്. പ്രാദേശികതലത്തിൽ ജനപിന്തുണ പിടിച്ചെടുക്കാൻ കഴിയുന്ന നേതാക്കൾ ഇവിടെ രണ്ടിടത്തും കോൺഗ്രസിനുണ്ടായിരുന്നില്ല.
അധികാരം തലയ്ക്ക് പിടിക്കരുത്
അഞ്ച് വർഷം മുമ്പ് 99 സീറ്റുമായി സമ്മോഹനമായൊരു ചരിത്രവിജയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിക്ക് കേരള ജനത നൽകിയത്. പക്ഷേ, ആ ജനവിധിയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നതിൽ രണ്ടാം പിണറായി സർക്കാർ അമ്പേ പരാജയപ്പെട്ടു. കെ- റെയിൽ എന്ന റിയൽ എസ്‌റ്റേറ്റ് പദ്ധതിക്കെതിരെ ജനങ്ങൾ പ്രതികരിച്ചപ്പോൾ ആ പ്രതിഷേധം അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിച്ചത്. സമൂഹത്തിന്റെ അടിത്തട്ടിൽ പ്രവർത്തിക്കുന്ന ആശാ ജീവനക്കാർ ദിനവേതനം 700 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സമരക്കാരെ അധിക്ഷേപിക്കാനായിരുന്നു അധികാരികൾക്ക് താത്പര്യം. ധാർമ്മികശക്തി ഇല്ലാതായാൽ പിന്നെ വ്യക്തിയായാലും പ്രസ്ഥാനമായാലും പൂതലിച്ചു പോവും. പാർട്ടിയിൽ രൂപം കൊണ്ട പുതിയ അധികാരി വർഗ്ഗത്തിനെതിരെ സിപിഎം പ്രവർത്തകർ നടത്തിയ കലാപം കൂടിയാണ് യുഡിഎഫിന് ഇത്രയും വലിയ വിജയം നൽകിയത്.
അതുകൊണ്ട് തന്നെ ജനപിന്തുണയുടെ ആവേശത്തിരകളിൽ അധികാരത്തിലെത്തുമ്പോൾ ടീം സതീശൻ മറക്കരുതാത്ത സംഗതി അധികാരം തലയ്ക്ക് പിടിക്കാതെ നോക്കണം എന്നതാണ്. കൊൽക്കത്തയിൽ നിന്നിറങ്ങിയ മോഡേൺ റിവ്യൂവിൽ 1937-ൽ ചാണക്യ എന്ന പേരിൽ എഴുതിയ ലേഖനത്തിൽ തന്നെത്തന്നെ വിമർശിച്ചുകൊണ്ട് നെഹ്റു പറഞ്ഞത് ജനാധിപത്യത്തിൽ സീസർമാർ വേണ്ട എന്നാണ്. ചാണക്യ താനായിരുന്നുവെന്ന് അറിയാമായിരുന്ന ഒരേയൊരാൾ തന്റെ മകൾ ഇന്ദിരയായിരുന്നുവെന്ന് നെഹ്‌റു പിന്നീട് വെളിപ്പെടുത്തി. നെഹ്റുവിന്റെ ഈ മകൾക്ക് ഏകാധിപത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ മടിയുണ്ടായില്ല എന്നതും സതീശനും സഹപ്രവർത്തകരും മറക്കരുത്.
സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനം
മഹിമയും പുകഴ്ത്തലും മാത്രമല്ല; നിരവധി വെല്ലുവിളികളും സതീശൻ സർക്കാരിനെ കാത്തിരിക്കുന്നുണ്ട്. ഗ്രൂപ്പിസം അവസാനിപ്പിച്ചു എന്നവകാശപ്പെടുന്ന സതീശന് കെ.സി. വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പുകളെ നേരിടേണ്ടി വരും. സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയാണ് മറ്റൊരു വെല്ലുവിളി. ആഗോളതലത്തിൽ വൻതിരിച്ചടികളുടെ നാളുകളാണ് വരാനിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം നീതി ആയോഗ് വ്യക്തമാക്കിയത്. മുണ്ടു മുറുക്കി ഉടുക്കാതെ വയ്യെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരിക്കുന്നത്. വർധിക്കുന്ന ഇന്ധനവിലയും പണപ്പെരുപ്പവും രൂപയുടെ മൂല്ല്യത്തകർച്ചയും തൊഴിലില്ലായ്മയും എത് വലിയ വിജയിയെയും തളർത്താൻ പോന്നതാണ്. ഫെഡറലിസത്തോട് കാര്യമായ മമതയില്ലാത്ത ഇന്ദ്രപ്രസ്ഥത്തിലെ ബിജെപി ഭരണകൂടത്തിന് കേരളത്തിലെ കോൺഗ്രസ് സർക്കാരിനോട് കനിവോ കാരുണ്യമോ വലുതായുണ്ടാവില്ലെന്ന യാഥാർത്ഥ്യവും കാണാതിരിക്കാനാവില്ല.
സാമ്പത്തിക വിദഗ്ധൻ ഡോക്ടർ കെ.പി. കണ്ണൻ ഒരു ലേഖനത്തിൽ വിരൽ ചൂണ്ടിയത് കേരളത്തിൽ ചെലവും വരുമാനവും തമ്മിലുള്ള വലിയ വിടവിലേക്കാണ്. പത്ത് കൊല്ലം മുമ്പ് ഈ അന്തരം 19 ശതമാനമായിരുന്നു. ഇപ്പോൾ ഇത് 48 ശതമാനമാണ്. നൂറു രൂപ ചെലവാക്കുന്നുണ്ടെങ്കിൽ 52 രൂപയേ വരുമാനമുള്ളു. ബാക്കി 48 രൂപ കടം വാങ്ങിയാണുണ്ടാക്കുന്നത്. കടം വാങ്ങുന്നതിൽ പ്രശ്‌നമില്ലെന്ന് തോമസ് ഐസക്കും ബാലഗോപാലും പറയുന്നത് ശരിയാണ്. പക്ഷേ, വാങ്ങുന്ന കടത്തിലേറെയും ശമ്പളവും പെൻഷനും അതുപോലെ തന്നെ നേരത്തെ വാങ്ങിയ കടം വീട്ടാനുമാണ് ഉപയോഗിക്കപ്പെടുന്നതെങ്കിൽ കടം കൂടിക്കൊണ്ടേയിരിക്കും.
കടം ശരിക്കും വീട്ടാൻ കഴിയണമെങ്കിൽ കടം വാങ്ങുന്ന കാശ് കൊണ്ട് വരുമാനമുണ്ടാക്കാൻ കഴിയണം. ഇവിടെയാണ് ജാഗ്രതയും ദർശനവും ആവശ്യമായി വരുന്നത്. സാമ്പത്തിക മേഖലയ്ക്ക് പുതുജീവൻ പകരാൻ കഴിയുന്ന ഒരു ടീമിന് രൂപം നൽകാൻ പുതിയ സർക്കാരിനാവണം. വാചാടോപങ്ങളിലും മെഗാ മേളകളിലും അഭിരമിച്ച ഒരു സർക്കാരിനെ ജനങ്ങൾ എങ്ങനെയാണ് പുറത്താക്കിയതെന്ന് ഒരിക്കലും മറക്കരുത്.
പിണറായി പ്രതിപക്ഷ നേതാവാകുമ്പോൾ
വ്യക്തിയല്ല പാർട്ടിയാണ് പരാജയപ്പെട്ടതെന്നാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറയുന്നത്. ശരിയാണ്, പിണറായി സർക്കാരിനെ തിരുത്തേണ്ടപ്പോൾ തിരുത്താൻ കഴിയാതെ പോയ പാർട്ടി തന്നെയാണ് പരാജയപ്പെട്ടത്. പക്ഷേ, ജനരോഷത്തിന്റെ കുന്തമുന പിണറായിക്കെതിരെയായിരുന്നെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ സിപിഎമ്മിന് ഇനിയും കഴിയുന്നില്ലെന്നത് അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം തമിഴകത്ത് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞ വാക്കുകൾ അതീവ ശ്രദ്ധേയമായിരുന്നു. വിജയത്തിന്റെ ബഹുമതിയിൽ പങ്കാളിയായതുപോലെ പരാജയത്തിന്റെ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുന്നെന്നാണ് സ്റ്റാലിൻ വ്യക്തമാക്കിയത്. പാർട്ടിയെ തിരുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ നൽകുന്നതിന് പുതിയൊരു വെബ്‌സൈറ്റ് ലഭ്യമാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
പിണറായി വിജയൻ തന്നെയാവും പ്രതിപക്ഷ നേതാവ് എന്ന സിപിഎം തീരുമാനം പാർട്ടി നേരിടുന്ന നേതൃദാരിദ്ര്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. പിണറായിക്ക് പകരം വെയ്ക്കാൻ ഒരു നേതാവില്ലെന്ന അവസ്ഥ സിപിഎം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ്. താരതമ്യേന അംഗബലം കുറഞ്ഞ പ്രതിപക്ഷമാണ് നിയമസഭയിൽ പിണറായിയെ കാത്തിരിക്കുന്നത്. പ്രതിപക്ഷത്തെ പ്രചോദിപ്പിക്കാനും ഭരണപക്ഷത്തിന്റെ ഓരോ നയവ്യതിയാനവും ചോദ്യം ചെയ്യാനും സർഗ്ഗാത്മകതയുടെ പുതിയ ഭൂമികകൾ തുറന്നെടുക്കേണ്ടി വരും. അതിനുള്ള ബാല്യം ഇനിയും പിണറായിക്കുണ്ടെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ എന്ന് മാത്രമേ പറയാനാവുകയുള്ളു.
Content Highlights: V.D. Satheesan's leadership signals a shift in Kerala's political landscape for 2026., The new government faces significant economic hurdles, including a 48% revenue-expenditure gap., Lessons from previous administrations emphasize the need to avoid authoritarianism and fiscal mismanagement., The role of Pinarayi Vijayan as opposition leader highlights the leadership vacuum within the CPI(M)., Success depends on balancing public welfare with sustainable economic growth and federal relations.
Published: 16 May 2026, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented