ജനീവ: ഗാസയില്‍ അതിഗുരുതരമായ പട്ടിണി സാഹചര്യമാണുള്ളതെന്ന് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. 'ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യം' ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. 

To advertise here,

പട്ടിണി വ്യാപിക്കുകയും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യുഎന്‍ ഏജന്‍സിയുടെ ശക്തമായ മുന്നറിയിപ്പ്.

'സംഘര്‍ഷവും പലായനവും രൂക്ഷമായിരിക്കുന്നു, ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ലഭ്യത അത്ഭുതപൂര്‍വമായ തലത്തിലേക്ക് താഴ്ന്നിരിക്കുന്നു' ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (IPC) മുന്നറിയിപ്പില്‍ പറഞ്ഞു. വ്യാപകമായ പട്ടിണി, പോഷകാഹാരക്കുറവ്, രോഗങ്ങള്‍ എന്നിവ പട്ടിണി മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിലേക്ക് അടിയന്തര ശ്രദ്ധ ക്ഷണിക്കാനാണ് ഈ മുന്നറിയിപ്പ് ലക്ഷ്യമിടുന്നത്. ഏപ്രിലിനും ജൂലായ് പകുതിക്കും ഇടയില്‍, രൂക്ഷമായ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി 20,000-ത്തിലധികം കുട്ടികളെ പ്രവേശിപ്പിച്ചു. അവരില്‍ 3,000-ത്തിലധികം പേര്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്നും ഐപിസി പറഞ്ഞു.

സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും തടസ്സങ്ങളില്ലാത്ത, വലിയ തോതിലുള്ള, ജീവന്‍രക്ഷാ മാനുഷിക ഇടപെടലുകള്‍ അനുവദിക്കണമെന്നും മുന്നറിയിപ്പില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഗാസയില്‍ നടക്കുന്നത് പലസ്തീന്‍കാരുടെ 'വംശഹത്യ'യാണെന്ന് ഇസ്രയേലിലെ രണ്ട് പ്രമുഖ സന്നദ്ധസംഘടനകളായ (എന്‍ജിഒ) ബെത്സലെമും ഫിസിഷന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യമായാണ് ഏതെങ്കിലും ഇസ്രയേലി എന്‍ജിഒ ഇങ്ങനെ പറയുന്നത്.

ഇസ്രയേല്‍ സര്‍ക്കാരിന്റെ നയങ്ങളെ പതിവായി വിമര്‍ശിക്കുന്ന സംഘടനകളാണ് രണ്ടും. എന്നാല്‍, തിങ്കളാഴ്ച ഇവരിറക്കിയ പ്രസ്താവന പതിവിലും രൂക്ഷമാണ്.

''വംശഹത്യനടത്തുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിനായി ആരും നിങ്ങളെ ഒരുക്കേണ്ടകാര്യമില്ല. ഇത് നമുക്ക് വളരെ വേദനാജനകമായ നിമിഷമാണ്'' എന്ന് ബെത്സലേം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂലി നൊവാക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഇവിടെ ജീവിക്കുകയും അനുദിന യാഥാര്‍ഥ്യങ്ങള്‍ക്ക് സാക്ഷികളാവുകയും ചെയ്യുന്ന നമുക്ക് കഴിയുന്നത്ര വ്യക്തതയോടെ സത്യം പറയാനുള്ള ചുമതലയുണ്ട്. ഇസ്രയേല്‍ പലസ്തീന്‍കാരെ വംശഹത്യചെയ്യുകയാണ്''- അവര്‍ പറഞ്ഞു.