
മൂന്നു ദിവസം മുമ്പാണ് യുക്രൈയിന്‍ റഷ്യയിലേക്ക് ആറ് ദീര്‍ഘദൂര മിസൈലുകളയക്കുന്നത്. ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റംസ് അഥവാ അറ്റാക്ക് എം.എസ് എന്നു പേരായ ഈ ശക്തമായ ദീര്‍ഘദൂര മിസൈലിന് 300 കിലോമീറ്റര്‍ വരെ അകലയെുള്ള ലക്ഷ്യങ്ങളെ കൃത്യമായി പ്രഹരിക്കാനാവും. ആറില്‍ അഞ്ചും പകുതിക്കു വെച്ച് തകര്‍ക്കാന്‍ റഷ്യക്കായി. അവസാനത്തേത് ചില്ലറ നാശനഷ്ടമുണ്ടാക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പച്ചക്കൊടി വീശിയതിന്റെ പിറ്റേന്നായിരുന്നു മിസൈലുകള്‍ പ്രയോഗിച്ചത്.
തന്ത്രശാലികളായ ലോകനേതാക്കളില്‍ ഒരാളായ വ്ലാദിമിര്‍ പുതിന്റെ പ്രതികരണം പ്രതീക്ഷിച്ചതു പോലെ തീരെ മയമില്ലാത്തതായിരുന്നു. അദ്ദേഹം രാജ്യത്തിന്റെ ആണവനയം തിരുത്തിയെഴുതി. അണുവായുധ ഉപയോഗിക്കുന്നതിനുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ അയവു വരുത്തി. തങ്ങളെപ്പോലെ അണുവായുധശേഷിയുള്ള മറ്റൊരു രാജ്യത്തിനെതിരെ മാത്രമേ അണുവായുധം ഉപയോഗിക്കാവൂ എന്നതു തിരുത്തി, തങ്ങളെ ആക്രമിക്കുന്നത് അണുവായുധം ഇല്ലാത്ത രാജ്യമാണെങ്കിലും അവരെ അണുവായുധമുള്ള ഒരു രാജ്യം സഹായിക്കുകയാണെങ്കില്‍ അതിനെ സംയുക്ത ആക്രമണമായി കണക്കാക്കാം എന്നായിരുന്നു ആ തിരുത്ത്. അങ്ങനെയെങ്കില്‍, റഷ്യയ്ക്ക് നേരെ ഉണ്ടായ ആക്രമണം ഈ ഗണത്തില്‍ പെടും. ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര മിസൈലായ സ്റ്റോം ഷാഡോയും ഉപയോഗിക്കാന്‍ യുക്രെയിന് അനുമതി കിട്ടി, അവരത് ഉടനെ തന്നെ പ്രയോഗിക്കുകയും ചെയ്തു. 250 കിലോമീറ്ററാണ് അതിന്റെ ആക്രമണപരിധി.
പുതിനെ നന്നായി അറിയാവുന്നതു കൊണ്ട് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മുന്‍കരുതലെടുത്തു. അമേരിക്കയും ഫ്രാന്‍സും അടക്കമുള്ള ചില രാജ്യങ്ങള്‍ എംബസികള്‍ അടച്ചിട്ടു. യുദ്ധം കൂടുതല്‍ രൂക്ഷമാകും എന്ന ഭയത്തില്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ റഷ്യയുടെ സമീപരാജ്യങ്ങള്‍ പൗരന്മാരോട് ഭക്ഷണവും ജലവും സംഭരിച്ചു വെക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ അവര്‍ ഭയപ്പെട്ട തിരിച്ചടി എത്തി. പുതിന്‍ ഓറിയെഷ്നിക് എന്നു പേരുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ യുക്രെയിനിലേക്ക് തൊടുത്തു. അതീവ പ്രഹരശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ ശബ്ദത്തേക്കാള്‍ കുറഞ്ഞത് അഞ്ചിരട്ടി വേഗത്തിലാണ് (മാക്-5) സഞ്ചരിക്കുക. ഓറിയെഷ്നിക് പാഞ്ഞത് ശബ്ദത്തിന്റെ പത്തിരട്ടി വേഗത്തിലായിരുന്നു, ഒരു സെക്കന്റില്‍ രണ്ടര, മൂന്നു കിലോമീറ്റര്‍ വേഗം. ഒന്നാലോചിച്ചു നോക്കൂ! മൂന്നു മണിക്കൂറോളം നടന്ന തുടര്‍സ്ഫോടനങ്ങള്‍ യുക്രെയിനെ പരിഭ്രാന്തമാക്കി. പുതിന് ലോകരാഷ്ട്രങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കണമെന്നും പാശ്ചാത്യരാജ്യങ്ങള്‍ തന്റെ രാജ്യത്തിന് മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നല്‍കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
ആണവപോര്‍മുന ഉപയോഗിക്കാവുന്ന മിസൈലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ശരിക്കുള്ള യുദ്ധരംഗത്ത് പരീക്ഷിച്ചു നോക്കിയതെന്ന് പുതിന്‍ പറഞ്ഞു. ഈ മിസൈലിനെ ആര്‍ക്കും പ്രതിരോധിക്കാനാവില്ലെന്ന് പുതിന്‍ അവകാശപ്പെട്ടു. കൂടുതല്‍ ഓറിയെഷ്നിക് മിസൈലുകള്‍ നിര്‍മിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മിന്നല്‍ മഹാനാശമിസൈല്‍ ഇപ്പോള്‍ റഷ്യക്കും ചൈനയ്ക്കും മാത്രമേയുള്ളൂ. ഇന്ത്യ തൊട്ടടുത്തെത്തിയിട്ടുമുണ്ട്. ഇതില്‍ അണുവായുധ പോര്‍മുനകള്‍ കൂടി വരുമ്പോള്‍ പിന്നെ പറയേണ്ടല്ലോ. പുടിന്റെ ഭീഷണി മുഖവിലയ്ക്കെടുക്കണമെന്നും റഷ്യയുടെ നയങ്ങള്‍ പ്രാഥമികമായും അടിസ്ഥാനമാക്കുന്നത് അവരുടെ സൈനികശക്തിയെ ആണെന്നും ഹംഗറിയുടെ പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍ പറഞ്ഞത് പാശ്ചാത്യലോകത്തിന്റെ ചങ്കിടിപ്പിന്റെ സൂചനയാണ്.
അതിനെക്കാള്‍ ഉത്കണ്ഠകള്‍ വര്‍ധിപ്പിക്കുന്നത് യുക്രെയിന്‍ റഷ്യയിലേക്ക് തൊടുത്ത ദീര്‍ഘദൂര മിസൈലുകള്‍ക്കു പിന്നില്‍ അമേരിക്കന്‍ ഭടന്‍മാരുമുണ്ടായിരുന്നുവെന്ന റഷ്യയുടെ ആരോപണമാണ്. അറ്റാക്ക് എംഎസ് ഉപയോഗിക്കാനാവശ്യമായ വൈദഗ്ധ്യം യുക്രെയിന്‍ സൈന്യത്തിനില്ല. ഒറ്റ ദിവസം കൊണ്ട് അത് പഠിച്ചെടുക്കാനാവില്ല. അമേരിക്കയുടെ മറീന്‍ ഇന്റലിജന്‍സില്‍ മുമ്പു പ്രവര്‍ത്തിച്ചിരുന്ന സൈനികകാര്യ വിദഗ്ധന്‍ സ്‌കോട്ട് റിറ്റര്‍ ഈ ആരോപണത്തെ പിന്താങ്ങുന്നു. "ദൗത്യം ആസൂത്രണം ചെയ്യുന്നത് അമേരിക്കയാണ്, വിവരങ്ങള്‍ മിസൈലില്‍ ലോഡ് ചെയ്യുന്നതും ബട്ടണ്‍ അമര്‍ത്തി മിസൈലിനു തീകൊടുക്കുന്നതും അമേരിക്ക തന്നെ. കാരണം, അതിന്റെ അല്‍ഗോരിതമോ, കോഡുകളോ, കോര്‍ഡിനേറ്റുകളെ മിസൈലില്‍ എന്റര്‍ ചെയ്യുന്ന സംവിധാനമോ ഒന്നും അവര്‍ യുക്രെയിനെന്നല്ല, മറ്റാര്‍ക്കും പറഞ്ഞു കൊടുക്കില്ല" അദ്ദേഹം പറയുന്നു. ഈ ആരോപണം സ്ഥിരീകരിക്കപ്പെട്ടാല്‍ റഷ്യക്ക് കൈയുംകെട്ടി ഇരിക്കാനാവില്ലെന്നത് വ്യക്തമാണ്. മൂന്നാം ലോകയുദ്ധത്തിലേക്ക് ഇനി എത്ര ദൂരം?

ബൈഡന് ട്രംപിനു പണി കൊടുക്കുമ്പോള്‍
തിരഞ്ഞെടുപ്പു ജയിച്ച് മണിക്കൂറുകള്‍ക്കകം തന്നെ 'ട്രംപ് ഇഫക്ട്' ആഗോളതലത്തില്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ട്രംപിനെ അഭിനന്ദിച്ച ആദ്യത്തെ കോളുകളില്‍ ഒന്ന് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടേതായിരുന്നു. സംഭാഷണം വളരെ സൗഹാര്‍ദ്ദപരവും സന്തോഷകരവും ആയിരുന്നു എന്നാണ് യുക്രെയിന്‍ അറിയിച്ചത്. പിറ്റേന്നാണ് ട്രംപ് പുതിനുമായി സംസാരിച്ചത്. പക്ഷേ സംസാരിച്ചിട്ടില്ലെന്ന് ക്രെംലിന്‍; ഒരുപക്ഷേ റഷ്യന്‍ നേതാവ് വിചാരിച്ചത്രയും സുഗമമായിരുന്നിരിക്കില്ല സംഭാഷണം. എന്തായായും അധികാരത്തിലേറിയാല്‍ 24 മണിക്കൂറിനകം യുദ്ധമവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അലയൊലികള്‍ വ്യക്തമാക്കുന്നതായിരുന്നു സെലന്‍സ്‌കിയുടെ വാക്കുകള്‍. ട്രംപ് അധികാരത്തിലെത്തിയാല്‍ യുദ്ധം അതിവേഗം അവസാനിക്കുമെന്നും അടുത്ത വര്‍ഷത്തോടെ നയതന്ത്ര ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ ചൈന ഇന്ത്യയുമായി ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ തയ്യാറായതിനു പിന്നിലും ട്രംപ് ഇഫക്ടാണ് എന്നു കരുതുന്നവരുണ്ട്. അധികാരത്തിലെത്തിയാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ചുങ്കം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചതാണ്. ചൈനയുടെ ഏറ്റവും വലിയ കമ്പോളമായ അമേരിക്ക വാതിലുകള്‍ കൊട്ടിയടച്ചാല്‍ പകരം വലിയൊരു കമ്പോളം വേണ്ടേ അവര്‍ക്ക്? അതുപോലെ ലോകത്ത് പലയിടത്തും നേരിയ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബംഗ്ലാദേശില്‍ ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയത് തടഞ്ഞതും ആ ട്രംപ് ഇഫക്ട് ആണ്. അവിടെ ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചതിനും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സര്‍ക്കാരിനെ വാഴിച്ചതിനും ഡീപ് സ്റ്റേറ്റിന്റെ ആശീര്‍വാദമുണ്ടെന്നു വ്യക്തമാക്കുന്ന നടപടിയായിരുന്നു അത്.

കഴിഞ്ഞയാഴ്ച ട്രംപിന്റെ വിശ്വസ്തനായ ഇലോണ്‍ മസ്‌ക്- വിവേക് രാമസ്വാമിക്കൊപ്പം ഭരണകാര്യക്ഷമതാ വിഭാഗത്തിനു ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ട ആഗോള കുബേരമുഖ്യന്‍- ഇറാന്റെ ഐക്യരാഷ്ട്രസഭയിലെ അംബാസഡറെ കണ്ടു ചര്‍ച്ചകള്‍ നടത്തി എന്നു റിപ്പോര്‍ട്ടുണ്ട്. അംബാസഡര്‍ അമീര്‍ സാഹിദ്രാബാനിയുമായി ചര്‍ച്ച നടത്തിയത് ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു. നിലവില്‍ അമേരിക്കയ്ക്ക് ഇറാനുമായി നയതന്ത്ര ബന്ധമില്ല. എങ്കിലും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ശ്രമം ട്രംപിന്റെ സംഘം തുടങ്ങി എന്നു വേണം മനസ്സിലാക്കാന്‍. അധികാരത്തിലേറും മുമ്പു തന്നെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള കളമൊരുക്കുകയാണ് അവര്‍.
പക്ഷേ ഈ ശ്രമങ്ങളെയൊക്കെ തണുത്ത വെള്ളത്തില്‍ മുക്കുന്ന നടപടിയാണ് യുക്രെയിന് അറ്റാക്ക് എംഎസ് മിസൈലുകള്‍ നല്‍കുന്നതിലൂടെ ബൈഡന്‍ ചെയ്തത്. അതും 'ലെയിം ഡക്ക്'പ്രസിഡന്റായിരിക്കെ. തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ പ്രസിഡന്റ് അധികാരത്തിലേറും വരെയുള്ള ഇടവേളയില്‍ ഭരിക്കുന്ന സര്‍ക്കാരിനെയാണ് ലെയിം ഡക്ക് എന്നു വിശേഷിപ്പിക്കുന്നത്. സാധാരണ ഇവര്‍ വലിയ നയം മാറ്റങ്ങള്‍ക്കോ, ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന തീരുമാനങ്ങള്‍ക്കോ മുതിരാറില്ല. പക്ഷേ, ബൈഡന്‍ അതു വകവെച്ചില്ല. യുക്രെയിന് വലിയ സാമ്പത്തിക സഹായം നല്‍കാനും ആയുധ സഹായം നല്‍കാനും തീരുമാനിച്ചു. അതിലൊന്നാണ് ഈ അറ്റാക്ക് എംഎസ് നല്‍കാനുള്ള തീരുമാനം. അതിനു പറഞ്ഞ കാരണമാകട്ടെ റഷ്യ, കുര്‍സ്‌ക് മേഖലയില്‍ പതിനായിരം ഉത്തര കൊറിയന്‍ സൈന്യത്തെ വിന്യസിച്ചതും. ട്രംപ് വൈറ്റ് ഹൗസിലെത്തുമ്പോള്‍ ഈ തീരുമാനങ്ങള്‍ പിന്‍വലിച്ചേക്കാം. പക്ഷേ, അപ്പോഴേയ്ക്കും മറ്റു പോംവഴിയില്ലാതെ യുദ്ധം തുടരാന്‍ നിര്‍ബന്ധിതമാവുന്ന അവസ്ഥയില്‍ അമേരിക്ക എത്തിയേക്കും എന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നു.
ദീര്‍ഘകാലമായി ട്രംപ് ആരോപിക്കുന്നതു പോലെ ബൈഡനല്ല തീരുമാനങ്ങളെടുക്കുന്നത് എന്ന വാദവും ശക്തമാണ്. അദ്ദേഹത്തിനു വേണ്ടി ഡീപ് സ്റ്റേറ്റാണ് എല്ലാം തീരുമാനിക്കുന്നതത്രെ. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ഒരു യുദ്ധവുമുണ്ടായിട്ടില്ല, ഒരിടത്തേയ്ക്കും അമേരിക്കന്‍ പട്ടാളത്തെ അയച്ചിട്ടില്ല. മിലിട്ടറി-ഇന്‍ഡസ്ട്രിയല്‍ സമുച്ചയത്തിന് പ്രധാന പങ്കുള്ള ഡീപ് സ്റ്റേറ്റിന്റെ പ്രാണവായു സംഘര്‍ഷങ്ങളാണ്, യുദ്ധങ്ങളാണ്. അതില്ലെങ്കില്‍ പിന്നെ ആയുധങ്ങളും പടക്കോപ്പുകളും എങ്ങനെ വില്‍ക്കാനാണ്? ആ നിലയ്ക്ക് ട്രംപ് വരും മുമ്പ് യുദ്ധം അനുസ്യൂതം തുടരുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാവാം എന്നും അഭ്യൂഹമുണ്ട്.
പ്രസിഡന്റെന്ന നിലയില്‍ ഭാവിതലമുറ തന്നെ എങ്ങനെയാണ് വിലയിരുത്തുക എന്നതില്‍ ബൈഡന് ഉല്‍ക്കണ്ഠയുണ്ടെന്നും അതിന്റെ കൂടി ഫലമാണ് പോകുന്ന പോക്കില്‍ യുക്രെയിനു കൊടുക്കുന്ന സഹായമെന്നും കരുതുന്നവരുണ്ട്. തുടക്കം മുതല്‍ അദ്ദേഹത്തിന്റെ വിദേശനയം ദയനീയമായിരുന്നു. 2021-ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താനില്‍ നിന്നു പിന്‍മാറിയ ദൃശ്യങ്ങള്‍ ആലോചിച്ചു നോക്കുക. ഓടുന്ന വിമാനത്തില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളും മറ്റും. പിന്നെ, യുക്രെയിന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഗാസയിലെ കൂട്ടക്കുരുതിയും. എതിരാളികള്‍ വിമര്‍ശിക്കും പോലെ, അമേരിക്കന്‍ പ്രസിഡന്റിനെ ആര്‍ക്കും വിലയില്ലെന്നു തോന്നുന്ന സാഹചര്യം. ട്രംപിന്റെ വിജയം പോലും സൂചിപ്പിക്കുന്നത് അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങളും യുക്രെയിനിലെ യുദ്ധം അന്തമില്ലാതെ തുടരുന്നതില്‍ അസന്തുഷ്ടരാണെന്നാണ്. ചുവരെഴുത്തു വായിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയി.
മൂന്നാം ലോകയുദ്ധം പടിവാതിലില്‍?
ബൈഡന്‍ മൂന്നാം ലോകയുദ്ധത്തിനു ശ്രമിക്കുകയാണെന്ന് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തിരുന്നു. പിതാവ് ജനുവരിയില്‍ അധികാരമേല്‍ക്കും മുമ്പ് എല്ലാം കുളമാക്കാനുള്ള ശ്രമമാണ് ബൈഡന്‍ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സമാധാനമുണ്ടാക്കാനും ജീവന്‍ രക്ഷിക്കാനും എന്റെ അച്ഛന് അവസരം ലഭിക്കുംമുമ്പ് മൂന്നാം ലോകയുദ്ധം ആരംഭിക്കുവാന്‍ മിലിട്ടറി-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് ആഗ്രഹിക്കുന്നതായി തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. ബൈഡന്റെ ടീം പറയുന്ന മറുപടി, നാലു വര്‍ഷത്തേക്കാണ് പ്രസിഡന്‍സി, മൂന്നു വര്‍ഷവും പത്തു മാസവുമല്ല എന്നാണ്. എന്തായാലും ബൈഡന്‍ ട്രംപിന് ബാക്കിവെക്കുന്നത് കൂട്ടക്കുഴപ്പത്തിന്റെ ഒരു സാഹചര്യം ആയിരിക്കുമെന്ന് പലരും കരുതുന്നു.
പക്ഷേ, യുക്രെയിന് ദീര്‍ഘദൂര മിസൈലുകള്‍ കൊടുക്കാനുള്ള തീരുമാനം യുദ്ധഗതിയില്‍ കാര്യമായ മാറ്റം വരുത്തില്ലെന്ന് വിദഗ്ധര്‍ പറയുന്നു. റഷ്യയ്ക്കാണ് മുന്‍തൂക്കം, ഓരോ ദിവസം കഴിയുംതോറും അവര്‍ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയാണ്. യുക്രൈൻ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്നു, അവര്‍ക്ക് പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. ട്രംപിന്റെ വരവിനെ കുറിച്ചുള്ള ഉത്കണ്ഠകള്‍ അതിനു പുറമേ. അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടുതല്‍ അടുപ്പമുള്ള ആളാണെന്നാണ് പൊതുവിശ്വാസം. ഒരുപക്ഷേ ട്രംപ് വരുന്നതും കൂടി മുന്‍കൂട്ടി കണ്ടിട്ടാവണം അവര്‍ റഷ്യയുടെ ഭാഗമായ കുര്‍സ്‌കിലെ കുറച്ചുഭാഗങ്ങള്‍ പിടിച്ചെടുത്തത്. സമാധാന ചര്‍ച്ചയ്ക്ക് വരുമ്പോള്‍ അവരുടെ ഭാഗത്തും വേണമല്ലോ വിലപേശാന്‍ എന്തെങ്കിലും.

പക്ഷേ, പതിനായിരം ഉത്തരകൊറിയന്‍ ഭടന്മാരെ കുര്‍സ്‌കിലിറക്കിയ റഷ്യന്‍നീക്കം ട്രംപിന്റെ സമാധാനനീക്കത്തിന് പണികൊടുക്കാന്‍ കാത്തിരുന്ന ബൈഡനും ഡീപ് സ്റ്റേറ്റിനും സൗകര്യമായി. അധിനിവേശം നടത്തുന്ന റഷ്യന്‍സേനയെ മാത്രമേ ലക്ഷ്യം വെക്കാവൂ, റഷ്യക്കുള്ളില്‍ ആക്രമണം പാടില്ല എന്ന വ്യവസ്ഥയ്ക്കാണ് ബൈഡന്‍ മൂന്നു ദിവസം മുമ്പ് മാറ്റം വരുത്തിയത്.
ആയിരം ദിവസം പിന്നിട്ടയുദ്ധത്തില്‍ ഇതുവരെ നടന്നത് തുല്യത ഇല്ലാത്തവര്‍ തമ്മിലുള്ള പോരാട്ടമാണ്. പ്രതിരോധിക്കാന്‍ മാത്രമേ യുക്രെയിനു പറ്റൂ, റഷ്യയ്ക്ക് കയറി അടിക്കാം. ആ സാഹചര്യത്തിനാണ് മാറ്റം വന്നത്. യുക്രെയിന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വേണ്ടത്ര പരിശീലനം സൃഷ്ടിച്ച പട്ടാളക്കാരുടെ കുറവാണ്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും ആയുധം എത്ര തന്നെ കൊടുത്താലും പൊരുതാന്‍ സൈനികര്‍ വേണമല്ലോ.
Content Highlights: Ukraine Missile Attack: Biden`s Role, Putin`s Warning
Published: 23 Nov 2024, 07:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented