ലണ്ടൻ: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ യുകെയുടെ ഉപരോധ നീക്കം. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെ വ്യാപാര നിരോധനം ഉൾപ്പെടെ സാമ്പത്തിക നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനാണ് യുകെ ഒരുങ്ങുന്നത്.

To advertise here,

അധിനിവേശ പ്രദേശങ്ങളിൽ നിർമാണങ്ങൾക്ക് സഹായിക്കുന്ന കമ്പനികൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയേക്കും. ഉപരോധത്തിന്റെ സാമ്പത്തി ആഘാതം പരിമിതമാണെങ്കിലും ഇതിന്റെ രാഷ്ട്രീയ പ്രധാന്യം വലുതാണ്. ബ്രിട്ടണെ കൂടാതെ മറ്റുനിരവധി യൂറോപ്യൻ രാജ്യങ്ങളും സമാനമായ ഉപരോധവുമായി ഇസ്രയേലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സെപ്റ്റംബർ 22 മുതൽ ഡച്ച് സർക്കാരിന്റെ നിരോധനം പ്രാബല്യത്തിൽ വരും. അയർലൻഡ്,ബെൽജിയം തുടങ്ങിയ രാജ്യങ്ങളും ഉപരോധമേർപ്പെടുത്താനുള്ള നടപടികളിലാണ്. കഴിഞ്ഞ വർഷം സ്‌പെയിനും സമാനമായ നടപടി സ്വീകരിച്ചിരുന്നു. പിന്നീട് പൂർണ്ണമായ ആയുധ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് സ്‌പെയിൻ ഇസ്രയേലിന് മേലുള്ള നടപടി കടുപ്പിച്ചു.

കൂടുതൽ യോജിച്ചുള്ള നടപടികൾ സ്വീകരിക്കാൻ ഫ്രാൻസും സ്വീഡനും യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ അംഗരാജ്യങ്ങൾക്കിടയിൽ ഇതിനുള്ള പിന്തുണയും വർദ്ധിച്ചുവരികയാണ്. എന്നാൽ ജർമനിയും ചെക്ക് റിപ്പബ്ലിക്കും അടക്കമുള്ള ചില രാജ്യങ്ങൾ ഇസ്രയേലിനെതിരായ നീക്കങ്ങളെ എതിർക്കുന്നുണ്ട്.

ഇസ്രയേലുമായുള്ള യൂറോപ്യൻ യൂണിയന്റെ വ്യാപാര നയം വളരെ പ്രധാനപ്പെട്ടതാണ്, കാരണം ഇസ്രയേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷം ഇസ്രയേൽ നടത്തിയ മൊത്തം ചരക്കു വ്യാപാരത്തിന്റെ 31.7% വും യൂറോപ്യൻ യൂണിയനുമായാണ്.

ജറുസലേമിന് കിഴക്കുള്ള ഇ വൺ (E1) പ്രദേശത്ത് 1,200-ഓളം കുടിയേറ്റ ഭവനങ്ങൾ നിർമിക്കുന്നതിനായുള്ള ടെൻഡറുകൾ ഇസ്രയേൽ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങൾ ഉപരോധങ്ങളുമായി എത്തുന്നത്.