വാഷിങ്ടൺ: ഇന്ത്യക്കെതിരേ വീണ്ടും 'ട്രംപൻ പണി' വരുന്നതായി സൂചന. ഇത്തവണ ഐടി മേഖല ലക്ഷ്യമിട്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. യുഎസ് ഐടി കമ്പനികളിൽനിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട് സോഴ്സിങ് നിർത്തലാക്കാൻ ട്രംപ് ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  തീരുവ വർധിപ്പിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ് വീണ്ടും ഇന്ത്യക്കെതിരേ തിരിയുകയാണ്. 

To advertise here,

ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാൻ ട്രംപ് ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വെളിപ്പെടുത്തൽ ശരിവെക്കുംവിധത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമല്ല ലോറ ലൂമർ. 

യുഎസ് ഐടി കമ്പനികള്‍, തങ്ങളുടെ ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് തടയാന്‍ ട്രംപ് ആലോചിക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇംഗ്ലീഷിനു വേണ്ടി ഇനി 2 അമര്‍ത്തേണ്ടിവരില്ല, ലോറ എക്‌സിൽ കുറിച്ചു. 

ട്രംപ് ഭരണകൂടം തീരുമാനം നടപ്പിലാക്കിയാൽ ഇന്ത്യൻ ഐടി മേഖലയ്ക്ക് ഇത് വൻ തിരിച്ചടിയായിരിക്കും. യുഎസ് ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഔട്ട് സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിൽ ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. വൻതോതിൽ തൊഴിൽ നഷ്ടത്തിലേക്ക് ഇത് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളോ വിവരങ്ങളോ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

എല്ലാ വിദേശ വിദൂര തൊഴിലാളികൾക്കും ഔട്ട്സോഴ്സിങ്ങിനും  താരിഫ് ഏർപ്പെടുത്തണമെന്ന് അമേരിക്കൻ ആക്ടിവിസ്റ്റ് ജാക്ക് പോസോബിക് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് വൈറ്റ് ഹൌസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ റീ പോസ്റ്റ് ചെയ്തിരുന്നു.