
Photo: 'X' @aviationbrk
വാഷിങ്ടൺ: യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം, വിൻഡ്ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ഡെൻവറിൽ നിന്ന് ലോസ് ഏഞ്ചലസിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വിൻഡ്ഷീൽഡാണ് തകർന്നത്. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. 134 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 36,000 അടി ഉയരത്തിൽ സഞ്ചരിക്കവെ, അജ്ഞാത വസ്തു വന്ന് വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വസ്തു വിൻഡ്ഷീൽഡിലൂടെ ഇടിച്ചു കയറുകയും പൈലറ്റിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളിൽ പൈലറ്റിന്റെ കൈകളിൽ രക്തസ്രാവവും ചതവുകളും കാണാം. കോക്ക്പിറ്റിൽ ചില്ലുകൾ തകർന്ന് ചിതറിക്കിടന്നിരുന്ന അവസ്ഥയിലായിരുന്നു.
വിൻഡ്ഷീൽഡിനുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനായി വിമാനം സോൾട്ട് ലേക്ക് സിറ്റിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി യുണൈറ്റഡ് എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരെ ലോസ് ഏഞ്ചൽസിലേക്ക് കൊണ്ടുപോകാൻ അന്നുതന്നേ മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്കാർക്കാർക്കും പരിക്കില്ലെന്നും യുണൈറ്റഡ് എയർലൈൻസ് സ്ഥിരീകരിച്ചു. പൈലറ്റിന്റെ പരിക്ക് നിസ്സാരമായ ചതവ് മാത്രമാണെന്നും അവർ വ്യക്തമാക്കി. അതേസമയം, അപകട കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
ഇലക്ട്രിക്കൽ തകരാർ ഉണ്ടായാൽ വിൻഡ്ഷീൽഡിൽ വിള്ളലുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, കരിഞ്ഞ പാടുകളും തകർന്ന ഗ്ലാസും വിമാനത്തിൽ എന്തോ വന്നിടിച്ചുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പക്ഷികളും ആലിപ്പഴവും മറ്റ് വസ്തുക്കളും സാധാരണയായി താഴ്ന്ന ഉയരങ്ങളിൽ വെച്ചാണ് വിമാനങ്ങളുമായി കൂട്ടിയിടിക്കാറ്. എന്നാൽ, ബോയിംഗ് 737 മാക്സ് 8 വിമാനം 36,000 അടി ഉയരത്തിലായിരുന്നു പറന്നിരുന്നത്.
സാധാരണയായി, വിമാനത്തിന്റെ വിൻഡ്ഷീൽഡുകൾ പക്ഷിയിടിയും മർദ്ദ വ്യതിയാനങ്ങളും താങ്ങാൻ ശേഷിയുള്ളവയാണ്. എന്നാൽ അതിവേഗത്തിൽ വരുന്ന ഒരു വസ്തുവിന് ഈ പ്രതിരോധം എളുപ്പത്തിൽ തകർക്കാൻ കഴിയും. വിൻഡ്ഷീൽഡിലെ അസാധാരണമായ കേടുപാടുകൾ കണക്കിലെടുക്കുമ്പോൾ ബഹിരാകാശ മാലിന്യമോ ഒരു ചെറിയ ഉൽക്കയോ ആകാം ഇതിന് കാരണമായതെന്ന് വ്യോമയാന രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഭൂമിയെ ചുറ്റുന്ന ബഹിരാകാശ മാലിന്യങ്ങളുടെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാല് ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള 25,000-ൽ അധികം കഷണങ്ങൾ നാസ നിരീക്ഷിക്കുന്നുണ്ട്. ബഹിരാകാശ മാലിന്യങ്ങൾ ഒരു യാത്രാവിമാനത്തിലെ യാത്രക്കാരന് പരിക്കേൽപ്പിക്കാനുള്ള സാധ്യത വളരെ കുറവും അസാധാരണവുമാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
Content Highlights: United Airlines Flight 1093 from Denver to LA made an emergency landing in Salt Lake City after its Boeing 737 MAX 8 windshield cracked mid-flight due to an unidentified object. One pilot sustained minor injuries.
Published: 20 Oct 2025, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented