ഇസ്തംബൂള്‍: റഷ്യയുടെ ‘ഷാഡോ’ കപ്പൽവ്യൂഹത്തിൽ ഉൾപ്പെട്ട കപ്പലിനുനേര്‍ക്ക് തുര്‍ക്കിയിലെ കരിങ്കടല്‍ തീരത്തുവെച്ച് ആക്രമണം. വെള്ളത്തിലൂടെയെത്തിയ ആളില്ലാ യാനം ഉപയോഗിച്ചായിരുന്നു എണ്ണക്കപ്പലായ ‘വിരാടി’ന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ കപ്പലിന്റെ ഒരറ്റത്തുനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രൈന്‍ ഏറ്റെടുത്തു.

To advertise here,

പഴക്കംചെന്ന എണ്ണക്കപ്പലുകള്‍ ഉള്‍പ്പെട്ട ശൃംഖലയെ ആണ് ഷാഡോ ഫ്‌ലീറ്റ് എന്ന് വിശേഷിപ്പിക്കുന്ന കപ്പൽവ്യൂഹം. ഇവ തങ്ങളുടെ യഥാര്‍ഥ വിവരങ്ങള്‍, ഉടമസ്ഥത, യാത്രാവഴികള്‍ എന്നിവ മറച്ചുവെച്ചുകൊണ്ട് ഉപരോധമുള്ള ചരക്കുകള്‍ കടത്തുകയും അന്താരാഷ്ട്ര നിയമങ്ങളെയും പരിശോധനകളെയും മറികടക്കുകയും ചെയ്യാറുണ്ട്.

കരിങ്കടല്‍ തീരത്തുനിന്ന് 35 മൈല്‍ അകലെവെച്ചാണ് ആളില്ലായാനങ്ങൾ വിരാടിനെ ആക്രമിച്ചത്. ആദ്യ ആക്രമണം വെള്ളിയാഴ്ച രാത്രിയായിരുന്നു. പിന്നാലെ ശനിയാഴ്ച പുലര്‍ച്ചെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ വിരാടിന് സാരമായ കേടുപാടുകളുണ്ടായെങ്കിലും കപ്പലും ജീവനക്കാരും സുരക്ഷിതമാണെന്ന് തുര്‍ക്കി ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത യുക്രൈന്‍, കൃത്യം നിര്‍വഹിക്കാന്‍ സീ ബേബി ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് അവകാശപ്പെട്ടു. വിരാടിൽനിന്ന് മെയ്ദെ കോൾ വരുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. 

അതേസമയം, വെള്ളിയാഴ്ച റഷ്യയിലേക്ക് പുറപ്പെട്ട മറ്റൊരു എണ്ണക്കപ്പലിലും കരിങ്കടലില്‍വെച്ച് പൊട്ടിത്തെറിയുണ്ടായി. റഷ്യയിലെ നൊവോറോസിസ്‌ക് തുറമുഖത്തേക്ക് പുറപ്പെട്ട കെയ്‌റോസ് എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ 25 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. തുര്‍ക്കിയുടെ തീരത്തുനിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചുണ്ടായ ആക്രമണത്തിലാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടായത് എന്നാണ് വിവരം. ഈ കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് തുര്‍ക്കി അറിയിച്ചു. റഷ്യക്കെതിരായ ഉപരോധങ്ങള്‍ ബാധകമായ കപ്പലുകളാണ് വിരാടും കെയ്‌റോസും എന്നാണ് വിവരം.