ന്യൂഡൽഹി: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കിടയിൽ, റഷ്യൻ ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും സംയുക്ത ഖനനത്തെക്കുറിച്ച് ട്രംപ് ഭരണകൂടം റഷ്യയുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കുമേൽ 50 ശതമാനം അധികത്തീരുവ ചുമത്തിയത് നടപ്പാവുമ്പോഴാണ് സമാധാന ചർച്ചകളുടെ മറവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ നീക്കങ്ങൾ പുറത്തുവരുന്നത്.
റഷ്യയിൽ നിന്ന് ക്രൂഡോയിലും പ്രകൃതിവാതകവും ഖനനം ചെയ്യാനും ഊർജ്ജ കയറ്റുമതി സുഗമമാക്കാനുമുള്ള ഇടപാടുകൾക്കാണ് ട്രംപ് ശ്രമിച്ചത്. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിലൂടെ ഇന്ത്യ, റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്ക് ഇന്ധനം നൽകുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. റഷ്യൻ ക്രൂഡോയിൽ വാങ്ങിയതിനുള്ള ശിക്ഷയായി, നിലവിലുണ്ടായിരുന്ന 25 ശതമാനം താരിഫിന് പുറമെ 25 ശതമാനം അധികത്തീരുവയും അദ്ദേഹം ചുമത്തിയിരുന്നു. എന്നാൽ ,ട്രംപും ഇതേ കാര്യം ചെയ്യാൻ പദ്ധതിയിട്ടിരുന്നതായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയെ ശിക്ഷിക്കുമ്പോഴും റഷ്യയുമായി ഊർജ്ജ ഇടപാടുകൾക്ക് ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചു. അമേരിക്കൻ ബഹുരാഷ്ട്ര പ്രകൃതിവാതക കമ്പനിയായ എക്‌സോൺ മൊബിൽ റഷ്യയുടെ സഖാലിൻ-1 എണ്ണ-വാതക പദ്ധതിയിൽ പങ്കാളിയാവാനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് ഭരണകൂടം ചർച്ച ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ കിഴക്കൻ മേഖലയിലുള്ള സഖാലിൻ-1 എണ്ണ-വാതക പദ്ധതി രാജ്യത്തെ ഏറ്റവും വലിയ ഊർജ്ജ ഖനന കേന്ദ്രങ്ങളിലൊന്നാണ്. ഉപരോധം ഏർപ്പെടുത്തുന്നതിന് മുൻപ്, ഇത് റഷ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായിരുന്നു. ഇന്ത്യയ്ക്കൊപ്പം അമേരിക്കയും ജപ്പാനും ഇതിൽ പങ്കാളികളായിരുന്നു. ഇതിനുപുറമെ, നിലവിൽ ഉപരോധം നേരിടുന്ന ആർട്ടിക് എൽഎൻജി 2 പോലുള്ള സ്ഥലങ്ങളിലെ വാതക ഖനനത്തിനായി യുഎസ് ഉപകരണങ്ങൾ വിൽക്കുന്നതിനും ട്രംപ് ഭരണകൂടം താൽപ്പര്യം പ്രകടിപ്പിച്ചതായി വാർത്താ ഏജൻസി അറിയിച്ചു.
റഷ്യയിൽ നിന്ന് ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഐസ്‌ബ്രേക്കർ കപ്പലുകൾ വാങ്ങാൻ ട്രംപ് ഭരണകൂടം സന്നദ്ധത അറിയിച്ചതായി മുൻപ് വാർത്തകൾ വന്നിരുന്നു. ഈ മാസം ആദ്യം യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ മോസ്‌കോ സന്ദർശനവേളയിലാണ് ഈ ചർച്ചകൾ നടന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിനുമായും അദ്ദേഹത്തിന്റെ പ്രതിനിധി കിറിൽ ദിമിത്രിവുമായും സ്റ്റീവ് വിറ്റ്‌കോഫ് കൂടിക്കാഴ്ച നടത്തി. പിന്നീട് ഇതിന്റെ വിശദാംശങ്ങൾ വൈറ്റ് ഹൗസിൽ ട്രംപുമായി ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Reports reveal Trump discussed joint oil exploration with Russia while imposing tariffs on India
Published: 27 Aug 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented