വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആണവയുദ്ധം തടയാൻ വ്യാപാരനയം ഉപയോഗിച്ചുവെന്ന അവകാശവാദം ആവർത്തിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യയും ഇറാനും തമ്മിൽ മാറിപ്പോയി. പാകിസ്താനുമായി ബന്ധപ്പെട്ട സംഭവം പരാമർശിക്കുമ്പോഴാണ് ഇന്ത്യയ്ക്കു പകരം ഇറാൻ എന്ന് ട്രംപ് പറഞ്ഞത്.
'ഉദാഹരണത്തിന്, പാകിസ്താനെയും ഇറാനെയും നോക്കൂ. ഞാൻ ഇറാനുമായി ഒരു വ്യാപാര കരാറിനായി ചർച്ച നടത്തുകയാണെന്ന് അവരോട് പറഞ്ഞു, പാകിസ്താൻ പിന്നാലെ ഉണ്ടാകുമെന്നും. തീരുവകൾ കാരണം, അവരെല്ലാം വളരെ വ്യത്യസ്തമായി ചർച്ച ചെയ്യാൻ ആഗ്രഹിച്ചു. പിന്നീട് അവർ പരസ്പരം വെടിയുതിർക്കുന്നുവെന്ന് ഞാൻ കേട്ടു. ഞാൻ ചോദിച്ചു, നിങ്ങൾ യുദ്ധത്തിന് പോകുകയാണോ?' ട്രംപ് പറഞ്ഞു.
യുദ്ധത്തിന് പോയാൽ 200 ശതമാനം താരിഫ് ചുമത്തുമെന്നും അമേരിക്കയുമായി വ്യാപാരം നടത്തുന്നതിൽനിന്ന് വിലക്കുമെന്നും ഇരുവിഭാഗത്തിനും മുന്നറിയിപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. '24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിച്ചു. അതൊരു ആണവയുദ്ധം ആകുമായിരുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം നിർത്തിയതിന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോടു നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. 'നിങ്ങൾ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ പ്രധാനമന്ത്രി വളരെ മനോഹരമായി പറഞ്ഞു. ഈ ഓഫീസിലെ ഒരു കൂട്ടം ആളുകളോടാണ് അദ്ദേഹം അത് പറഞ്ഞത്, പ്രസിഡന്റ് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചുവെന്ന്.' ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള സംഘർഷത്തെക്കുറിച്ചാണ് ഷെരീഫ് പരാമർശിച്ചതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. 'അദ്ദേഹം പരാമർശിക്കുന്നത് ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു എന്ന വസ്തുതയാണ്. അത് വളരെ അടുത്തെത്തിയിരുന്നു. ഏഴ് വിമാനങ്ങൾ അവർ വെടിവച്ചിട്ടു.' ട്രംപ് അവകാശപ്പെട്ടു.
ചൈനയുമായി അമേരിക്ക നീണ്ട വ്യാപാര യുദ്ധത്തിലേക്ക് പോവുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് ഇങ്ങനെ മറുപടി പറഞ്ഞു. 'ഞങ്ങൾക്ക് 100 ശതമാനം തീരുവ ഉണ്ട്. ഞങ്ങൾക്ക് തീരുവനയം ഇല്ലായിരുന്നെങ്കിൽ, നമ്മൾ ഒന്നുമല്ലാത്തവരായി മാറുമായിരുന്നു. നമുക്ക് ഒരു പ്രതിരോധവും ഉണ്ടാകുമായിരുന്നില്ല. അവർ നമുക്കെതിരെ തീരുവ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അത് ചെയ്യേണ്ടതിന്റെ ആവശ്യകത തോന്നിയ ആരും ആ കസേരയിൽ ഇതുവരെ ഇരുന്നിട്ടില്ല.'
'എട്ട് യുദ്ധങ്ങളിൽ അഞ്ചോ ആറോ എണ്ണം അവസാനിപ്പിച്ചതിന് തീരുവ നേരിട്ട് കാരണമാണെന്ന് ഞാൻ പറയും. തീരുവകൾ ഇല്ലായിരുന്നെങ്കിൽ, ലോകമെമ്പാടും യുദ്ധങ്ങൾ നടക്കുമായിരുന്നു.' അദ്ദേഹം പറഞ്ഞു
Content Highlights: Donald Trump claims his trade policy prevented a nuclear war between India and Pakistan, but mistakenly referred to Iran instead of India in his remarks. Learn more about the alleged incident.
Published: 16 Oct 2025, 10:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented